കുന്നത്തൂര്‍: ബസുകളും യാത്രക്കാരും കയ്യൊഴിഞ്ഞതോടെ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഭരണിക്കാവ് ബസ്സ്റ്റാന്റ് മാലിന്യനിക്ഷേപകേന്ദ്രമായി മാറുന്നു. ശാസ്താംകോട്ട പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ് സ്റ്റാന്റ്.
ഇത് പ്രവര്‍ത്തിപ്പിക്കാന്‍ നിരവധിതവണ ശ്രമിച്ചെങ്കിലും സ്വകാര്യ ബസ് ലോബിയും നഗരത്തിലെ ഒരുപറ്റം വ്യാപാരികളും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതോടെ വിജനമായ സ്റ്റാന്റ് പരിസരത്ത് വ്യാപകമായി മാലിന്യങ്ങള്‍ തള്ളുകയാണ്. പരിസരം കാടുപിടിച്ച് കിടക്കുന്നത് ഇതിന് കൂടുതല്‍ സൗകര്യമാകുന്നു.
സ്റ്റാന്റിന് സമീപത്തുകൂടി ഒഴുകുന്ന തോട് ചവറുകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ മലിനജലം സമീപത്തെ കിണറുകളിലേക്കും മറ്റും ഒഴുകിയിറങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നവും സൃഷ്ടിക്കുന്നുണ്ട്. നഗരത്തിലെ കടകളിലെ ചവറുകളും ഇറച്ചിമാലിന്യങ്ങളും ഇവിടെയാണ് നിക്ഷേപിക്കുന്നത്. ചില ആഡിറ്റോറിയങ്ങളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും സ്റ്റാന്റിന്റെ സമീപത്തെ വെള്ളക്കെട്ടുകളില്‍ തള്ളുന്നുണ്ട്.
മാലിന്യനിക്ഷേപം ഇവിടുത്തെ ജലസ്രോതസുകളെയും മലീമസമാക്കിയിട്ടുണ്ട്. സ്റ്റാന്റ് പ്രവര്‍ത്തിക്കാതായതോടെ അവിടെ വാടകയ്ക്ക് കച്ചവടം തുടങ്ങിയവരും വെട്ടിലായി. സന്ധ്യ കഴിയുന്നതോടെ സാമൂഹ്യവിരുദ്ധതാവളമായി മാറുകയാണ് ഇവിടെ. ഉപയോഗശൂന്യമായ ബസ്സ്റ്റാന്റ് പാര്‍ക്കിങ് ഗ്രൗണ്ടായി ഉപയോഗിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.
നിലവില്‍ ഭരണിക്കാവ് നഗരത്തിലെത്തുന്ന വാഹനങ്ങള്‍ പാതയോരങ്ങളിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. പ്രവര്‍ത്തനം നിലച്ച ബസ്സ്റ്റാന്റ് പാര്‍ക്കിങ് ഗ്രൗണ്ടാക്കിയാല് ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: