ഇടുക്കി: കേരള രാഷ്‌ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ പാപ്പാത്തിച്ചോല കൈയേറ്റം ഒഴിപ്പിക്കലിന് ചെലവായ തുക മൂന്ന് മാസത്തിന് ശേഷം നല്‍കി റവന്യൂ വകുപ്പ് കടം വീട്ടി. കാല്‍ ലക്ഷത്തോളം രൂപയാണ് കൈയേറ്റഭൂമിയിലെ കുരിശ് നീക്കി വസ്തു വീണ്ടെടുത്തയിനത്തില്‍ ചെലവായത്. ജെസിബി, ജീപ്പ്, ഉദ്യോഗസ്ഥരുടെ ആഹാരം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കാണ് പണം ചെലവായത്.
ഏപ്രില്‍ 20 ന് നടന്ന കൈയറ്റം ഒഴിപ്പിക്കലിന് ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷാജിയാണ് നേതൃത്വം നല്‍കിയത്. ജില്ലാഭരണകൂടം പണം നല്‍കാത്തതിനാല്‍ ചെലവായ തുക റവന്യൂ ഉദ്യോഗസ്ഥര്‍ കടം പറയുകയായിരുന്നു. ചിന്നക്കനാലിലെ ഹോട്ടല്‍ ഉടമയ്‌ക്കായിരുന്നു കൂടുതല്‍ പണം നല്‍കാനുണ്ടായിരുന്നത്. ഇവിടെ കടം പറഞ്ഞെങ്കിലും പണം ആവശ്യപ്പെട്ട് പലതവണ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ഹോട്ടല്‍ ഉടമ സമീപിച്ചിരുന്നു.
കൈയേറ്റം ഒഴിപ്പിക്കലിനായി ചെലവായ പണം നല്‍കാതെ റവന്യൂ വകുപ്പ് നടത്തുന്ന ഒളിച്ച് കളി ജന്മഭൂമി വാര്‍ത്തയാക്കിയിരുന്നു. പിടിച്ചെടുത്ത ഭൂമി സംരക്ഷിക്കുന്നതിനായി വേലി കെട്ടുന്നതിന് ഇതുവരെ പണം അനുവദിച്ചിട്ടില്ല. പാപ്പാത്തിച്ചോലയില്‍ പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഇവിടെ പോലീസിന്റെ സേവനവുമില്ല.
















