കല്‍പ്പറ്റ: മടവൂര്‍ സിഎം സെന്ററിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ച സംഭവത്തിലെ ദുരൂഹത മാറ്റാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജൂലൈ 14ന് രാവിലെയാണ് കെല്ലൂര്‍ പഴഞ്ചേരിക്കുന്നില്‍ മമ്മൂട്ടി മുസ്ലിയാരുടെ മകന്‍ അബ്ദുള്‍ മാജിദിന് കുത്തേറ്റതായി വിവരം ലഭിക്കുന്നത്. രാവിലെ ഏഴരയ്‌ക്ക് കുത്തേറ്റിട്ടും രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ബന്ധുക്കളെ വിവരമറിയിച്ചത്.
മാജിദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിനു പകരം ആദ്യം സ്വകാര്യ ആശുപത്രിയിലാണ് കൊണ്ടുപോയത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളില്ല. പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് സെന്ററില്‍ നിന്ന് ലഭിക്കുന്നത്. ഡിജിപി, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
സിഎം സെന്ററില്‍ സ്‌കൂള്‍ പഠനത്തോടൊപ്പം ജൂനിയര്‍ ദവ കോളേജില്‍ ശരീയത്ത് പഠനവും നടത്തുകയായിരുന്നു മാജിദ്. സംഭവ ദിവസം മദ്രസാ പഠനം കഴിഞ്ഞ് മറ്റു കുട്ടികളോടൊപ്പം നില്‍ക്കുമ്പോള്‍ മാജിദിനെ കാസര്‍കോഡ് ആദൂര്‍ സ്വദേശി ഷംസുദ്ദീന്‍ കുത്തി പരിക്കേല്‍പ്പിച്ചെന്നാണ് സിഎം സെന്റര്‍ അധികൃതര്‍ പറയുന്നത്.
സിഎം സെന്ററില്‍ നിന്ന് ആരെങ്കിലും വീട്ടിലെത്തുകയോ ബന്ധുക്കളെ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. പോലീസ് അന്വേഷണത്തില്‍ ബന്ധുക്കള്‍ അതൃപ്തരാണ്. ഈ സാഹചര്യത്തിലാണ് ചൈല്‍ഡ് പ്രൊട്ടക്ട് ടീമുമായി സഹകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
















