ആലപ്പുഴ: തകര്‍ന്നു കിടന്നിരുന്ന മാമ്പുഴക്കരി-എടത്വ റോഡില്‍ 118 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു.
കിടങ്ങറ-നീരേറ്റുപുറം റോഡിലെ കുഴികളടയ്‌ക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ടാറിങ് മഴയ്‌ക്കു ശേഷം ആരംഭിക്കും. രാമങ്കരി കടത്തു കടവ് മുതല്‍ വടക്കേക്കര വരെ നിര്‍മ്മിക്കേണ്ട പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കുന്നതിന് 12 ലക്ഷം രൂപയുടെ ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ആലപ്പുഴ നഗരസഭയില്‍ കുടിവെള്ളം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിച്ചതായി വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. കുടിവെള്ള വിതരണത്തിനായി മുന്‍കൂറായി പണമടച്ചിട്ടുള്ള ചേര്‍ത്തല നഗരസഭയില്‍ വാട്ടര്‍ അതോറിറ്റിയുമായി എഗ്രിമെന്റ് വയ്‌ക്കുന്ന മുറയ്‌ക്ക് ജലവിതരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ആലപ്പുഴ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ആരോഗ്യ വകുപ്പു ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതായും താല്‍ക്കാലികമായി രണ്ട് ഡോക്ടര്‍മാരെ നിയമിച്ചിട്ടുള്ളതായും ഡിഎംഒ(ആരോഗ്യം) അറിയിച്ചു.
















