താടകാവധത്താല്‍ സന്തുഷ്ടനായ വിശ്വാമിത്രന്‍ രാമന് ദിവ്യാസ്ത്രങ്ങള്‍ നല്‍കുകയുണ്ടായി. അവ എല്ലാ ശത്രുക്കളേയും പരാജയപ്പെടുത്തുവാന്‍ മതിയായവയത്രേ. ദണ്ഡചക്രം, ധര്‍മ്മചക്രം, കാലചക്രം, വിഷ്ണുചക്രം, ഇന്ദ്രചക്രം, കൂടാതെ വജ്രായുധം, ശിവന്‍ അഭിമാനിദേവതയായ ശൂലാസ്ത്രം, ബ്രഹ്മശിരസ്സ് ഇവയെക്കൂടാതെ ഐഷികവും, മോദകി, ശിഖരി എന്നിവയും കാലന്റെ ധര്‍മ്മപാശവും, കാലപാശവും, വരുണപാശവും ബ്രഹ്മര്‍ഷി രാമന് നല്‍കി.
നനവില്ലാത്തതും നനവുള്ളതുമായ അവസ്ഥകളില്‍ പ്രയോഗിക്കുന്ന രണ്ടുതരം അശനികള്‍, പിനാകം, നാരായണാസ്ത്രം, അഗ്‌നിക്ക് പ്രിയങ്കരമായ ശിഖരം, ഹയശിരസ്സ്, ക്രൗഞ്ചം, ഒരുജോഡി ശക്തികള്‍ ഒന്നില്‍ ശിവനും ഒന്നില്‍ വിഷ്ണുവും ദേവതകള്‍, കങ്കാളം, മുസലം, കപാലം, കിങ്കിണി, വിദ്യാധരന്മാര്‍ ഉപയോഗിക്കുന്ന നന്ദനം എന്ന വാള്‍ ഇവയും രാമന് നല്‍കി.
ഗന്ധര്‍വന്മാര്‍ ഉപയോഗിക്കുന്നതും ശത്രുവിനെ മയക്കുന്നതുമായ മോഹനാസ്ത്രം, ശത്രുവിനെ ഉറക്കുന്ന പ്രസ്വാപനം, ശാന്തമാക്കുന്ന പ്രശമനം, വര്‍ഷമുണ്ടാക്കുന്ന വര്‍ഷണം, നനവിനെയുണക്കുന്ന ശോഷണം, ശത്രുവിനെ തപിപ്പിക്കുന്ന സന്താപനം, കരയിക്കുന്ന വിലാപനം, മത്തുപിടിപ്പിക്കുന്ന മാദനം, താമസം, സൗമനം, സംവര്‍ത്തം, മൗസലം, സത്യം, മായാമയം എന്നീയസ്ത്രങ്ങളും ശത്രുവിന്റെ ഐശ്വര്യത്തെയില്ലാതെയാക്കുന്ന തേജഃപ്രഭയെന്ന അസ്ത്രം, ത്വാഷ്‌ട്രം, ശീതേഷു എന്നീ അസ്ത്രങ്ങളും വിശ്വാമിത്രന്‍ രാമനു നല്‍കുകയുണ്ടായി.
ബ്രഹ്മര്‍ഷി ഇനിയും അനേകം മന്ത്രങ്ങള്‍ രാമനും ലക്ഷ്മണനും നല്‍കി. ബ്രഹ്മര്‍ഷി മന്ത്രങ്ങള്‍ ഉരുവിട്ടപ്പോള്‍ ആ അസ്ത്രങ്ങള്‍ രാമന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയും വണങ്ങുകയും ഞങ്ങള്‍ അങ്ങാവശ്യപ്പടുന്നതെന്തും ചെയ്യാന്‍ സന്നദ്ധരായ സേവകരാണ് എന്നുപറയുകയും ചെയ്തു. രാമന്‍ അങ്ങനെതന്നെയവരെ സ്വീകരിക്കുകയും താനാഗ്രഹിക്കുമ്പോള്‍ തന്റെ മുമ്പില്‍ വരണമെന്ന് നിര്‍ദ്ദേശിക്കുകയുമുണ്ടായി.
വിക്ഷേപണം ചെയ്ത അസ്ത്രത്തെ മടക്കിവിളിക്കാനുള്ള മന്ത്രവും അദ്ദേഹം രാമനെ പഠിപ്പിച്ചു. അവിടെനിന്നും അവര്‍ യാത്രയായി. ആ യാത്രയില്‍ വൃക്ഷങ്ങളുടെ കൂട്ടത്തെക്കണ്ട രാമന്‍ അവിടെയാരുടെയാശ്രമമാണെന്ന് അന്വേഷിച്ചു. കൂടാതെ ബ്രഹ്മര്‍ഷിയുടെ ആശ്രമം എവിടെയാണന്നും രാക്ഷസന്മാരില്‍ നിന്നും യാഗരക്ഷ ചെയ്യേണ്ടത് എവിടെയാണന്നും രാമന്‍ ആരായുകയുണ്ടായി.
















