കണ്ണൂര്‍: കണ്ണൂര്‍ ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ആയുര്‍വേദിക് റിസര്‍ച്ച് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വ്വേദ ആശുപത്രിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനിച്ചതായി സൊസൈറ്റിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ മഹാത്മാ മന്ദിരത്തിന് സമീപം 40 മുറികളുളള ബഹുനില കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആയുര്‍വ്വേദ രംഗത്തെ പരിചയ സമ്പന്നരും പ്രഗത്ഭമതികളുമായ ഡോക്ടര്‍മാര്‍ ഇവിടെ സേവനം നടത്തുന്നതായി ഇവര്‍ പറഞ്ഞു. ആയുര്‍വ്വേദത്തിന്റെ എല്ലാ സാധ്യതകളും ആശുപത്രിയില്‍ ലഭ്യമാണ്. സ്വന്തമായ മരുന്നുനിര്‍മ്മാണ യൂണിറ്റും സൊസൈറ്റിക്കു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നിലവില്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് മാത്രം നല്‍കി വരുന്ന മരുന്നുകള്‍ ഏതാനും നാളുകള്‍ക്കുളളില്‍ പൊതുവിപണിയില്‍ ലഭ്യാമാക്കുമെന്നും ഇവര്‍ പറഞ്ഞു.
സൊസൈറ്റിയുടെ കൈവശം വാരത്തുളള 13 ഏക്കര്‍ വരുന്ന സ്ഥലത്ത് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ്, ആയുര്‍വ്വേദ ഔഷധത്തോട്ടം തുടങ്ങിയവ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നതായി ഇവര്‍ പറഞ്ഞു. കൂടാതെ കേരളത്തിലും വിദേശത്തും ആരോഗ്യയുടെ ശാഖകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡണ്ട് സി. രഘുനാഥ്, ബൈത്താന്‍കുട്ടി, ഷാജി കടയപ്രത്ത്, റജുല പ്രമേഷ് എന്നിവര്‍ പങ്കെടുത്തു.
















