കൊച്ചി: പിഎഫ് ഫണ്ട് തുക കൈപ്പറ്റിയവര്‍ക്ക് പെന്‍ഷന്‍ ഫണ്ടിലേക്ക് തുക തിരിച്ചടച്ച് ഉയര്‍ന്ന പെന്‍ഷന്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പം ഇല്ലാതാക്കി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാനുള്ള നടപടി വേഗത്തിലാക്കണമന്ന് സീനിയര്‍ ജേണലിസ്റ്റ് ഫോറം ആവശ്യപ്പെട്ടു. സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്.
പിഎഫ് ഫണ്ടില്‍ നിക്ഷേപിച്ച തുകയില്‍ നിന്ന് ശമ്പളത്തിന്റെ 8.33 ശതമാനം വരെ പെന്‍ഷന്‍ ഫണ്ടിലേയ്‌ക്ക് മാറ്റുന്ന നടപടിയിലും പുരോഗതി യുണ്ടായിട്ടില്ല. വിരമിച്ചവരുടെ 1995 മുതലുള്ള ശമ്പളത്തിന്റെ കണക്കുകള്‍ തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്ന് നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന തൊഴില്‍ വകുപ്പ് ജാഗ്രത പാലിക്കണമെന്നും ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് ചികിത്സാ പദ്ധതി മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കും ബാധകമാക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് നടവട്ടം സത്യശീലന്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ. മാധവന്‍, വൈസ് പ്രസിഡന്റുമാരായ ഡോ.ടി.പി. മുഹമ്മദലി, സി.എം. കൃഷ്ണപണിക്കര്‍. വി.പ്രതാപചന്ദ്രന്‍, വര്‍ഗ്ഗീസ് കോയ്‌പ്പിള്ളി, സെക്രട്ടരിമാരായ കെ.പി. വിജയകുമാര്‍, പിവി.പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.
















