കണ്ണൂര്‍: ജനമൈത്രി പോലീസ്, എസ്പിസി തുടങ്ങിയ സോഷ്യല്‍ പോലിസിംഗ് രീതികള്‍ വിജയകരമായി നടപ്പിലാക്കിയ കേരള പോലിസ് രാജ്യത്തിന് മാതൃകയാണെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭിപ്രായപ്പെട്ടു. മാങ്ങാട് കെഎപി നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന വിവിധ പോലിസ് സേനകളുടെ പാസ്സിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസൗഹൃദ പോലിസിംഗിന് കേരളത്തിനുള്ള ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിന് ഓരോ സേനാംഗവും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പ്രതിഭയ്‌ക്കും അഭിരുചിക്കും അനുസരിച്ച് പോലിസിംഗിന്റെ വിവിധ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ സേനാംഗങ്ങള്‍ തയ്യാറാവണം. പോലിസുകാര്‍ക്ക് തങ്ങളുടെ ജോലി ആസ്വാദ്യകരമാക്കാനും സേവനം കൂടുതല്‍ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കഴിവിനും താല്‍പര്യത്തിനുമനുസരിച്ച് ക്രമസമാധാനം, കുറ്റാന്വേഷണം, സൈബര്‍ സെല്‍, കമാന്റോ ഓപ്പറേഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പോലിസുകാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. സേനയിലേക്കുളള പുതിയ റിക്രൂട്ട്‌മെന്റുകളില്‍ ബി.ടെക്ക് അടക്കമുള്ള സാങ്കേതിക ജ്ഞാനമുള്ളവര്‍ ഏറെയുള്ളതിനാല്‍ പോലിസിലെ സാങ്കേതിക രംഗത്തെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ പരിശീലനമാരംഭിച്ച കേരള സായുധ സേനയിലെ വിവിധ ബറ്റാലിയനുകളിലെ 96ഉം ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ 25ഉം പോലിസുകാരുമുള്‍പ്പെടെ 121 പേരാണ് പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇവരില്‍ ഒരാള്‍ എംഫില്‍, 16 പേര്‍ പി.ജി, അഞ്ച് പേര്‍ ബി.ടെക്ക്, ഒരാള്‍ ബി.എഡ്, 45 പേര്‍ ബിരുദം, രണ്ടു പേര്‍ ഡിപ്ലോമ, ഒന്‍പത് പേര്‍ ഐ.ടി.ഐ യോഗ്യതകളുള്ളവരാണ്.
മികച്ച പരിശീലനത്തിനുള്ള സമ്മാനം നേടിയ സായുധ സേനയിലെ രഞ്ജിത് സി.ജി (ബെസ്റ്റ് ഷൂട്ടര്‍), അഖില്‍ അരവിന്ദ് (ബെസ്റ്റ് ഇന്‍ഡോര്‍), സി.അജിത്ത് (ബെസ്റ്റ് ഔട്ട്‌ഡോര്‍, ബെസ്റ്റ് ഓള്‍ റൗണ്ടര്‍) എന്നിവര്‍ക്കും ഐ.ആര്‍.ബിയിലെ കെ.സി.രതീഷ് കുമാര്‍(ബെസ്റ്റ് ഷൂട്ടര്‍), എ.അനീഷ് (ബെസ്റ്റ് ഇന്‍ഡോര്‍), ടി.കെ.ഷഹിന്‍ (ബെസ്റ്റ് ഔട്ട്‌ഡോര്‍), എന്‍.ആര്‍.വരുണ്‍ ഘോഷ് (ബെസ്റ്റ് ഓള്‍ റൗണ്ടര്‍) എന്നിവര്‍ക്കും ഡിജിപി അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പരേഡിന് അജിത്ത് സി നേതൃത്വം നല്‍കി. വിപിന്‍ ചന്ദ്രനായിരുന്നു സെക്കന്റ് ഇന്‍ കമാന്റ്. എ.വി.രജീഷ് ബാബു, സി.ജി.രഞ്ജിത്ത്, പി.വിനീത്, കെ.മണിക്കുട്ടന്‍ എന്നിവര്‍ പ്ലറ്റൂണുകള്‍ക്ക് നേതൃത്വം നല്‍കി. മികച്ച പരേഡിനുള്ള ഡി.ജി.പിയുടെ പുരസ്‌ക്കാരത്തിന് അജിത്ത് സി അര്‍ഹനായി.
ചടങ്ങില്‍ സായുധ സേനാ വിഭാഗം എഡിജിപി സുധേഷ് കുമാര്‍, ഡിഐജി ഷഫിന്‍ അഹമ്മദ്, കെ.എ.പി നാലാം ബറ്റാലിയന്‍ കമാന്റന്റ് കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, ഐആര്‍ബി കമാന്റന്റ് പി.എസ്.ഗോപി തുടങ്ങിയവര്‍ സന്നിഹിതരായി.
















