ന്യൂദല്‍ഹി: സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റിനെ പോലുള്ളവര്‍ രാഷ്‌ട്രീയത്തില്‍ തുടരാന്‍ പാടില്ലെന്ന് കേന്ദ്ര മന്ത്രി മേനക ഗാന്ധി. ബലാത്സംഗം ഹീനമായ കുറ്റകൃത്യമാണെന്നും അവര്‍ പറഞ്ഞു.
കേസില്‍ പതിനാല് ദിവസത്തെ റിമാന്‍ഡില്‍ ജയിലിലാണ് വിന്‍സന്റ് ഇപ്പോഴുള്ളത്. നാലുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് വിന്‍സന്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിന്‍സെന്റിനെ ചോദ്യം ചെയ്യണമെന്നും കേസില്‍ അറസ്റ്റു ചെയ്യേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥ എസ്പി അജിതാ ബീഗം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു കത്തു നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ലെന്നും കേസിന് ആവശ്യമായ എന്തു നടപടിയും പൊലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
എന്നാല്‍, തനിക്കെതിരായ കേസ് തികച്ചും രാഷ്‌ട്രീയപ്രേരിതമാണെന്ന നിലപാടിലാണ് വിന്‍സെന്റ്. ചോദ്യം ചെയ്യല്‍ നടക്കവെ വിന്‍സെന്റ് അഭിഭാഷകന്‍ മുഖേന മുന്‍കൂര്‍ ജാമ്യം തേടിയെങ്കിലും കോടതി അത് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്‌ക്ക് മാറ്റി.
















