കോട്ടയം: പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ സ്മരണയില്‍ പാക്കില്‍ സംക്രമ വാണിഭം ഇന്ന് ആരംഭിക്കും. പാക്കില്‍ ധര്‍മ്മശാസ്താ ക്ഷേത്ര മൈതാനത്തു കര്‍ക്കടകം ഒന്നു മുതല്‍ ഒരു മാസമാണ് സംക്രമവാണിഭം. ഐതിഹ്യപ്പെരുമ നിറഞ്ഞ മേള നാടിന് സമ്മാനിക്കുന്നത് ഒരു ഉത്സവകാലമാണ്.
പാക്കനാരുടെ ഇളം തലമുറയിലെ കണ്ണികള്‍ മുറതെറ്റാതെ എല്ലാ വര്‍ഷവും കുട്ടയും മുറവുമൊക്കെയായി വില്‍പ്പനയ്ക്കെത്തുന്നത് ആരിലും കൗതുകമുണര്‍ത്തും. ഉപ്പുതൊട്ടു കര്‍പ്പൂരംവരെ മേളയിലെത്തും. പരമ്പരാഗത വീട്ടുപകരണങ്ങളായ അരകല്ല്, ആട്ടുകല്ല്, ഉരല്, ഉലക്ക, വട്ടി, കുട്ട, മുറം, തഴപ്പായ തുടങ്ങി ആധുനികയുഗത്തിലെ ഹൈടെക്ക് ഉപകരണങ്ങള്‍വരെ മേളയില്‍ ലഭ്യമാണ്. കുടംപുളി, കറിച്ചട്ടികള്‍, തടിയില്‍ പണിത ഫര്‍ണിച്ചര്‍ എന്നിവയും ആകര്ഷകങ്ങളാണ്്.
തെക്കുംകൂര്‍ രാജവാഴ്ചക്കാലത്ത് സൈന്യത്തിന്റെ പടനിലമെന്ന് പറയപ്പെട്ടിരുന്ന ക്ഷേത്രമൈതാനത്താണു വാണിഭം നടക്കുന്നത്. പടിഞ്ഞാറും തെക്കും നാടുകളില്‍നിന്നു ജലമാര്‍ഗം കേവുവള്ളങ്ങളില്‍ കണ്ണാടിക്കടവിലെത്തിക്കുന്ന വിവിധ തരം തഴപ്പായകള്‍, കരകൗശല സാധനങ്ങള്‍ തുടങ്ങിയവ വഴിയോരങ്ങളില്‍ വില്പ്പനടത്തിയിരുന്ന കാലം ദേശവാസികള്‍ക്ക് ഇന്നും ഒളിമങ്ങാത്ത ഓര്‍മയാണ്.
പരമ്പരാഗത വസ്തുക്കള്‍ വീടുകളില്‍നിന്ന് പുറത്താകുകയും ഹൈടെക്ക് ഉപകരണങ്ങള്‍ കടന്നുകയറുകയും ചെയ്തതോടെ സംക്രമ വാണിഭത്തിലും മാറ്റങ്ങള്‍ വന്നിരിക്കുന്നു.
ബ്രഹ്മഹത്യ നടത്തിയ പരശുരാമന് പാപമുക്തിക്കായി കേരളക്കരയിലാകെ വിഗ്രഹ പ്രതിഷ്ഠ നടത്തി ക്ഷേത്രങ്ങള്‍ നിര്‍മിച്ചു വരവേ, പാക്കിലുലുമെത്തി. ഇവിടെ ശിലാവിഗ്രഹം പ്രതിഷ്ഠിച്ചു ക്ഷേത്രം പണിയാനൊരുങ്ങിയ പരശുരാമന് എത്ര ശ്രമിച്ചിട്ടും വിഗ്രഹം ഉറപ്പിക്കാനാകാതെ വന്നപ്പോള്‍ അതുവഴി മുറം വില്‍പ്പനയ്ക്കെത്തിയ പാക്കനാരെ വിളിച്ചു സഹായം അഭ്യര്‍ഥിച്ചു. പാക്കനാരെത്തി ഇവിടെ പാര്‍ക്കൂ എന്നുപറഞ്ഞു വിഗ്രഹം പിടിച്ചുറപ്പിച്ചതായാണ് ഐതിഹ്യം.
പില്ക്കാലത്ത് ഈ പ്രദേശം പാക്കില്‍ എന്ന പേരില്‍ അറിയപ്പെട്ടു. ഇതിനു പ്രത്യുപകാരമായി എല്ലാ വര്‍ഷവും കര്‍ക്കടകം ഒന്നിനു ഇവിടെയെത്തി മുറം വില്‍പ്പന നടത്താന്‍ പരശുരാമന് പാക്കനാര്‍ക്ക് അനുമതി കൊടുത്തുവത്രേ. പാക്കനാര്‍ക്കു ശേഷവും പിന്തലമുറക്കാര് പതിവു തെറ്റിക്കാതെ എല്ലാ വര്‍ഷവും ഇവിടെയെത്തുന്നുണ്ട്. ഇതാണ് ഇന്നത്തെ പ്രസിദ്ധമായ പാക്കില്‍ സംക്രമവണിഭത്തിന് ആധാരമെന്നു പഴമക്കാര്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: