തൊടുപുഴ: തൊണ്ടിക്കുഴ അമൃതകലശ ശാസ്താ ക്ഷേത്രത്തിന് പിന്നിലായി കൃഷി മുടങ്ങി കിടക്കുന്ന വയലിലെ വെള്ളക്കെട്ട് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. മഴക്കാലമായതിനാല്‍ മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോഴാണ് കാട് കയറി ദുര്‍ഗന്ധം പരത്തി വയലില്‍ വെള്ളംകെട്ടിക്കിടക്കുന്നത്.
പ്രദേശവാസിയായ പിറ്റ്‌നാല്‍ ഉണ്ണിയുടെ 80 സെന്റ് വരുന്ന നെല്‍വയലാണ് ആറ് വര്‍ഷത്തോളമായി കൃഷി ചെയ്യാതെ കിടക്കുന്നത്. രണ്ട് വര്‍ഷത്തിനിടെയാണ് വെള്ളം ഒഴുക്ക് ഏതാണ്ട് പൂര്‍ണ്ണായും നിലച്ചത്. പാടത്തിന് സമീപത്ത് കൂടി ഇരുവശങ്ങളിലൂടെയും ഒഴുകിയിരുന്ന കയ്യാണി സമീപവാസി മണ്ണിട്ട് കെട്ടി അടച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. ആദ്യം രണ്ടടി വീതിയുണ്ടായിരുന്ന കയ്യാണിയുടെ ഒരുവശം അരയടിയായി ചുരുക്കി ഉടമ കെട്ടുകയായിരുന്നു. ക്ഷേത്രത്തിന് മുന്നിലുള്ള കാരിക്കോട്-കുന്നം റോഡില്‍ നിന്നുള്ള വെള്ളം അടക്കം ഒഴുകിയിരുന്ന കയ്യാണിയാണ് കൈയേറിയത്. പിന്നീട് മറുവശവും സമാനമായി തന്നെ കെട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ എതിര്‍പ്പുമായി എത്തിയതോടെ അധികൃതര്‍ ഇടപെട്ട് പണി പാതി വഴിയില്‍ തടഞ്ഞു. ഇതോടെ വെള്ളത്തിന്റെ ഒഴുക്കും നിലച്ചു.
ഇത് സംബന്ധിച്ച് ഹൈക്കോടതില്‍ കേസ് നടന്ന് വരികയാണ്. പ്രാധാന്യമുള്ള വിഷയമായതിനാല്‍ ഏറെ നാള്‍ മുമ്പ് ഇടവെട്ടി പഞ്ചായത്ത് സെക്രട്ടറി വെള്ളം ഒഴുകുന്നതിന് വേണ്ട സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമയ്‌ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതും നടപ്പായില്ല. സമീപത്തെ നിരവധി കുടുംബങ്ങളിലെ ആളുകള്‍ക്ക് പകര്‍ച്ചപ്പനി അടക്കമുള്ളവ പിടിച്ചതായും എത്രയും വേഗം വെള്ളം ഒഴുകുന്നതിന് വേണ്ട സാഹചര്യം ഒരുക്കണമെന്നും നാട്ടുകാര്‍ പറയുന്നു.
വെള്ളകെട്ട് മൂലം കൃഷി ഇറക്കാനാകാതെ വന്നതായിരുന്നെന്നും വര്‍ഷങ്ങളായി പ്രശ്‌നം തുടരുന്നതിനാല്‍ വരുമാന മാര്‍ഗം നിലച്ചതായും ഉണ്ണിയും പറയുന്നു. സംഭവത്തില്‍ കളക്ടര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയായില്ല.
















