ന്യൂദല്‍ഹി: ബോഫോഴ്‌സ് കേസന്വേഷണവുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം അതിരുവിട്ടു. ലോക്‌സഭാ സ്പീക്കര്‍ക്ക് നേരേ നാലുവട്ടം പേപ്പറുകള്‍ ചുരുട്ടിയെറിഞ്ഞ കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം ആറുപേരെ സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സഭയെയും അധ്യക്ഷയെയും അപമാനിച്ച പെരുമാറ്റത്തിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍.
കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്‍, രഞ്ജീത് രാജന്‍, അധീര്‍രഞ്ജന്‍ ചൗധരി, സുഷ്മിത ദേവ്, ഗൗരവ് ഗഗോയ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. അഞ്ചു ദിവസത്തേക്കാണ് ലോക്‌സഭയില്‍ നിന്ന് ഇവരെ മാറ്റി നിര്‍ത്തിയത്. വെള്ളിയാഴ്ച വരെ ശിക്ഷാ നടപടി തുടരും.
ശൂന്യവേളയിലാണ് സഭയെ അപമാനിക്കുന്ന നടപടികള്‍ കോണ്‍ഗ്രസ് എംപിമാരുടെ ഭാഗത്തു നിന്നുണ്ടായത്. സഭയുടെ മാന്യത നിലനിര്‍ത്തണമെന്ന സ്പീക്കറുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന തള്ളിയ എംപിമാര്‍ നടുത്തളത്തിലിറങ്ങി സഭ തടസ്സപ്പെടുത്തുകയും ഔദ്യോഗിക രേഖകള്‍ വലിച്ചു കീറി സ്പീക്കറുടെ മുഖത്തേക്ക് എറിയുകയുമായിരുന്നു.
ബോഫോഴ്‌സ് തോക്കിടപാടിനെപ്പറ്റി പുനരന്വേഷണം വേണമെന്ന പാര്‍ലമെന്ററി സമിതിയുടെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം. അനാവശ്യ ബഹളത്തെ തുടര്‍ന്ന് ഇടപെട്ട കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി അനന്തകുമാറിനോട് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ നിരവധി തവണ തട്ടിക്കയറി. ബഹളത്തെ തുടര്‍ന്ന് സഭ 2.30 വരെ നിര്‍ത്തിവെച്ചു.
















