പാലക്കാട്: സംസ്ഥാനത്ത് നിരോധിച്ച മിസോറാം ലോട്ടറിയുടെ അഞ്ച് കോടിയിലേറെ ടിക്കറ്റുകള്‍ പിടിച്ചെടുത്തു. പാലക്കാട് ഗോഡൗണില്‍ നിന്നാണിത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് വില്‍പ്പനയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കസബ പോലീസ് ഗോഡൗണ്‍ റെയ്ഡ് ചെയ്‌ത്ത്. 190 കോടി രൂപയുടെ ടിക്കറ്റാണിത്. വിവാദ ലോട്ടറി ഏജന്റ് സാന്റിയാഗോ മാര്‍ട്ടിന്റേതാണ് ടിക്കറ്റ്.
കസബ സിഐ ആര്‍. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസാണ് കഞ്ചിക്കോട് കുരുടിക്കാട്ടെ വാടകക്കെട്ടിടത്തിലും ഗോഡൗണിലും പരിശോധന നടത്തിയത്. ഇരുനില കെട്ടിടത്തിന്റെ മുകള്‍നിലയില്‍ 1,335 ചാക്കുകളിലായാണു ടിക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. ഇവയുടെ മുഴുവന്‍ രേഖകളും പരിശോധനയ്‌ക്ക് ശേഖരിച്ചു. രേഖകളില്‍ കൃത്രിമം കണ്ടെത്തിയാലേ നടപടിയുണ്ടാകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗോഡൗണ്‍ പൂട്ടി സീല്‍ വച്ചു.
ഇവിടെ നിന്നു പിടിച്ചെടുത്ത രേഖകള്‍ ജിഎസ്ടി അധികൃതരും പോലീസും പരിശോധിക്കുകയാണ്. ഒരു ടിക്കറ്റിന് 35 രൂപയുള്ള ലോട്ടറിയാണ് സൂക്ഷിച്ചിരുന്നത്. ആഗസ്റ്റ് ഏഴ് മുതല്‍ 13 വരെ കേരളത്തില്‍ വില്‍ക്കാനുള്ള ടിക്കറ്റാണ് ഇതെന്ന് പോലീസ് പറഞ്ഞു. ടീസ്റ്റ എന്ന മൊത്തവിതരണക്കാരാണ് മിസോറാം ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാര്‍. അനധികൃതമായി ലോട്ടറി വിറ്റ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ജിഎസ്ടി നിലവില്‍ വന്നതിനാല്‍ നികുതി അടയ്‌ക്കുന്ന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാമെന്നാണ് ഉടമസ്ഥരുടെ വാദം. എന്നാല്‍, ഇതിന് നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കായില്ല.
ടീസ്റ്റ ലോട്ടറിയുടെ വിതരണക്കാരന്‍ ദല്‍ഹി സ്വദേശി ജെഗ്മാല്‍ മേത്ത (43), കണ്ണൂര്‍ സ്വദേശിയും പശ്ചിമ ബംഗാളിലെ താമസക്കാരനുമായ ഗിരീഷ് (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശി മൂര്‍ത്തി എന്നയാളെ പിടികൂടാനുണ്ട്. സംസ്ഥാന ലോട്ടറി ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. ജിഎസ്ടി അടച്ചോയെന്ന് ഉറപ്പാക്കാന്‍ മിസോറാം ധനസെക്രട്ടറിക്ക് കത്തയയ്‌ക്കുമെന്ന് പോലീസ് പറഞ്ഞു.
മിസോറാം ലോട്ടറി ആഗസ്റ്റ് ഏഴു മുതല്‍ കേരളത്തില്‍ നറുക്കെടുപ്പ് തുടങ്ങുമെന്ന് പരസ്യം ചെയ്തിരുന്നു. നിയമവിരുദ്ധമായി വിതരണം ചെയ്യുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറിക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞിരുന്നു.
















