തിരുവനന്തപുരം: പനയോലയില്‍ നാരായം കൊണ്ട് കുറിച്ചിട്ട തിരുവിതാംകൂറിന്റെ ആധികാരിക രേഖ. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തിന്റെ നിലവറത്താഴുകള്‍ പൊളിച്ചു നോക്കാന്‍ മത്സരിക്കുന്നവര്‍ മറയ്‌ക്കുകയാണ് മതിലകം രേഖകള്‍.
പ്രാചീന മലയാളത്തിന്റെ ലിപി പരിണാമം പുതുതലമുറയ്‌ക്ക് വായിച്ചു പഠിക്കാന്‍ മതിലകത്തിന്റെ വാക്കുകള്‍ കോര്‍ത്തിണക്കി ഒരു നിഘണ്ടു ഉണ്ടാകണമെന്ന ചരിത്രകാരന്മാരുടെ ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.
‘ചീവെലി പെരുമാള്‍ക്ക് ചാത്തിന മാണിക്യവും മരതകവും നീലവും വൈരവും ചേര്‍ന്ന പൊന്നലി പട്ടത്തലി, വലിയ തിരുപ്പട്ടം, ചെങ്ങഴനീര്‍ മല, പൊന്മണിതാ വട്ടം, പവിഴതാവട്ടം..’- പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പടിഞ്ഞാറെനട ഗോപുര മുകളില്‍ നശിച്ചുകൊണ്ടിരിക്കുന്ന മതിലകം രേഖകളിലെ പരാമര്‍ശങ്ങളാണിത്. ശ്രീപത്മനാഭന് നടയ്‌ക്കുവച്ച ആഭരണക്കണക്ക്, ഭണ്ഡാര രഹസ്യങ്ങള്‍, റവന്യൂ രേഖകള്‍, ആചാര വര്‍ണ്ണനകള്‍, തായ്‌വഴി ബന്ധങ്ങള്‍, കല്‍പ്പനകള്‍ തുടങ്ങി എല്ലാം മതിലകത്തിലുണ്ട്. വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥവരി, തമിഴ് ലിപികളിലാണ് വിവരണങ്ങള്‍.
എഡി 1425 ല്‍ വീര ഇരവിവര്‍മ്മന്റെ കാലം മുതല്‍ സൂക്ഷിക്കപ്പെട്ടതെന്ന് കരുതുന്ന അമൂല്യ ഗ്രന്ഥങ്ങള്‍. കടലാസ് പ്രചാരത്തില്‍ വരുന്നതിന് കാലങ്ങള്‍ക്ക് മുന്‍പ് പനയോല ചീളുകള്‍ പുഴുങ്ങി, മഞ്ഞള്‍ പുരട്ടി ഉണക്കിയെടുത്ത് നാരായം കൊണ്ടെഴുതിയ ചരിത്ര സത്യങ്ങള്‍.
ആയിരം പനയോലകള്‍ ചേര്‍ത്തു കെട്ടിയ 3000 താളിയോല കെട്ടുകളാണ് ഇപ്പോള്‍ പടിഞ്ഞാറെനട ഗോപുര മുകളിലുള്ളത്. പുരാരേഖ വകുപ്പ് ഡിജിറ്റൈസ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന 3.5 ലക്ഷം താളിയോല കെട്ടുകള്‍ക്ക് പുറമേയാണിത്. മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍ മതിലകം രേഖകളില്‍ ഒരു ഭാഗം മൊഴിമാറ്റിയിട്ടുണ്ട്. പക്ഷേ ശേഷിക്കുന്നവ അര്‍ത്ഥം തിരിയാത്ത അക്ഷര രഹസ്യമായി തുടരുന്നു.
മലയാളം സര്‍വ്വകലാശാല നിലവില്‍ വന്നതോടെ മതിലകം രേഖകള്‍ വരുംതലമുറയ്‌ക്ക് പഠന ഗ്രന്ഥമായി തീരുമെന്ന് പലരും മോഹിച്ചു. പ്ലാവില തൊപ്പിയും കാളവണ്ടി യാത്രയുമാണ് പഴമയുടെ വസന്തമെന്ന കണക്കുകൂട്ടലിലാണ് ഇന്നും മലയാളം സര്‍വ്വകലാശാല.
















