പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസിലെ മഹസര്‍ സാക്ഷിയും അയല്‍വാസിയുമായ സാബു(38)വിനെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അന്വേഷണത്തിന്റെ ആരംഭത്തില്‍ സംശയ നിഴലിലായിരുന്ന സാബുവിനെ പോലീസ് നിരവധിതവണ ചോദ്യം ചെയ്യുകയും ക്രൂരമായി തല്ലിച്ചതക്കുകയും ചെയ്തിരുന്നു.
തുടര്‍ച്ചയായി 15 ദിവസമാണ് കസ്റ്റഡിയിലും അല്ലാതെയും സാബുവിനെ ചോദ്യം ചെയ്തത്.
ജിഷയെ കൊലപ്പെടുത്തിയത് പല്ലിന് വിടവുള്ള ആളാണെന്ന് പോലീസിന് സംശയമുടലെടുത്തതിനെ തുടര്‍ന്നാണ് സാബുവിനെ കസ്റ്റഡിയിലെടുത്തത്. ഇതേത്തുടര്‍ന്ന് സാബുവാണ് കൊലയാളിയെന്ന് നാട്ടില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വട്ടോളിപ്പടിയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു സാബു.
പോലീസ് കസ്റ്റഡിയിലെടുത്തതോടെ സാബുവാണ് കൊലയാളിയെന്ന തരത്തില്‍ നാട്ടില്‍ വാര്‍ത്തകള്‍ പരന്നു. മാനസികമായ ആഘാതത്തില്‍നിന്ന് താനിപ്പോഴും മോചിതനായിട്ടില്ലെന്നാണ് സാബു അന്ന് പറഞ്ഞത്. യഥാര്‍ത്ഥ പ്രതി പിടിയിലായതോടെ കൂടുതല്‍ ആശ്വസിച്ചത് സാബുവും മാതാപിതാക്കളുമായിരുന്നു.
ഇതിനിടെ ജിഷയുടെ അമ്മ സാബുവിനെ സംശയമുണ്ടെന്ന് പറഞ്ഞതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. അപ്പോഴും സാബുവാണ് പ്രതിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു.
സാബുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും. കഴിഞ്ഞ ദിവസം സാബുവും മാതാപിതാക്കളും തമ്മില്‍ കശപിശയുണ്ടായതായി പറയപ്പെടുന്നു. സാബുവിന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
















