തിരുവനന്തപുരം: ജയ്‌പൂര്‍ ആസ്ഥാനമായുള്ള ദക്ഷിണ പശ്ചിമ സേന കമാന്‍ഡ് മേധാവിയായി മലയാളിയായ ലഫ്. ജനറല്‍ ചെറിഷ് മാത്സന്‍ ഇന്നു ചുമതലയേല്‍ക്കും. ഇന്ത്യന്‍ അധീനതയിലുള്ള ഭൂപ്രദേശം സംരക്ഷിക്കാനും പാകിസ്ഥാനില്‍ നിന്നുള്ള ആക്രമണം ചെറുക്കുവാനുള്ള കമാന്‍ഡാണിത്. പത്തനംതിട്ട ഇരവിപേരൂര്‍ ശങ്കരമംഗലം കുടുംബാംഗമായ ഇദ്ദേഹം പരേതരായ ഉമ്മന്‍ മലയ്‌ന്റെയും സൂസി ഉമ്മന്റെയും മകനാണ്.
കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ സംഭാവനയായ ലഫ്. ജനറല്‍ 1980 ജൂണില്‍ 7 ഗര്‍വ്വാള്‍ റെജിമെന്റില്‍ കമ്മീഷന്‍ ചെയ്തു. വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സര്‍വ്വീസ് കോളേജില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം മൗണ്ട്അബുവിലെ ആര്‍മി വാര്‍ കോളേജില്‍ നിന്ന് സീനിയര്‍ കമാന്‍ഡ് കോഴ്‌സും സെക്കന്ദരാബാദില്‍ നിന്ന് ഡിഫന്‍സ് മാനേജ്‌മെന്റ് കോഴ്‌സും പൂര്‍ത്തിയാക്കി.
ന്യൂദല്‍ഹി നാഷണല്‍ ഡിഫന്‍സ് കോളേജിലും 2006ല്‍ സൗത്ത് ആഫ്രിക്കയിലെ പ്രിറ്റോറിയായില്‍ നടന്ന നാഷണല്‍ ഡിഫന്‍സ് കോളേജ് കോഴ്‌സിലും പരിശീലനം നേടിയിട്ടുണ്ട്.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍, വടക്കു കിഴക്കന്‍ വിഘടനവാദികള്‍ക്കെതിരായ സൈനിക നടപടി എന്നിവയില്‍ പങ്കെടുത്ത് ഇദ്ദേഹം സിയാച്ചിനിലും ജമ്മു കാശ്മീരിലെ അതിര്‍ത്തി മേഖലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 മെയ് മുതല്‍ 2009 ഒക്‌ടോബര്‍ വരെ തിരുവനന്തപുരം പാങ്ങോട് സ്റ്റേഷന്‍ കമാന്‍ഡര്‍ ആയിരുന്നു. ഭോപ്പാല്‍ ആസ്ഥാനമായുള്ള സുദര്‍ശന്‍ചക്ര കോര്‍ കമാന്‍ഡറായി സേവനമനുഷ്ഠിച്ചുവരുകയാണ്.
ലഫ് ജനറലിന്റെ ഭാര്യ മറീനാ മാത്സന്‍ വിമുക്തഭടന്മാരുടെയും വിധവകളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടുന്നു. ഗഡിയോണ്‍ തോമസാണ് മകന്‍.
















