തിരുവനന്തപുരം മാറനല്ലൂര്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രീമിഥുനെ ബിജെപി പ്രവര്‍ത്തകര്‍ തോളിലേറ്റി ആഹ്ലാദം പങ്കിടുന്നു
മലയിന്‍കീഴ്(തിരുവനന്തപുരം):ബിജെപിയെ അധികാരത്തില്‍ നിന്നു മാറ്റി നിര്‍ത്താന്‍ എല്‍ഡിഎഫും യുഡിഎഫും വിലകുറഞ്ഞ രാഷ്ട്രീയം കളിച്ച പഞ്ചായത്തില്‍ ജനങ്ങള്‍ ബിജെപിക്കൊപ്പം. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂര്‍ പഞ്ചായത്തിലെ ഊരൂട്ടമ്പലം വാര്‍ഡില്‍ സിപിഎം പ്രതിനിധി രാജിവച്ച ഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. സിപിഎമ്മിലെ ദാസന് സാമുവലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബിജെപിയിലെ ശ്രീമിഥുന്‍ വിജയിച്ചത്. കോണ്‍ഗ്രസിലെ വി.എ. ഇന്ദുലേഖയാണ് രണ്ടാം സ്ഥാനത്ത്.
ഇരുപത്തൊന്ന് അംഗങ്ങളുള്ള മാറനല്ലൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും തുല്യ സീറ്റുകളായിരുന്നു. ബിജെപി- എട്ട്, കോണ്‍ഗ്രസ്- എട്ട്, സിപിഎം- അഞ്ച് എന്നായിരുന്നു സീറ്റുനില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നറുക്കെടുപ്പിലൂടെയാണ് നിശ്ചയിച്ചത്. നറുക്കെടുപ്പില്‍ ബിജെപിക്കാണ് ഭരണം ലഭിച്ചത്.
എന്നാല്‍ രണ്ട് മാസം മുന്‍പ് ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണം മറിച്ചിടാന്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കി കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നു. സിപിഎം അവിശ്വാസത്തെ പിന്തുണച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് അവര്‍ വിട്ടുനിന്നു. ഇതോടെ പഞ്ചായത്ത് ഭരണം നിശ്ചയിക്കാന്‍ വീണ്ടും നറുക്കെടുപ്പ് വേണ്ടി വന്നു. ഇത്തവണ ഭാഗ്യം കോണ്‍ഗ്രസിനെ തുണച്ചു.
ബിജെപി ഭരണം അട്ടിമറിച്ച സിപിഎമ്മിനോടുള്ള അമര്‍ഷം മാറനല്ലൂരില്‍ പ്രതിഫലിച്ചു. ഇരുമുന്നണികള്‍ക്കും മറുപടി നല്‍കാനുള്ള അവസരമായി ജനങ്ങള്‍ ഊരുട്ടമ്പലം ഉപതെരഞ്ഞെടുപ്പിനെ കണ്ടു. മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ ബിജെപിക്ക് ഒരു സീറ്റിന്റെ കുറവാണുണ്ടായിരുന്നത്. ഇപ്പോഴത്തെ വിജയം കൂടിയായപ്പോള്‍ ഒമ്പത് അംഗങ്ങളുമായി ബിജെപി പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസിന് ഭരിക്കുവാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടു. ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ കോണ്‍ഗ്രസിന് ഭരണത്തില്‍ നിന്നു രാജിവയ്ക്കാം. അല്ലെങ്കില്‍ അടുത്ത അവിശ്വാസം വരുന്നതുവരെ നാണംകെട്ട് തുടരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: