തൊടുപുഴ: ടിപ്പര്‍ ലോറിയുടെ പിന്നില്‍ ക്വാളീസ് വാന്‍ ഇടിച്ച് ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരുക്ക്. രണ്ട് പേരുടെ നില ഗുരുതരം.
പാലക്കാട് സ്വദേശികളായ നാല് പേര്‍ക്കും മഹാരാഷ്‌ട്ര സ്വദേശികളായ മൂന്ന് പേര്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. പാലക്കാട് ഒറ്റപാലം സ്വദേശി ബാലകൃഷ്ണന്‍ നായര്‍(60), മഹാരാഷ്‌ട്ര നാസിക് സ്വദേശി ശ്യാം ഗോപിനാഥന്‍ നായര്‍ (49) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തലയ്‌ക്കും നെഞ്ചിനും പരിക്കേറ്റ ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ന്യൂറോ ഐസിയു വാര്‍ഡില്‍ ചികിത്സയിലാണ്. ഇന്ന് അടിയന്തിര ശസ്ത്രകിയ നടക്കും. ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നിന് വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസില്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. രാവിലെ 11 മണിയോടെയാണ് ഇവര്‍ ശബരിമലയില്‍ നിന്നും തിരിച്ചത്.
ഗുരുവായൂര്‍ ദര്‍ശനത്തിന് ശേഷം ശബരിമലയിലെത്തിയതായിരുന്നു സംഘം. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകായിരുന്നു. ഷോര്‍ണൂര്‍ സ്വദേശിയും വാഹനത്തിന്റെ ഉടമയുമായ സുരേഷാണ് വണ്ടി ഓടിച്ചിരുന്നത്. ഇയാള്‍ക്കടക്കം മറ്റുള്ളവര്‍ക്കും നിസാര പരിക്കുണ്ട്.
പോലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
















