കൊച്ചി: ഭൂമിയില്‍ കൃത്യമായ ചരിത്രമില്ലാത്ത സ്ഥലമാണ് കേരളമെന്ന് സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റും, സാഹിത്യകാരനുമായ സി. രാധാകൃഷ്ണന്‍. വക്കം മൗലവി നവോത്ഥാന പഠന കേന്ദ്രം സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുഞ്ചത്ത് എഴുത്തച്ഛനെ കുറിച്ച് ഒരു പുസ്തകമെഴുതാന്‍ പുറപ്പെട്ടപ്പോഴാണ് ഇക്കാര്യം മനസ്സിലായത്.
1575ല്‍ നിര്യാതനായ എഴുത്തച്ഛന്റെ പേര് പോലും കേരളത്തിലെ ചരിത്ര രേഖകളില്‍ എഴുതപ്പെട്ടിട്ടില്ല. ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ വച്ചാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. എന്നാല്‍, ഇതിന് പകരം കേരളീയത എന്ന സംസ്‌കൃതിയുടെ വേര് അന്വേഷിച്ചാണ് യാത്ര നടത്തേണ്ടത്. ആദ്യത്തെ കേരളീയന്‍ ആരാണ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ തമിഴനും, ബീഹാറിക്കും ഈ ചോദ്യത്തിനുള്ള ഉത്തരമുണ്ട്.
കേരള സംസ്‌കൃതി ഉരുത്തിരിഞ്ഞത് വിവിധ ആശയങ്ങളും സംസ്‌കാരങ്ങളും ഒരു മൂശയില്‍ വാര്‍ത്തെടുത്തത് കൊണ്ടാണ്. കേരളീയരെ പോലെ വിവിധ സംസ്‌കാരങ്ങളെ സ്വീകരിച്ച ജനത ലോകത്ത് വെറേയില്ലെന്നും അദ്ദേഹം പറഞ്ഞു. വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ.വി.കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ എ. സുഹൈര്‍ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ഡോ കായംകുളം യൂനുസ്, എന്‍.കെ.എ. ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
















