കോഴിക്കോട്: ഔദ്യോഗിക രഹസ്യങ്ങള്‍ വിളിച്ചുപറയുന്നത് അന്തസില്ലായ്‌മയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്താണ് ടി.പി. സെന്‍കുമാറിനെ പേരെടുത്തുപറയാതെയുള്ള വിമര്‍ശനം.
മതനിരപേക്ഷതയ്‌ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവര്‍ത്തനം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ശരിയല്ല. ചോറിവിടെയും കൂറവിടെയുമാണെന്നുള്ളതാണ് ചിലരുടെ പ്രവര്‍ത്തന ശൈലി. അടിമയുടമ ബന്ധം പോലെയാവരുത് പോലീസ് സേനയിലെ ഉദ്യോഗസ്ഥബന്ധം. മാന്യമായ പേരുമാറ്റം ഉണ്ടായാലെ സേനയോട് ജനങ്ങള്‍ക്കും താത്പര്യം ഉണ്ടാകു. വിദ്യാസമ്പന്നരും അന്വേഷണങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ കഴിവുള്ളവരും ചുമതലകളോട് നിശ്ചയദാര്‍ഢ്യത്തോടെ കാണുന്നവരുമാണ് കേരള പോലീസെന്നും സ്പീക്കര്‍ പറഞ്ഞു.
സമ്മേളനത്തില്‍ കെപിഒഎ സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ മുഖ്യപ്രഭാഷണം നടത്തി. ആംഡ് പോലീസ് ബറ്റാലിയന്‍ ഡിഐജി ഷഫീന്‍ അഹമ്മദ്, എഐജി രാഹുല്‍ ആര്‍. നായര്‍, അസോസിയേഷന്‍ ഭാരവാഹികളായ ആര്‍. പ്രശാന്ത്, പി.ജി. അനില്‍കുമാര്‍, സി.ആര്‍. ബിജു തുടങ്ങിയവരും സംസാരിച്ചു.
















