അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെലവ് ചുരുക്കല്‍ പ്രഖ്യാപനത്തിന് പിന്തുണയുമായി ത്രിപുര സര്‍ക്കാര്‍. ഇന്ധനം ലാഭിക്കുന്നത് ഉള്‍പ്പടെയുള്ള ചെലവുകള്‍ കുറയ്‌ക്കുന്നതിനായി സംസ്ഥാനത്തെ ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലെ 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. ഘട്ടം ഘട്ടമായി സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. നിലവില്‍ ദക്ഷിണ ത്രിപുര ജില്ലാ ഭരണകൂടത്തിലാണ് നടപ്പിലാക്കിയത്.
ഉത്തരവ് പ്രകാരം ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലെ ജീവനക്കാരില്‍ പകുതി പേര്‍ മാറി മാറി ഓഫീസില്‍ ഹാജരാകും ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോമില്‍ സമയക്രമം പാലിച്ച് ജോലില്‍ ചെയ്യും. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാര്‍ ഫോണ്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി എല്ലായ്‌പ്പോഴും ലഭ്യരായിരിക്കണം എന്നും കര്‍ശന നിര്‍ദേശമുണ്ട്. ആഴ്ചതോറും വകുപ്പ് മേധാവികള്‍ ഇവരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ പരിഷ്‌കരിക്കും.
അത്യാവശ്യ സേവനങ്ങളിലെയും അടിയന്തര വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ അറിയിച്ചു.
















