കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് പോലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇതു രേഖപ്പെടുത്തിയ സിംഗിള്‍ബെഞ്ച് പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. പ്രോസിക്യൂഷന് സമര്‍പ്പിച്ച രേഖകളനുസരിച്ച് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഹര്ജിക്കാരനെതിരെയുള്ളതെന്നും ചോദ്യം ചെയ്യലിനിടെ മതിയായ തെളിവു ലഭിച്ചാല്‍ അറസ്റ്റ് ചെയ്യാമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതീഷ് ചാക്കോ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് അറിയിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ ഫെബ്രുവരി 23 ന് കോടതിയില്‍ കീഴടങ്ങാനെത്തും മുമ്പ് പ്രതീഷ് ചാക്കോയുടെ ഓഫീസിലെത്തി അദ്ദേഹത്തിന് കൈമാറിയിരുന്നെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയതോടെയാണ് പ്രതീഷ് ചാക്കോ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: