തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പി.യു.ചിത്രയെ ലണ്ടനിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിനും അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ പ്രസിഡന്റ് അദില്ലെ ജെ സമ്മറി വാലയ്‌ക്കും ഇ-മെയിൽ സന്ദേശം അയച്ചു.
ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും തഴയപ്പെട്ട കേരള ത്തിന്റെ അഭിമാനതാരം ചിത്രയെ ലണ്ടനിലേക്ക് അയയ്‌ക്കാൻ അൽപം പോലും വൈകാതെ ആവശ്യമായ നടപടികളെടുക്കണമെന്നാണ് കത്തിൽ വി.എസ് ആവശ്യപ്പെട്ടിട്ടുള്ളത്. ഹൈക്കോടതിവിധിയ്‌ക്കെതിരെ അപ്പീൽ നൽകാനുള്ള അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ നീക്കം ഉപേക്ഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
















