തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസിനു നേരെയൂണ്ടായ ആക്രമണത്തില്‍ സിപിഎം – പോലീസ് ഉന്നതതല ഗൂഢാലോചന. ഇന്നലെ പുലര്‍ച്ചെ 1.15 ഓടെയാണ് അക്രമി സംഘം ബിജെപി ഓഫീസിനു മുന്നില്‍ എത്തുന്നത്. ഐ.പി.ബിനുവും പ്രജിന്‍ സാജ്കൃഷ്ണയുമാണ് ബൈക്കില്‍ ആദ്യം എത്തിയത്.
സംഘം എത്തുന്നതിനും മിനിട്ടുകള്‍ക്ക് മുമ്പ് മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്‌ഐ അടങ്ങുന്ന സംഘം പട്രോള്‍ ഡ്യൂട്ടിക്കെന്ന നിലയില്‍ ഓഫീസിനു സമീപത്ത് എത്തിയിരുന്നു. ബൈക്കിലെത്തിയ സംഘത്തെ സിവില്‍ പോലീസൂകാരന്‍ പ്രത്യുഞ്ജയകുമാര്‍ കൈ കാണിച്ചെങ്കിലും ബൈക്ക് നിര്‍ത്താതെ ബിജെപി ഓഫീസിനു മുന്നില്‍ നിര്‍ത്തി.
പ്രജിന്‍ സാജ്കൃഷ്ണയായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പുറകില്‍ ബേസ്ബാള്‍ ബാറ്റുമായി ഐ.പി.ബിനുവും. ബൈക്കിന്റെ നമ്പര്‍ മറച്ചിരുന്നു. ബൈക്കിനടുത്തെത്തിയ പോലീസുകാരന്‍ മറനീക്കി നമ്പര്‍ ശേഖരിക്കുന്നതിനിടയില്‍ ഐ.പി. ബിനു പോലീസുകാരനോട് തട്ടിക്കയറി. നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റുള്ള സംഘവും സ്ഥലത്തെത്തി.
ഇതിനിടയില്‍ ഓഫീസിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ ഗേറ്റ് തുറന്ന് നേരത്തെ പറഞ്ഞുറപ്പിച്ച പോലെ പുറത്തേക്കുപോയി. ഇതു വഴിയാണ് അക്രമി സംഘം ഓഫീസ് വളപ്പില്‍ കടന്നത്. ബാറ്റുപയോഗിച്ച് ഐ.പി.ബിനു കാറുകള്‍ അടിച്ചു തകര്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ വാഹനങ്ങള്‍ക്കും ഓഫീസിനും നേരെ കല്ലെറിയുകയായിരുന്നു. സിവില്‍ പോലീസൂകാരന്‍ പ്രത്യുഞ്ജയകുമാര്‍ അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ചെങ്കിലും സംഘം വളഞ്ഞിട്ട് അദ്ദേഹത്തെ മര്‍ദ്ദിച്ചു. സഹപ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നത് കണ്ട് മറ്റ് പോലീസുകാര്‍ നിഷ്‌ക്രിയരായി നിന്നു. ജീപ്പിലുണ്ടായിരുന്ന എസ്‌ഐയോ മറ്റ് പോലീസുകാരോ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ പോലൂം കൂട്ടാക്കിയില്ല.
കൃത്യം നിര്‍വ്വഹിച്ച് സംഘം പോയതിനു ശേഷമാണ് പോലീസ് പട്രോള്‍ സംഘം മടങ്ങിയത്. അക്രമം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപി സിസിടിവി ദൃശ്യം പുറത്ത് വിട്ടു. സിപിഎം നേതൃത്വം പ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പായതോടെ രണ്ടു മണിക്കൂറിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയുടെ മരുതംകുഴിയിലുള്ള വീടിനു നേരെ നാടന്‍ ബോംബേറ് നടത്തി. ബിജെപി ഓഫീസ് ആക്രമണത്തിനു ശേഷം നഗരത്തില്‍ പോലീസ് പിക്കറ്റ് ശക്തമാക്കിയ സാഹചര്യത്തിലാണ് ബോംബേറ്. ബോംബ് പൊട്ടിയില്ല. പോലീസ് തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് ബോംബ് കൊണ്ടു വച്ച ശേഷം ജനലുകള്‍ അടിച്ചു പൊട്ടിച്ചതെന്നാണ് കരുതുന്നു.
















