ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലേക്കുള്ള കടന്നുകയറ്റം ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല. 1962നു ശേഷം, പലതവണ ഇത്തരത്തില്‍ അതിര്‍ത്തിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ വളരെ വര്‍ഷങ്ങളായി രണ്ടു രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന വിദേശകാര്യബന്ധത്തിലുണ്ടായിരുന്ന പ്രതിസന്ധിക്കു കഴിഞ്ഞ ദശകത്തില്‍ വാജ്പേയി ഭരണകാലത്ത് കുറെ അയവുവന്നു. വാജ്പേയിയുടെ ചൈന സന്ദര്‍ശനവും, അതിനോടൊപ്പമുള്ള നയതന്ത്ര മേഖലയിലുള്ള ത്വരിതഗതിയിലുള്ള പുരോഗമനവും രണ്ടു രാജ്യങ്ങളെയും കൂടുതല്‍ അടുക്കാന്‍ സഹായിച്ചു.
എന്നാല്‍, അമേരിക്കയുമായി ഇന്ത്യയുടെ അടുപ്പവും, പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ അകല്‍ച്ചയും അതത് സമയങ്ങളില്‍ ചൈനയില്‍നിന്ന് പ്രകടമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാക്കിയിരുന്നു. എന്നാല്‍ 2014 ല്‍ മോദി അധികാരമേറ്റത്തിനുശേഷം ചൈനീസ് പ്രീമിയര്‍ ജീ ജിങ്പിങ് ഇന്ത്യ സന്ദര്‍ശിച്ചതും മറ്റും, രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയൊരുക്കി. പക്ഷേ ഇക്കാലമത്രയും അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.
ഇന്ത്യയുടെ കമ്പോളപ്രധാന്യത്തെ വളരെ താല്പര്യത്തോടെ കാണുന്ന ചൈനയ്ക്ക് ഇന്ത്യയെ തള്ളിപ്പറയാനോ, എതിര്‍ക്കാനോ കഴിയില്ല. പക്ഷേ അമേരിക്കയില്‍ ഡൊണാല്‍ഡ് ട്രംപ് അധികാരത്തില്‍ വരികയും, ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും അതോടൊപ്പം തന്നെ ചൈന-പാക്കിസ്ഥാന് കോറിഡോര്‍ (സിഇപിസി) എന്ന പേരില്‍ പാകിസ്ഥാന് വഴി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കരപാത പണിയാനുള്ള ചൈനയുടെ പദ്ധതിയെ ഇന്ത്യ എതിര്‍ക്കുകയും, ഇതിലെല്ലാം ഉപരിയായി ഓബോര്‍ (OBOR-One Belt One Road) എന്ന പേരില്‍ ഏഷ്യയെ യൂറോപ്പുമായി ബന്ധപ്പെടുത്താനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യ ചെറുത്തതുമെല്ലാം ചൈനയെ വളരെ ചൊടിപ്പിച്ചിരിക്കുന്നു. OBOR ചൈനയുടെ സ്വാര്ഥതാല്പര്യങ്ങളെ സംരക്ഷിക്കാനും, ആവശ്യാനുസരണം കിഴക്കന്‍ ഭൗമ പ്രദേശത്ത് ചൈനയുടെ സൈന്യത്തെ വിന്യസിപ്പിക്കാനുള്ള താല്പര്യങ്ങളെയും ന്യായീകരിക്കാനുള്ള പദ്ധതിയെന്ന നിലയില്‍ ഇന്ത്യ നഖശിഖാന്തം എതിര്‍ക്കുന്നു.
സിഇപിസി യുടെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് കുറെക്കൂടെ ശക്തമാണ്. ഇന്ത്യയുടെ ഭൂപ്രദേശവും, എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളതുമായ കശ്മീരിന്റെ ഒരു ഭാഗത്തുകൂടി അതായത് ഇപ്പോഴത്തെ ഇന്ത്യ-പാകിസ്ഥാന് നിയന്ത്രണ രേഖക്ക് സമാന്തരമായി, ഇന്ത്യയുടെ അനുവാദമില്ലാതെ ചൈന നിര്മ്മിശക്കുന്ന റോഡ് ഇന്ത്യയുടെ സുരക്ഷാ താല്പര്യങ്ങള്ക്ക് എതിരാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന നിലയിലും, ഇന്നത്തെ അന്തര്‍ ദേശീയരാഷ്ട്രീയത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്ന് എന്ന നിലയിലും, ഇന്ത്യയുടെ സമ്മതവും സഹകരണവും ഏത് രാഷ്ട്രവും ആഗ്രഹിക്കുന്നു. ഇന്ത്യന്‍ പ്രധാന മന്ത്രി മോദി നടത്തിയിട്ടുള്ള പല വിദേശ സന്ദര്‍ശനങ്ങളിലും ഇതു പ്രകടമായിരുന്നുവല്ലോ. ചൈനയുടെ പദ്ധതികളോടുള്ള ഇന്ത്യയുടെ എതിര്‍പ്പിനെ അതേ പ്രധാന്യത്തോടെ ലോക രാഷ്ട്രങ്ങള്‍ കാണുന്നുണ്ട്. ഇന്ത്യ തങ്ങളുടെ OBOR,CEPC- പദ്ധതികളില്‍ ഭാഗമാകാതിരുന്നതിനെ തീര്‍ച്ചയായും ഒരു നഷ്ടമായി മാത്രമേ ചൈനക്ക് കാണാന്‍ കഴിയൂ.
ഇന്ത്യയുടെ ഈ തീരുമാനങ്ങളെല്ലാം ചൈനയ്ക്ക് എതിരായി വരുന്നു എന്നുള്ള കാഴ്ചപ്പാടും,അമേരിക്കയുമായുള്ള ഇന്ത്യയുടെ അടുപ്പവും, ദിനംതോറും ശക്തമാകുന്ന ഇന്ത്യന്‍ സൈനിക ശേഷിയും അന്താരാഷ്ട്രബന്ധങ്ങളും എല്ലാംകൂടി കണ്ടതിന്റെ ഫലം കൂടിയായിരിക്കാം ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ അതിര്‍ത്തിയിലെ പ്രശ്നങ്ങളെ ചൈനീസ് മാധ്യമങ്ങള്‍ ‘ഇന്ത്യയുടെ അതിക്രമങ്ങളായി’ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്നത്.
പദവ്യതിയാനങ്ങളുടെ രാഷ്ട്രീയം
ആഗോള തലത്തില്‍ മറ്റ് രാജ്യങ്ങള്‍ക്ക് മുകളിലായി സാമ്പത്തികമായും സൈനികമായും ഉയര്‍ന്നു വരാനുള്ള ചൈനയുടെ ആഗ്രഹത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്ന് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനോ, അതുവഴി വഴി ലോകത്തെ സര്‍വീസ് മേഖലയിലെ ബിസിനസ് അവസരങ്ങള്‍ പ്രയോജനപ്പെടുത്താനോ ഇന്ത്യയെപ്പോലെ ചൈനക്ക് കഴിഞ്ഞിട്ടില്ല.
ഇന്ത്യയില്‍ ഏതാണ്ട് പന്ത്രണ്ടു ശതമാനം ജനത (12 കോടിയില്‍ പരം) ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍, ചൈനയില്‍ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ (ഏതാണ്ട് ഒരു കോടി) മാത്രമേ ഇംഗ്ലീഷ് സംസാരിക്കുന്നുള്ളൂ. എന്നാല്‍, ഇംഗ്ലീഷ് പദങ്ങളെ, രാഷ്ട്രീയ പ്രസ്താവനകളില്‍ വേണ്ടുവോളം ഉപയോഗിച്ച് ലോകത്തെ ശ്രദ്ധതിരിക്കാന്‍ ചൈനക്ക് കഴിഞ്ഞു എന്നുള്ള അഭിപ്രായത്തോട് പലപ്പോഴും യോജിക്കേണ്ടിയിരിക്കുന്നു. പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നു സ്വയം വിശേഷിപ്പിക്കുന്ന ചൈനയുടെ മനുഷ്യാവകാശ ധ്വംസന നയങ്ങളെപ്പറ്റി പല മാധ്യമങ്ങളും പലപ്പോഴും എഴുതിയിട്ടുണ്ട്. സ്വാതന്ത്ര്യവും മനുഷ്യാവകാശവും എന്ന തലക്കെട്ടില്‍ ചൈനയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെപ്പറ്റി ന്യൂയോര്‍ക്ക് ടൈംസ് സ്ഥിരമായി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുവരുന്നു.
ചൈനയുടെ ഫാലുന്‍ ഗോങ് എന്ന മതസംഘടനയിലുള്ളവരെ ജയിലിലടക്കുകയും, അവരുടെ ശരീര അവയവങ്ങള്‍ അധികാരികളുടെ അനുവാദത്തോടെ കച്ചവടം ചെയ്യുകയും ചെയ്യുന്നു എന്ന് ഒരു കനേഡിയന്‍ എന്‍ജിഒ വെളിപ്പെടുത്തുന്നു. 2008 ല്‍ പ്രസിദ്ധീകരിച്ച ഈ സംഘടനയുടെ റിപ്പോര്‍ട്ട് ഇപ്പോഴും ഇന്റര്‍ നെറ്റില്‍ ലഭ്യമാണ്. ഡെങ് സിയാവോ പിങ്ങിന്റെ ഭരണകാലത്ത്, 1989 ല്‍, ടിയാനന്മെന് ചത്വരത്തില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പട്ടാള ടാങ്ക് കയറ്റി കൊല്ലുന്ന ചിത്രം ഇപ്പോഴും ലോകത്തിന്റെ മനസ്സില്‍ മായാതെ കിടക്കുന്നു.
‘പ്രവൃത്തിയാലുള്ള ക്രൂരതയെ വാക്കാല്‍ പറയുന്ന നന്മകൊണ്ട് ഒളിപ്പിച്ചു വയ്ക്കാം’ എന്നതായിരിക്കാം ഇവിടുത്തെ ആപ്തവാക്യം!! ഇനിയുമുണ്ട് ഇത്തരം നിരവധി നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍. ഈ അടുത്ത പതിറ്റാണ്ടുകളില്‍ അതായത് 1990 മുതല്‍ ചൈനയുടെ ഭരണകര്‍ത്താക്കള്‍ പറഞ്ഞു വന്നിരുന്ന സമാധാനപൂര്‍ണ്ണമായ വികസനം എന്ന പ്രചാരണ വാക്യം തങ്ങളുടെ സൈനിക ശക്തി മറ്റൊരു രാജ്യത്തിനും അടിയറവ് പറയേണ്ടിവരാത്ത രീതിയില്‍ വളര്‍ത്തുകയും, അതുവഴി ഏഷ്യയ്ക്ക് മുകളിലും, പതിയെപ്പതിയെ ലോകത്തിന് മുകളിലും തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുക എന്ന തന്ത്രപ്രധാനമായ പദ്ധതിയാണെന്ന് പലപ്പോഴും ചൈനാ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുന്‍ ചൈനീസ് പ്രീമിയര്‍ വെന്‍ ജിയാവോ 2003ലും, മുന്‍ ചൈനീസ് പ്രസിഡണ്ട് ഹു ജിന്താവോ 2004ലും ഈ പദം ഉപയോഗിച്ചതോടെ ചൈനയുടെ ‘സമാധാനപരമായ വളര്‍ച്ച’ എന്നതിന് ഒരു ഒദ്യോഗിക പ്രാധാന്യം വന്നു. എന്നാല്‍ ഈ കാലയളവില്‍ സ്വന്തം രാജ്യത്തിനുള്ളിലും അതിര്‍ത്തി പ്രശ്നങ്ങളിലും പ്രാദേശിക കാര്യങ്ങളിലുമുള്ള ചൈനയുടെ നിലപാട്, അവര്‍ കൊട്ടിഘോഷിച്ചിരുന്ന തരത്തിലുള്ള സമാധാനപൂര്‍ണ്ണമായ വികസനത്തിന് യോജിക്കുന്നതല്ല എന്ന് പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.
ചൈനയുടെ തന്ത്രപ്രധാനമായ പദ്ധതികളെപ്പറ്റി ലോകമെമ്പാടും എല്ലാവരും സംശയാലുക്കളായിരുന്നെങ്കിലും, സമാധാനപൂര്‍ണ്ണമായ വികസനം എന്ന വാക്കുകള്‍ പലരുടേയും സംശയങ്ങളെ മറികടക്കാന്‍ ചൈനയെ സഹായിച്ചു.
ചൈനയുടെ ഓരോ രാഷ്ട്രീയ പ്രസ്താവനകളിലും ഇന്നും ഇത്തരം വാക്കുകളുടെ ഒളിപ്രയോഗങ്ങള്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തെളിഞ്ഞു കാണാം. ഇന്ന് ദോകലാം എന്ന അതിര്‍ത്തി പ്രദേശത്ത് നടക്കുന്ന പ്രശ്നങ്ങളേയും, അതിനെപ്പറ്റി ഇന്ത്യയുടെ മേല്‍ ചൈന ആരോപിക്കുന്ന കുറ്റങ്ങളെയും ഇതേ വീക്ഷണ കോണില്‍ക്കൂടി നോക്കിക്കാണേണ്ടത് ആവശ്യമാണ്. ‘ചൈനയുടെ ഭൂപ്രദേശത്തുനിന്ന് ഇന്ത്യഒഴിഞ്ഞു പോകുക’,’ഇന്ത്യക്ക് ചൈനയുടെ താക്കീത്’ എന്നൊക്കെയുള്ള പത്രപ്രസ്താവനകള്‍ വായനക്കാരുടെ ഇടയില്‍ ഇന്ത്യയെ കുറ്റക്കാരനാകാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമായി ത്തോന്നിപ്പോകും.
എന്നാല്‍ ഇങ്ങനെയൊക്കെ പറയുന്ന ചൈന, എന്തുകൊണ്ട് സ്വന്തം ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും അവയുടെ ഗുണ ദോഷങ്ങളെക്കുറിച്ചും ചിന്തിക്കുന്നില്ല? ഒരു ചൈനാ പ്രചാരണങ്ങള്‍ക്കും ഇനിയും ലോകത്തെ കബളിപ്പിക്കാമെന്ന് അവര്‍ കരുതുന്നുണ്ടോ? സമാധാന പ്രീയരെന്ന് പൊതുവെ അറിയപ്പെടുന്നതും വിദ്യാഭ്യാസ രംഗത്ത് മുന്നിട്ടുനില്ക്കുന്നതും, പരിസ്ഥിതി സംരക്ഷണത്തില്‍ വളരെയധികം പേരുകേട്ടതുമായ ഭൂട്ടാനെയാണോ അധിനിവേശക്കാരെന്നു ചൈന വിളിക്കുന്നത്? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരത്തെയാണോ താക്കീത് നല്കി ഭയപ്പെടുത്തുന്നത്? വാക്കുകള്‍കൊണ്ടുള്ള യുദ്ധം ആയുധങ്ങള്‍ കൊണ്ടുള്ള യുദ്ധമായി മാറാന്‍ അധികം താമസമുണ്ടായെന്ന് വരില്ല. പക്ഷേ, പതിറ്റാണ്ടുകളായി ശ്രദ്ധയോടെ പടുത്തുയര്‍ത്ത സമാധാനത്തെ കുറെ ബുള്ളറ്റുകള്‍കൊണ്ട് തകര്‍ക്കണോ എന്നു ചൈന ചിന്തിക്കണം. ഒരു യുദ്ധമുണ്ടായാല്‍ ഇരുപക്ഷത്തും നാശനഷ്ടങ്ങള്‍ ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്.
ഇന്ത്യയുടെ ശക്തി
പ്രസ്താവനകള്‍കൊണ്ട് ഭീഷണിപ്പെടുത്തുക എന്നത് ചൈനയുടെ രാഷ്ട്രീയ തന്ത്രമായിരിക്കാം. പക്ഷേ, ഭരതത്തിന്റെ സാമൂഹിക സാംസ്കാരിക ശക്തിയെയും, സാമ്പത്തിക ഭദ്രതയെയും, സൈനിക ശക്തിയെയും തുടച്ചുനീക്കാന്‍ ചൈനക്ക് കെല്‍പ്പില്ല. ഭാരതത്തിലെ ആഭ്യന്തര പ്രശ്നങ്ങളേയും, ഭീകരവാദ ആക്രമണങ്ങളെയുമൊക്കെ മറികടക്കാനുള്ള ശക്തി ഇന്ത്യയ്ക്കുണ്ട്. ഈ ആഭ്യന്തര വെല്ലുവിളികളുടെ സമയം ഇന്ത്യയെ ഭയപ്പെടുത്തി കാര്യസാദ്ധ്യത്തിന് ഉപയോഗിക്കാമെന്നും കരുതുന്നത് വെറുമൊരു രാഷ്ട്രീയ അബദ്ധ ധാരണ മാത്രമാണ്.
ഇന്ത്യയിലെ പല മാധ്യമങ്ങളില്‍ക്കൂടിയും ചൈനീസ് നയതന്ത്ര പ്രതിനിധികള്‍ അടുത്തയിടെയായി പലതരം പ്രസ്താവനകള്‍ നടത്തിവരുന്നുണ്ട്. അവയില്‍ പലതിലും ഒളിഞ്ഞും തെളിഞ്ഞും കാണുന്ന ഒന്ന്, കുപ്രചാരണങ്ങളുടെ അതിപ്രസരത്തിലൂടെ ഭാരതത്തില്‍ സംഭ്രാന്തി പരത്തുക എന്നുള്ളതായിരിക്കാം. ചൈനയുടെ ഇപ്പോഴത്തെ അംബാസഡര്‍ ഒരു അഭിമുഖത്തില്‍, ഇന്ത്യയെപ്പറ്റി പറഞ്ഞ രീതി ഒരു നയതന്ത്രജ്ഞന് യോജിച്ചതല്ല. ഭീഷണിയുടെ സ്വരമാണയിരുന്നു അതില്‍. ഇന്ത്യ നിരുപാധികം അതിര്‍ത്തിയില്‍ നിന്നു പിന്മാറുക എന്നും, ഭൂട്ടാന് സംരക്ഷണം നല്കാന് ഇന്ത്യക്ക് യാതൊരു അവകാശവും ഇല്ല എന്നുമൊക്കെയുള്ള അഭിപ്രായങ്ങള്‍ തീര്‍ച്ചയായും നയതന്ത്ര തലങ്ങളില്‍ അനിഷ്ടത്തിന് വഴിവച്ചേക്കാം.
ഇന്ത്യയുടെ ശക്തി സൈനിക ശേഷിയില്‍ മാത്രം ഒതുങ്ങുന്നതല്ല എന്ന വസ്തുതയാണ് ചൈന മനസ്സിലാക്കേണ്ടത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനങ്ങള്‍ ഭാഷാസംസ്കാര ഭേദമന്യേ, രാഷ്ട്രീയാദര്‍ശ ഭേദമന്യേ ഭരതത്തിന്റെ പരമാധികാരവും അഖണ്ഡതയും കാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഒപ്പം, അയല്‍ രാജ്യങ്ങളുടെ അഭിവൃദ്ധിയും ആഗ്രഹിക്കുന്നവരാണ്. ഭാരതത്തിന്റെ അതിരുകള്‍ക്കുള്ളില്‍ എന്തൊക്കെ എതിരഭിപ്രായങ്ങള്‍ ഉണ്ടായാലും,അത് മറ്റൊരു രാജ്യത്തിന് ചൂഷണം ചെയാനുള്ള അവസരമായി മാറ്റാം എന്നു കരുതുന്നതു വിഡ്ഢിത്തവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: