തൃശൂർ: പാവറട്ടിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെന്‍ഷന്‍. സി.പി.ഒ ശ്രീജിത്ത്, സാജൻ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഏങ്ങണ്ടിയൂരില്‍ ബ്യൂട്ടീഷനായ ഏങ്ങണ്ടിയൂര്‍ ചന്തപ്പപടി ചക്കാണ്ടന്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ വിനായകാണ്( 19)വീട്ടില്‍ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടുമണിയോടെ വിനായകിനെയും, സുഹൃത്തും തെങ്ങുകയറ്റ തൊഴിലാളിയുമായ ശരത്തിനെയും പാവറട്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിനായകിന്റെ സുഹൃത്ത് ശരത് പറഞ്ഞു. മാല മോഷ്ടിക്കാനെത്തിയവരെന്ന് ആരോപിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ശരത് ആരോപിച്ചു. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് കസ്റ്റഡിയിലെടുത്ത ഇരുവരെയും വൈകിട്ട് മൂന്നരയോടെ വിനായകിന്റെ പിതാവ് കൃഷ്ണന്‍കുട്ടിയുടെ ജാമ്യത്തിലാണ് വിട്ടയച്ചത്.
സ്റ്റേഷനില്‍ വെച്ച് വിനായകിന്റെ തലമുടി പോലീസുകാരന്‍ വലിച്ചുപറിച്ചു. ബൂട്ട് കൊണ്ട് കാലില്‍ ചവിട്ടി. നെഞ്ചിലും പുറത്തും മര്‍ദ്ദിച്ചു. ആരോപണങ്ങള്‍ ശരിവെയ്‌ക്കും വിധം വിനായകിന്റെ ശരീരത്തില്‍ മുറിവുകളുമുണ്ട്. നെഞ്ചില്‍ കൈകൊണ്ട് മാന്തി മുറിവേറ്റ നിലയിലായിരുന്നു.
മാല മോഷ്ടിച്ചതില്‍ കുറ്റക്കാരനെന്ന് സമ്മതിക്കണമെന്ന് ഭീഷണിപ്പെടുത്തിയതായും ശരത് പറയുന്നു. കളര്‍ ചെയ്ത മുടി വെട്ടിക്കളയണമെന്ന ഭീഷണിയെ തുടര്‍ന്ന് പിതാവ് കൃഷ്ണന്‍കുട്ടി വീട്ടില്‍ വെച്ച് മകന്റെ മുടി വെട്ടുകയും ചെയ്തു. പിന്നീട് ഉറങ്ങാന്‍ കിടന്ന വിനായകിനെ അര്‍ദ്ധരാത്രിയോടെ കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: