ചേര്‍ത്തല: ഓര്‍മ്മകളുടെ ഫ്രെയിമിലേക്ക് കാലം കൂട്ടിക്കൊണ്ട് പോയ അനശ്വര നടന്‍ രാജന്‍ പി.ദേവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് എട്ട് വയസ്. നാടകത്തില്‍ തുടങ്ങി സിനിമയിലൂടെ ഭാവാഭിനയം കൊണ്ട് മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ കൊച്ചുവാവയ്‌ക്ക് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിക്കാന്‍ സുഹൃത്തുക്കള്‍ ഇന്ന് ഒത്തുചേരും.
ചേര്‍ത്തല പരത്തിപ്പറമ്പില്‍ എസ്.ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും രണ്ട് മക്കളില്‍ മൂത്തയാളായ രാജന്‍ പി. ദേവ് അച്ഛനെ പിന്തുടര്‍ന്നാണ് അഭിനയ ജീവിതത്തിലേക്ക് കടന്നത്. അമച്വര്‍ നാടകത്തില്‍ തുടങ്ങി പ്രൊഫഷണല്‍ നാടകത്തിലൂടെയായിരുന്നു വളര്‍ച്ച.
എസ്എല്‍പുരം സദാനന്ദന്റെ കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രം രാജന്‍.പി ദേവിന്റെ തലവര മാറ്റിയെഴുതി. പിന്നീട് സ്വന്തം ട്രൂപ്പായ ജൂബിലി തീയറ്റേഴ്‌സിലൂടെ നാടക സംവിധാനത്തിലും ചുവടുറപ്പിച്ചു.
നാടകത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് കടന്നു വന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിലെ കാര്‍ലോസ് എന്ന കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റി. സുരേഷ് ഗോപി നായകനായ റിങ് ടോണ്‍ ആയിരുന്നു അവസാന ചിത്രം.
















