കോഴിക്കോട്: ദീനദയാല്‍ ഉപാദ്ധ്യായ അന്ത്യോദയ പദ്ധതി പ്രകാരം ദേശീയ നഗര ഉപജീവന യജ്ഞം (എന്‍യുഎല്‍എം) കേന്ദ്ര പാര്‍പ്പിട-ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിന് കീഴില്‍ നടപ്പിലാക്കുന്ന തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കുള്ള പാര്‍പ്പിട പദ്ധതിയുടെ സര്‍വേ നഗരത്തില്‍ ആരംഭിച്ചു. ബുധനാഴ്ച രാത്രി നടന്ന സര്‍വേയില്‍ എട്ടു ബാച്ചുകളിലായി 30 പേര്‍ പങ്കെടുത്തു. നഗരത്തില്‍ 294 പേരെയാണ് സര്‍വേയിലൂടെ ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, എന്‍യുഎല്‍എം ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ സര്‍വേയില്‍ പങ്കെടുത്തു. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ മൂന്നു മണിവരെയാണ് 75 വാര്‍ഡുകളിലായി സര്‍വേ നടന്നത്.
കോര്‍പ്പറേഷനില്‍ നൂറുപേര്‍ക്ക് താമസിക്കാവുന്ന സമൂഹ കിടപ്പാടം എന്ന നിലയില്‍ ആറു ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും. ചെറുവണ്ണൂരില്‍ കോര്‍പ്പറേഷന്‍ അനുവദിച്ച 22 സെന്റ് സ്ഥലത്ത് ആദ്യ ഷെല്‍ട്ടര്‍ ആരംഭിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നലിംഗക്കാര്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേകം താമസിക്കാനുള്ള സൗകര്യമുണ്ടാകും. ഭക്ഷണ, ചികിത്സാ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കും.
കെട്ടിടത്തിന്റെ പ്ലാന്‍, എസ്റ്റിമേറ്റ്, അഞ്ചു വര്‍ഷം ഷെല്‍ട്ടര്‍ നടത്താനാവശ്യമായ ചെലവ് എന്നിവ ഉള്‍ക്കൊള്ളിച്ച് കേന്ദ്ര സര്‍ക്കാരിന് പ്രോജക്ട് സമര്‍പ്പിച്ചുവെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍. എസ്. ഗോപകുമാര്‍ പറഞ്ഞു.
സര്‍വേയുടെ ഉദ്ഘാടനം ബുധനാഴ്ച രാത്രി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ അനിത രാജന്‍, ടി.സി. രാജന്‍, എം. രാധാകൃഷ്ണന്‍, എ.വി. ബാബുരാജ്., കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, പി. കിഷന്‍ചന്ദ്, അഡ്വ. പി.എം. സുരേഷ്ബാബു, സിറ്റിപ്രോജക്ട് ഓഫീസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















