കൊച്ചി: നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍കൂടി പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ പാലക്കാട് സ്വദേശി കിരണ്‍ കുമാറില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്‌ക്ക് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ അയയ്‌ക്കും. കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി കിരണിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ പോലീസ് അപേക്ഷ നല്‍കും.
കിരണ്‍ അയച്ച നടിയുടെ അപകീര്‍ത്തീകരമായ ചിത്രങ്ങള്‍ വാട്‌സ് ആപ്പ്, യൂ ട്യൂബ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സെന്‍ട്രല്‍ എസ്‌ഐ ജോസഫ് സാജന്‍ പറഞ്ഞു. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടും.
കിരണിനെ അറസ്റ്റ് ചെയ്ത ഞായറാഴ്ച തന്നെയാണ് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തത്. ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഈ ഫോണ്‍ ഉപയോഗിച്ചാണോയെന്നു പരിശോധിക്കും.
ഒമ്പത് വര്‍ഷം മുന്‍പ് നടിയും കിരണും സൗഹൃദത്തിലായിരുന്ന കാലത്തെടുത്ത ചിത്രങ്ങളാണിതെന്നാണ് സൂചന. വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് നടിയുമായി അടുത്ത കിരണ്‍ സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് ഇവ കാട്ടി ഭീഷണിപ്പെടുത്തി. നടി അഭിനയിച്ച സിനിമാ സെറ്റുകളിലെത്തിയും ഇയാള്‍ ഭീഷണി മുഴക്കി.
ചിത്രം പ്രചരിപ്പിക്കാതിരിക്കാന്‍ 75 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതിന് നടി തയാറാകാത്തതിനെത്തുടര്‍ന്ന് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.
ചിത്രങ്ങള്‍ പകര്‍ത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, ബ്ലാക്ക് മെയിലിങ് തുടങ്ങിയ കുറ്റങ്ങളാണ് കിരണിനെതിരെ ചുമത്തിയത്. ഇപ്പോള്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് കിരണ്‍ കുമാര്‍. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
















