ബെംഗളൂരു: പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ മുന്‍ മേധാവിയുമായ പ്രൊഫ.യു.ആര്‍. റാവു ( 85) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികില്‍സയിലായിരുന്നു. ഈ പ്രായത്തിലും ഫിസിക്കല്‍ റിസര്‍ച്ച് ലാബറട്ടറി ഭരണ സമിതിയംഗം, തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ചാന്‍സലര്‍ തുടങ്ങിയ പദവികള്‍ വഹിച്ചുവരികയായിരുന്നു.
നിരവധി വിദേശ സര്‍വ്വകലാശാലകളില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. പത്ത് അന്താരാഷ്‌ട്ര അവാര്‍ഡുകളും നിരവധി ദേശീയ പുരസ്‌ക്കാരങ്ങളും നേടി. സതീഷ് ധവാനു ശേഷം 1984 മുതല്‍ 1994വരെ ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു. കര്‍ണ്ണാടകത്തിലെ ഉഡുപ്പിയിലെ ആദംപൂരില്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം ഐഎസ്ആര്‍ഒയില്‍ എത്തിയ അദ്ദേഹം വിക്രം സാരാഭായി, എംജികെ മേനോന്‍, സതീഷ് ധവാന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ഇന്ത്യയുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ പങ്കാളിയാകുകയും ചെയ്തു.
ആദ്യ ഉപഗ്രഹം ആര്യഭട്ട മുതല്‍ ചൊവ്വ പര്യവേഷണ ഉപഗ്രഹമായ മംഗള്‍യാനില്‍ വരെ അദ്ദേഹത്തിന്റെ കരസ്പര്‍ശം ഏറ്റിട്ടുണ്ട്. രാഷ്‌ട്രം ഈ വര്‍ഷമാദ്യം പദ്മവിഭൂഷന്‍ നല്‍കി ആദരിച്ചു. തനിക്ക് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷന്‍ ലഭിക്കുമെന്ന് ഒരിക്കല്‍ അദ്ദേഹം തമാശയായി പറഞ്ഞിരുന്നു. 76ലാണ് പദ്മ ഭൂഷണ്‍ ലഭിച്ചത്. 2016 മെയില്‍ അന്താരാഷ്‌ട്ര ആസ്‌ട്രോനോട്ടിക്കല്‍ ഫെഡറേഷന്‍ ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ് നല്‍കി ആദരിച്ചു. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ്. പ്രപഞ്ച രശ്മികള്‍, ഗ്രഹാന്തര ഊര്‍ജ്ജതന്ത്രം, ആസ്‌ട്രോണമി, ഉപഗ്രഹങ്ങള്‍, റോക്കറ്റുകളുടെ സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളിലായി 350 ലേറെ പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
എഎസ്എല്‍വി, പിഎസ്എല്‍വി റോക്കറ്റുകളുടെ രൂപകല്പ്പനയിലും നിര്‍മ്മാണത്തിലും വലിയ പങ്കുവഹിച്ചു. 91ല്‍ ജിഎസ്എല്‍വി, ക്രയോജനിക് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്. ആര്യഭട്ടയില്‍ തുടങ്ങി അദ്ദേഹം സര്‍വ്വീസിലിരിക്കെ 18 ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. 25 ലേറെ വിദേശ സര്‍വ്വകലാശാലകള്‍ അദ്ദേഹത്തെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.
















