തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തിക ലഭിക്കാന്‍ 26 ലക്ഷം കോഴപ്പണം കൈക്കലാക്കിയ ഇടതുപക്ഷ യൂണിയന്‍ നേതാക്കള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്ന കത്ത് പുറത്തായി. പാര്‍ട്ടിയിലെ ഉന്നത നേതാവാണ് മാധ്യമങ്ങള്‍ക്ക് കത്ത് ചോര്‍ത്തിക്കൊടുത്തത്.
ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നേതാക്കള്‍ നടത്തിവരുന്ന തീവെട്ടിക്കൊള്ള അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷനിലെ അംഗം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. കഴിഞ്ഞ കുറേ കൊല്ലമായി ദേവസ്വം അംഗീകൃത യൂണിയനെ തെരഞ്ഞെടുക്കുവാനുള്ള ‘റഫറണ്ട’ത്തില്‍ കോണ്‍ഫെഡറേഷന്റെ തോല്‍വിക്ക് കാരണം നേതാക്കളുടെ അഴിമതിയും തീവെട്ടിക്കൊള്ളയും സ്വജനപക്ഷപാതവുമാണെന്ന് കത്ത് വ്യക്തമാക്കുന്നു.
ജീവനക്കാരുടെ അവകാശസംരക്ഷണത്തില്‍ പരാജയപ്പെട്ട നേതാക്കള്‍ സ്ഥാനമാനങ്ങളും ധനസമ്പാദനവും മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ സംഘടന ജീവനക്കാരില്‍ നിന്ന് ഏറെ അകന്നുകഴിയുന്നതായും കത്ത് പരാമര്‍ശിക്കുന്നു. കോഴ കൊടുത്തവരുടെ പേരും തുകയും അക്കമിട്ട് നിരത്തിയാണ് പരാതി.
ദേവസ്വം മെമ്പര്‍ രാഘവന് 10 ലക്ഷവും കൂടാതെ ദേവസ്വം മന്ത്രിക്കും സിപിഎം സംസ്ഥാന കമ്മിറ്റിക്കും നല്കാനെന്ന് പറഞ്ഞ് രാഘവന്റെ പ്രൈവറ്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍, മറ്റൊരു സെക്രട്ടറി ഉണ്ണിക്കുട്ടന്‍ എന്നിവരാണ് കോഴവാങ്ങിയതെന്നു കത്തില്‍ വ്യക്തമാക്കുന്നു. ഇവര്‍ നടത്തിവരുന്ന ‘തീവെട്ടി’ കൊള്ളയ്‌ക്കെതിരെ വിശദമായ അന്വേഷണം പാര്‍ട്ടിതലത്തിലും സര്‍ക്കാര്‍തലത്തിലും നടത്തി കടുത്ത നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അഴിമതിക്കാരായ നേതാക്കളെല്ലാം ഇടതുപക്ഷ ദേവസ്വം അംഗമായ രാഘവന്റെ ചുറ്റും കൂടിയിരിക്കുന്നതായും കത്ത് കുറ്റപ്പെടുത്തുന്നു. യുഡിഎഫ് ഭരണത്തിലിരുന്നപ്പോള്‍ അവരുടെ ആശ്രിതരായി നിന്ന നേതാക്കള്‍ ഇപ്പോള്‍ ഇടതുസംഘടനയുടെ തലപ്പത്ത് സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ബോര്‍ഡ് അംഗം രാഘവന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്ക് നല്‍കുന്നതിനെന്നു പറഞ്ഞാണ് 26 ലക്ഷം രൂപയുടെ പണപ്പിരിവ് നടത്തിയത്. വരുമാനമുള്ള മേജര്‍ ക്ഷേത്ര നടത്തിപ്പിലൂടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ അക്കൗണ്ടിലേക്കെത്തുന്ന ലക്ഷക്കണക്കിന് രൂപയുടെ കണക്ക് നിരത്തിയാണ് അതിലൊരു വിഹിതം പാര്‍ട്ടിക്കും നേതാക്കള്‍ക്കും വേണമെന്നാവശ്യപ്പെട്ട് പിരിവ് നടത്തിയിട്ടുള്ളത്.
പതിറ്റാണ്ടുകളായി ദേവസ്വം ബോര്‍ഡില്‍ ഇടതുനേതാക്കള്‍ നടത്തിവരുന്ന അഴിമതിക്കെതിരെ ഇതിനകം നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ദേവസ്വം കോണ്‍ഫെഡറേഷനിലെ അംഗങ്ങള്‍ പരാതി ഉന്നയിച്ചപ്പോഴെല്ലാം ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്നും കത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് പുറമെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ദേവസ്വത്തിലെ കോഴ വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കും നേതൃത്വത്തിനും വലിയ തലവേദന സൃഷ്ടിക്കുമെന്നതിനാല്‍ പ്രശ്‌നം ഒതുക്കിതീര്‍ക്കുവാന്‍ അണിയറയില്‍ കൊണ്ടുപിടിച്ച് ശ്രമങ്ങളാണ് നടക്കുന്നത്.
















