കുടയത്തൂര്‍: നിര്‍ദ്ധന കുടുംബത്തിന്റെ വീടിന് ഭീഷണിയായി കൂറ്റന്‍ മരങ്ങളും മണ്‍ തിട്ടയും. കോളപ്ര ചുണ്ടക്കാട്ട് സജീവനും കുടുംബാംഗങ്ങളുമാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്.അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടിമാറ്റണമെന്ന് പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ആരോപണം. സജീവനും ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്.
വീടിന് പിന്‍ ഭാഗത്തോട് ചേര്‍ന്ന് അയല്‍വാസിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിന്റെ ഭാഗമായ 20 അടിയിലേറെ ഉയരമുള്ള വലിയ മണ്‍ തിട്ടയുണ്ട്. ഇതിന്റെ ഒരുഭാഗം ഏത് സമയവും ഇടിഞ്ഞ് വീഴാവുന്ന നിലയിലാണെന്ന് സജീവന്‍ പറഞ്ഞു. വീടിന് മുകളിലേക്ക് ചരിഞ്ഞ് ഏതു സമയവും വീഴാവുന്ന വിധത്തില്‍ കൂറ്റന്‍ മരങ്ങളുമുണ്ട്. കാറ്റത്ത് ആടി ഉലയുന്ന മരങ്ങള്‍ വീഴുമെന്ന ഭീതിയില്‍ വീടിന് പുറത്തിറങ്ങി നില്‍ക്കുക പതിവാണെന്ന് സജീവന്‍ പറഞ്ഞു.
മരങ്ങള്‍ വെട്ടിമാറ്റാന്‍ നടപടിയാവശ്യപ്പെട്ട് ഇടുക്കി ആര്‍ഡിഒ, ആലക്കോട് പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് സജീവനും കുടുംബാംഗങ്ങളും സൂചിപ്പിച്ചു.
















