ഗതാഗത നിയന്ത്രണ സംവിധാനമില്ല;
മുഹമ്മ: ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ലാത്തത് കണിച്ചുകുളങ്ങര ജംഗ്ഷനില്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ദേശീയപാതയിലൂടെ വാഹനങ്ങള്‍ ഇടതടവില്ലാതെ പായുന്നതിനാല്‍ ജങ്ഷനില്‍ നിന്ന് കണിച്ചുകുളങ്ങര ഭാഗത്തേയ്‌ക്കും തിരിച്ചും പോകുന്നവര്‍ ബുദ്ധിമുട്ടുകയാണ്.
പ്രധാനമായും കണിച്ചുകുളങ്ങര ഭാഗത്തു നിന്നും ദേശീയപാതയിലേയ്‌ക്ക് എത്തുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്. ദേശീയ പാതയില്‍ കഞ്ഞിക്കുഴിക്കും ചേര്‍ത്തലയ്‌ക്കുമിടയ്‌ക്കുള്ള പ്രധാന ജങ്ഷനാണ് കണിച്ചുകുളങ്ങര. ദിനവും നിരവധി വാഹനങ്ങള്‍ കണിച്ചുകുളങ്ങര ഭാഗത്തേയ്‌ക്കും തിരിച്ചും വരുന്നുണ്ട്.
ഗതാഗതത്തിരക്കേറിയതും അപകട സാധ്യത ഏറിയതുമായ ഇവിടെ ഗതാഗത നിയന്ത്രണത്തിന് മതിയായ സംവിധാനങ്ങളില്ല. ഇവിടെ നിന്നും ദേശീയപാതയിലേയ്‌ക്ക് കയറുന്ന വാഹനങ്ങള്‍ പല തവണ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
ജങ്ഷനില്‍ ഗതാഗതം നിയന്ത്രിക്കാന്‍ സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കണമെന്നാണ് ആവശ്യം. സമീപത്തെ അഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്‌ക്കും കണിച്ചുകുളങ്ങര ക്ഷേത്രമടക്കമുള്ള ആരാധനാലയങ്ങളിലേയ്‌ക്കും നിരവധിപേര്‍ എത്താറുണ്ട്. തിരക്കുള്ള ദിവസങ്ങളില്‍ ഗതാഗത നിയന്ത്രത്തിന് പോലീസുകാരെ നിയോഗിക്കാറുണ്ട്.
എന്നാല്‍ എല്ലാ ദിവസവും ഈ സംവിധാനവുമില്ല. കാല്‍നടയാത്രക്കാരടക്കം ദേശീയ പാത മുറിച്ചുകടക്കാന്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
















