തിരുവനന്തപുരം: നടന്‍ മമ്മൂട്ടിക്ക് എറണാകുളത്ത് കടവന്ത്രയില്‍ സൗജന്യമായി ആറുസെന്റ് ഭൂമി അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പരാതി നല്കി. പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് പരാതി നല്കിയിരിക്കുന്നത്.
ചിലവന്നൂരില്‍ മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥലത്ത് 17 സെന്റ് കായല്‍ പുറമ്പോക്ക് കയ്യേറിയ നടപടിയെക്കുറിച്ചും അഴിമതിനിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ഉന്നത രാഷ്‌ട്രീയ ഇടപെടലുകള്‍ ഇതിനു പിന്നിലുണ്ട്. പൊതുമുതലും സര്‍ക്കാര്‍ ഭൂമിയും നഷ്ടപ്പെടാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. ചിലവന്നൂരിലെ കായല്‍ കയ്യേറ്റം കൊച്ചിനഗരസഭ കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ സബ് കോടതി ഉത്തരവിട്ടിരുന്നു. നടപടിക്ക് ശ്രമിച്ചപ്പോള്‍ മമ്മൂട്ടിയും കുടുംബവും എറണാകുളം ജില്ലാ കോടതിയെ സമീപിച്ചു. എന്നാല്‍ കയ്യേറ്റമുണ്ടായെന്നാണ് അവിടെയും സ്ഥിരീകരിച്ചത്. ഈ രണ്ടുകേസിലും യാതൊരു നടപടിയും ഉണ്ടായില്ല. അതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
















