കൊട്ടാരക്കര: തലച്ചിറയില്‍ ബിജെപിയില്‍ ചേര്‍ന്ന മുസ്ലീം കുടുംബത്തിന് മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന വെട്ടിക്കവല ഗ്രാമപഞ്ചായത്ത് അധികാരികള്‍ക്കെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്. ശക്തമായ പ്രതിഷേധത്തിനും നിയമപോരാട്ടത്തിനും രൂപം നല്‍കിയതായി പഞ്ചായത്ത് സമിതി ഭാരവാഹികള്‍ അറിയിച്ചു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
ദേശീയ ന്യൂനപക്ഷകമ്മീഷന് തിങ്കളാഴ്ച തന്നെ പരാതി നല്‍കും. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ പഞ്ചായത്ത്സെക്രട്ടറിയെ അനിശ്ചിത കാലത്തേക്ക് ഉപരോധിക്കും. പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉള്‍പ്പടെ വിവിധ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കും. ബിജെപിയില്‍ ചേര്‍ന്നതിന്റെ പേരില്‍ മുസ്ലീം കുടുംബത്തെ ഒറ്റപ്പെടുത്തിയിട്ടും പ്രതികരിക്കാന്‍ തയ്യാറാകാത്ത സാംസ്കാരിക നായകരുടെ ഇരട്ടമുഖം തുറന്നുകാട്ടാന്‍ ബഹുജനസദസ് സംഘടിപ്പിക്കാനും തീരുമാനമുണ്ടെന്ന് പ്രസിഡന്റ് ബൈജു തോട്ടശ്ശേരി, സദാനന്ദപുരം സുരേഷ്ബാബു എന്നിവര്‍ അറിയിച്ചു.
തലച്ചിറ ഏഴാംവാര്‍ഡിലെ ഫൗസിയമന്സിലില് റംലത്ത് ബീവിയാണ് വെട്ടിക്കവല പഞ്ചായത്ത് അധികൃതരുടെ പകപോക്കലിന് ഇരയായത്. വര്‍ഷങ്ങളായി നാലര മീറ്ററിലധികം വീതിയുണ്ടായിരുന്ന വഴി രാഷ്ട്രീയ വിരോധം മൂലം ചിലര്‍ കൈയ്യേറുകയായിരുന്നു. ഹൃദ്രോഗിയായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ട്പോകാന്‍ വാങ്ങിയ കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവരുടെ കാര്‍പോര്‍ച്ചില്‍ വിശ്രമിക്കുകയാണ്. യന്ത്രഭാഗങ്ങള്‍ തുരുമ്പെടുത്ത് കാര്‍ നശിച്ചുതുടങ്ങി.
ഈ റോഡിന്റെ 150 മീറ്റര്‍ മാത്രമാണ് അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ നശിച്ച് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയത്. കാര്‍ പുറത്തിറക്കാനും അര്‍ഹതപ്പെട്ട വഴി സഞ്ചാരയോഗ്യമാക്കാനും വേണ്ടി റംലാബീവിയും രണ്ട് പെണ്മക്കളും മുട്ടാത്ത വഴികളില്ല.
മുന്‍മുഖ്യമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയന്, മനുഷ്യാവകാശകമ്മീഷന്,നഗരവികസനമന്ത്രി, ജില്ലാകളക്ടര്‍, തഹസീല്‍ദാര്‍, പഞ്ചായത്ത് ഡയറക്ടര്‍ തുടങ്ങി കഴിഞ്ഞ രണ്ടര വര്‍ഷമായി പരാതി നല്‍കാത്ത ഇടങ്ങളില്ല. പരാതി കേട്ട് ന്യായമാണെന്ന് ബോധ്യമായ എല്ലാവരും പഞ്ചായത്തിന് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും പഞ്ചായത്ത് അനങ്ങാപാറ നയം സ്വീകരിക്കുകയാണ്. ഇതിനെതിരെയാണ് സമരപരിപാടികള്‍ക്ക് ബിജെപി രൂപം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: