പത്തനാപുരം: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി ദൂരുഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആത്മഹത്യയാകാമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മോഷണശ്രമത്തിനു സൂചനകള്‍ ഇല്ല. എന്നാല്‍ കൊലപാതകശ്രമം പോലീസ് തള്ളിക്കളയന്നതുമില്ല. മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പുനലൂര്‍ സിഐ ബിനു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം സ്വദേശിയായ റിന്‍സി ബിജുവിനെയാണ്(16) കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ വീടിനുള്ളിലെ കിടപ്പുമുറിയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മ്യതദേഹം ഞായറാഴ്ച വൈകിട്ട് നാലിനോടെ അലിമുക്ക് സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കരിച്ചു.
മകളുടെ കഴുത്തിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടതായും മുറിയ്‌ക്കുള്ളില്‍ ആരോ പ്രവേശിച്ചിട്ടുണ്ടെന്നും അമ്മ ബീന നല്‍കിയ മൊഴിയില്‍ പറയുന്നു. ഇന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വീണ്ടും ചോദ്യം ചെയ്യും. ശാസ്ത്രീയ പരിശോധനയുടെയും വിരലടയാള വിദഗ്ധരുടെയും റിപ്പോര്‍ട്ടും ഉടന്‍ പോലീസിന് കൈമാറും.
















