കാന്തന്‍ സിനിമയില്‍ നിന്നുള്ള രംഗത്തില്‍ ദയാഭായിയും മാസ്റ്റര്‍ പ്രജിത്തും
കണ്ണൂര്‍: കേരളത്തില്‍ പുരുഷാധിപത്യം കൂടുതലാണെന്നും അതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും സാമൂഹ്യപ്രവര്‍ത്തക ദയാഭായി. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ ദയാഭായ് അഭിനയിച്ച കാന്തന്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു അവര്‍. കേരളത്തില്‍ നടക്കുന്നത് ലൈംഗിക അതിക്രമങ്ങളാണ്.
പുറംമോഡിയിലാണ് എല്ലാവര്‍ക്കും താല്‍പര്യം. ആളുകളുടെ അകം കാണാന്‍ ആരും ശ്രമിക്കുന്നില്ല. താന്‍ വേഷത്തില്‍ ശ്രദ്ധിക്കാത്തതിനാലാണ് തനിക്ക് വിവിധ മേഖലകളില്‍ അവഗണന നേരിടുന്നത്. ട്രെയിനില്‍ റിസര്‍വ്വേഷന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്രചെയ്യുമ്പോള്‍ ടിടിമാരില്‍ നിന്ന് നിരവധി തവണ അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്. നിങ്ങള്‍ എന്തിനാണ് ഇവിടെ കയറിയിരിക്കുന്നത്, നിങ്ങള്‍ക്കെന്താണ് യോഗ്യതയെന്നാണ് ടിടിമാര്‍ ചോദിക്കുക. റിസര്‍വ്വേഷന്‍ ടിക്കറ്റുണ്ടോയെന്ന് ആരും അന്വേഷിക്കാറില്ല. റിസര്‍വ്വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പോലും ആവശ്യപ്പെട്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും ദയാഭായി പറഞ്ഞു.
തന്റെ സമീപത്തിരിക്കുന്ന ചിലര്‍ തന്നെ അറപ്പോടെ നോക്കിക്കാണാറുണ്ട്. കേരളത്തില്‍ ഒരു പൊതുചടങ്ങിനിടെ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി തന്റെ സമീപത്തെ കസേരയില്‍ ഇരുന്നപ്പോള്‍ അടുത്തിടപഴകാന്‍ തയ്യാറായില്ല. തന്റെ വേഷം കണ്ടപ്പോള്‍ തന്നെ ശ്രദ്ധിക്കാന്‍ പോലും തയ്യാറാകാതെ മുഖം തിരിച്ചിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ വന്ന് തന്റെ ഫോട്ടോയെടുക്കാന്‍ ആരംഭിച്ചപ്പോഴാണ് അദ്ദേഹം തന്നെക്കുറിച്ച് അന്വേഷിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ തന്നെ പരിഗണിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹം തന്നെ ശ്രദ്ധിച്ചത്. നോര്‍ത്ത് ഇന്ത്യയില്‍ ഇത്തരം അനുഭവങ്ങളുണ്ടാകാറില്ല. വെറുതെ മുഖം കാണിക്കാനോ മാധ്യമശ്രദ്ധ ലഭിക്കുന്നതിനു വേണ്ടിയോ സമരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ല. സിനിമയിലഭിനയിച്ച് പരിചയമുള്ളതുകൊണ്ടല്ല താന്‍ കാന്തന്‍ എന്ന സിനിമയിലഭിനയിച്ചത്. തന്റെ ജീവിതം തന്നെയായിരുന്നു കാന്തന്‍ എന്ന സിനിമ. സിനിമയില്‍ താന്‍ അഭിനയിക്കുകയായിരുന്നില്ലെന്നും ജീവിക്കുകയായിരുന്നുവെന്നും ദയാഭായി പറഞ്ഞു. സിനിമ സംവിധായകന്‍ ഷെറീഫ് ഈസ, തിരക്കഥ തയ്യാറാക്കിയ പ്രമോദ് കൂവേരി, മാസ്റ്റര്‍ പ്രജിത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















