കോട്ടയം: പ്രധാനമന്ത്രിയുടെ പുതുക്കിയ പതിനഞ്ചിന പരിപാടികള്‍ക്ക് കീഴില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നടപ്പാക്കാവുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് ജോര്‍ജ്ജ് കുര്യന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെട്ട സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. മദ്രസകളുടെ നവീകരണത്തിനും കമ്പ്യൂട്ടര്‍വത്ക്കരണത്തിനും 15 ഇന പരിപരിപാടിക്ക് കീഴില്‍ തുക അനുവദിക്കുമെന്ന് കമ്മീഷന് വൈസ് ചെയര്മാന് യോഗത്തെ അറിയിച്ചു. ഇതു സംബന്ധിച്ച വിശദമായ പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൗലാന ആസാദ് ഫൗണ്ടേഷനില്‍ നിന്നുളള ധനസഹായം, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുളള സ്കോളര്‍ഷിപ്പുകള്‍ വിദേശ പഠനത്തിനുളള ധനസഹായം തുടങ്ങിയ പദ്ധതികള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ജില്ലാ കളക്ടര്‍ സി.എ ലത, എഡിഎം കെ. രാജന്, വിദ്യാഭ്യാസം, ഗ്രാമ വികസനം, സാമൂഹ്യനീതി, എംപ്ലോയ്മെന്റ് തുടങ്ങിയ വകുപ്പുകളില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: