സെന്‍കുമാര്‍ ചരിത്രപുരുഷനായത് കേരളത്തെ ഭയപ്പെടുത്തുന്ന ഒരു ഇരട്ടച്ചങ്കിന് നാലാളറിയെ ഓട്ടയിട്ടതിന്റെ പേരിലാണ്. കതിരൂര്‍ ജയരാജാവിന്റെ കല്ലേപ്പിളര്‍ക്കുന്ന ആജ്ഞകളും ആസൂത്രണങ്ങളുമാണ് കൊടി സുനി മുതല്‍ ഇരട്ടച്ചങ്കന്മാര് ഒരു മയവുമില്ലാതെ നടപ്പാക്കുന്നതെന്നതാണല്ലോ കേരളത്തിന്റെ നടപ്പ് കാലം വരച്ചുകാട്ടുന്നത്. സംസ്ഥാന പോലീസ് മേധാവിയായിരുന്ന സെന്‍കുമാറിനെ അധികാരത്തിന്റെ മാത്രം അഹങ്കാരത്തില്‍ പദവിയില്‍നിന്ന് മാറ്റിയാണ് പിണറായി സര്‍ക്കാര്‍ സംസ്ഥാനത്ത് ക്രമസമാധാനപാലനത്തില്‍ ഒരു ബഹ്റേറിയന് യുഗം സ്ഥാപിച്ചത്. പിന്നെ എല്ലാം അതിവേഗത്തിലായിരുന്നു.
ജിഷക്കേസില്‍ ചെന്നിത്തലയുടെ പോലീസ് ചെരിപ്പ് തൂക്കിയിട്ട് തെളിവെടുപ്പ് നടത്തുന്ന കാലത്താണ് പിണറായി അധികാരക്കസേരയേറുന്നത്. അധികാരത്തിലേറുന്നതുവരെ ആ ചെരിപ്പിന്റെ പേരില്‍ പോലീസിനേയും ചെന്നിത്തലയേയും കണക്കറ്റ് പരിഹസിച്ചിരുന്നവര്‍ ഭരണത്തിലെത്തിയിട്ടും കഥ മാറിയില്ല. ചെരിപ്പും മണപ്പിച്ച് വടക്കുകിഴക്കന്‍ മേഖലയാകെ അരിച്ചുപെറുക്കി ഒരു പ്രതിയെ പൊക്കി. മലയാളം സംസാരിക്കാനറിയാത്ത ഒരാള്‍.
നാടെങ്ങും സഖാക്കള്‍ അത് ആഘോഷമാക്കി. പിണറായിയും ബെഹ്റയും തലയില്‍ കിരീടവും തൂവലുമായി നില്ക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ കവലകളില്‍ നിരന്നു. ജിഷ വധക്കേസിന് തുമ്പുണ്ടാക്കിയ പിണറായിക്കും ബെഹ്റയ്ക്കും നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍. ബോര്‍ഡുകള്‍ കണ്ട നാട്ടുകാര്‍ പലരും ജമ്പനും തുമ്പനുമെന്ന് അടക്കം പറഞ്ഞ് ചിരിച്ചു. സെന്‍കുമാറിന് പകരമെത്തിയ ബെഹ്റ ഒന്നൊന്നര സംഭവമാണെന്ന് വരുത്തിത്തീര്‍ത്ത അഭ്യാസമായിരുന്നു ജിഷവധക്കേസിന്റെ സംശയാസ്പദമായ ഈ ക്ലൈമാക്സ്.
ഡിജിപിയായിരുന്ന സെന്‍കുമാറിനെ കെട്ടിടംപണി കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിന് പറഞ്ഞുവിട്ടായിരുന്നു പിണറായി സര്‍ക്കാരിന്റെ ഭരണപരിഷ്കാരം. 2016 മെയ് 30ന് ടെലിവിഷന്‍ വാര്‍ത്തയിലൂടെയാണ് സംസ്ഥാനത്തെ ഡിജിപി, തന്നെ സര്‍ക്കാര്‍ മാറ്റുന്നു എന്ന വിവരം അറിയുന്നതുതന്നെ. മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലീസ് വകുപ്പ്കൂടി ഭരിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് ആ വിവരം അദ്ദേഹത്തിന് ഔദ്യോഗികമായി ലഭിക്കുന്നത്.
പിന്നീട് സെന്‍കുമാര്‍ നടത്തിയത് ഇതിനുമുമ്പുണ്ടായിട്ടില്ലാത്തവിധം ഒരു നിയമയുദ്ധമാണ്. സര്‍ക്കാര്‍ തിട്ടൂരത്തിന് വഴങ്ങാതിരിക്കുന്നതിന് കാരണം പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമായിരുന്നു. ഒരു പകപോക്കല്‍ സെന്‍കുമാര്‍ മണത്തു എന്ന് സാരം.
ഇന്ത്യന്‍ ഇക്കണോമിക്ക് സര്‍വീസില്‍ നിന്ന് 1983ല്‍ ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്ക് ചേക്കേറിയ സെന്‍കുമാറിന് ലഭിച്ച ആദ്യ നിയോഗം തലശ്ശേരി എസിപി എന്ന നിലയിലാണ്. തലശ്ശേരി എന്നത് ഒരു നാടിന്റെ പേര് മാത്രമല്ലെന്ന് പിണറായിയന്‍ കാലഘട്ടത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ട ആര്‍ക്കും മനസ്സിലാകും. സെന്‍കുമാര്‍ ഡിജിപി ആയിത്തുടരുന്നതില് കതിരൂരിലെ രാജാവിന് അനിഷ്ടമുണ്ടാകുമെന്നത് നിശ്ചയം. ആ പ്രേരണയാകും പിണറായി സര്‍ക്കാരിന്റെ വിരോധത്തിന് പിന്നിലെന്ന് സെന്‍കുമാര്‍ തന്നെ തുറന്നടിച്ചു.
സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും പിന്നെ ഹൈക്കോടതിയിലും സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍കുമാര്‍ പരാതിയുമായി പോയി. രണ്ടിടത്തും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് സെന്‍കുമാര്‍ പരമോന്നതനീതിപീഠത്തെ സമീപിച്ചത്. 2017 ഏപ്രില്‍ 24ന് പിണറായി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായ നടപടി തിരുത്തി സെന്‍കുമാറിനെ പോലീസ് മേധാവിയായി തിരികെ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. എന്നിട്ടും സര്‍ക്കാര്‍ പൊട്ടന്‍കളിച്ചു. ഒടുവില്‍ സെന്‍കുമാര്‍ മെയ് രണ്ടിന് കോടതിയലക്ഷ്യത്തിന് നീതിപീഠത്തെ സമീപിച്ചു. കോടതി പരാതി കേള്‍ക്കാനെടുത്ത അതേ ദിവസം ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ സെന്‍കുമാറിനെ ഡിജിപിയായി അവരോധിച്ച് ഉത്തരവിറക്കി. കോടതി നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിന് വേണ്ടി നിരുപാധികം മാപ്പ് പറഞ്ഞു.
സെന്‍കുമാറിനെ സര്‍ക്കാര്‍ വേട്ടയാടാന്‍ കാരണങ്ങള്‍ പലതാണ്. തലശ്ശേരിയിലെ പോലീസ് ജീവിത കാലം മുതല്‍ ടിപി കൊലപാതകക്കേസ് വരെ സെന്‍കുമാര്‍ ക്രിമിനല്‍ പാര്‍ട്ടി ഓഫ് മാര്‍ക്സിസ്റ്റ് ആയി മാറിക്കഴിഞ്ഞ സിപിഎമ്മിന് ഒരു തലവേദനയായിരുന്നു. പിണറായിക്കും കൂട്ടര്‍ക്കും വേണ്ടപ്പെട്ടവര്‍ പലരും അഴികള്‍ക്കുള്ളിലായത് അവര്‍ക്ക് സഹിക്കുന്നുണ്ടായിരുന്നില്ല. എന്തായാലും വീഴ്ചകളുടെ മാത്രം കഥ പറയാനുള്ള പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയായി സെന്‍കുമാര്‍ എപ്പിസോഡ്.
ഇത്രവലിയ വീഴ്ചയില്‍ നിന്നുപോലും പാഠം പഠിക്കാന്‍ തയ്യാറല്ലെന്നതാണ് വിരമിച്ച ശേഷവും സര്‍ക്കാര്‍ അദ്ദേഹത്തെ വേട്ടയാടാന്‍ നടത്തുന്ന പുതിയ നീക്കങ്ങള്‍. തങ്ങള്‍ക്ക് തടസ്സമെന്ന് തോന്നുന്നവരെ ഇല്ലാതാക്കാന്‍ പിണറായി മുതല്‍ ലോക്കല്‍ ജയരാജന്മാര് വരെ പയറ്റുന്ന പ്രധാന അടവുകള്‍ മൂന്നാണ്. ആദ്യത്തേത് അറപ്പും വെറുപ്പും ഉളവാക്കുന്ന നുണക്കഥകള്‍ സൃഷ്ടിച്ച് എതിരാളിയെ മാനം കെടുത്തുക. രണ്ടാമത്തേത് കള്ളക്കേസില്‍ കുടുക്കുക. എന്നിട്ടും ശരിയായില്ലെങ്കില്‍ വളഞ്ഞിട്ട് വെട്ടിക്കൊല്ലുക. പാര്‍ട്ടിയ്ക്കകത്തും പുറത്തും തങ്ങള്‍ക്ക് പ്രശ്നമാകുന്നവരെ ഉന്മൂലനം ചെയ്യുക എന്നതാണ് നയവും നിലപാടും.
വാതിലുകള്‍ കൊട്ടിയടച്ചിരുന്ന് വെട്ടിനിരത്താനുള്ളവരുടെ പട്ടികയെടുക്കല് പ്രക്രിയ നടത്തി അതിന് പ്രത്യയശാസ്ത്രം എന്ന തൊങ്ങലുപിടിപ്പിക്കലാണല്ലോ പാര്‍ട്ടിപരിപാടി. അത്തരം പരിപാടിയുടെ പുതിയ ഇനമായി വേണം സെന്‍കുമാറിനെതിരായ കേസിനെ കാണാന്‍.
പോലീസ്ത്തലപ്പത്തിരുന്നപ്പോള് പുറത്തുവന്ന സെന്‍കഥകള്‍ പലരെയും അലോസരപ്പെടുത്തിയിട്ടുണ്ട്. ഇനിയിപ്പോള്‍ കുപ്പായം ഊരിവെച്ച് മറയില്ലാതെ സെന്‍കുമാര്‍ പറയാന്‍ തുടങ്ങുകയാണ്. കേരളത്തെ ഇസ്ലാമികരാജ്യമാക്കാന്‍ പരിശ്രമം നടക്കുന്നുവെന്ന് ആര്എസ്എസുകാര്ക്കുശേഷം കണക്കുകള്‍ ഉദ്ധരിച്ച പറഞ്ഞത് മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദനാണ്. പ്രേമത്തിന്റെ മറവില്‍ മതംമാറ്റം നടക്കുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നതും അതേ മന്ത്രിസഭയുടെ കാലത്താണ്. സെന്‍കുമാറിനെതിരെ കേസെടുത്ത സ്ഥിതിക്ക് അതേ കാര്യം നിയമസഭയില്‍ പറഞ്ഞ വിഎസിനെതിരെയും അന്വേഷണം ആകാവുന്നതാണ്.
ലവ്ജിഹാദ് എന്നത് കെട്ടുകഥയല്ലെന്ന് സെന്‍കുമാര്‍ അദ്ദേഹത്തിന്റെ നീണ്ടകാലത്തെ പോലീസ് ജീവിതത്തിന്റെ അനുഭവത്തില്‍ വിളിച്ചുപറഞ്ഞപ്പോള്‍ എന്തിനോ കാത്തിരുന്ന പിണറായിയുടെ തലയില്‍ എന്തോ വീണതുപോലെ തോന്നി. സാമുദായികസ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സെന്‍കുമാറിനെതിരെ കേസെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുന്നു. നരേന്ദ്രമോദി മുതല്‍ കുമ്മനം രാജശേഖരനും കെ.പി.ശശികലടീച്ചറും വരെയുള്ളവര്‍ നേരിട്ടിരുന്ന ആരോപണത്തിലേക്ക് ടി.പി. സെന്‍കുമാറും വലിച്ചിഴയ്ക്കപ്പെടുന്നു.
കേരളം ഇസ്ലാംഭൂരിപക്ഷമായാലെന്താ എന്ന തുറന്ന ചോദ്യവുമായി സുഡാപ്പികളും രംഗത്തെത്തിക്കഴിഞ്ഞു. മാപ്പിളകലാപം മുതല്‍ മാറാട് കൂട്ടക്കൊല വരെ പരീക്ഷിച്ച് വിജയിച്ച ഉന്മൂലനവാദത്തിന് ഇപ്പോള്‍ ഒരു സര്‍ക്കാര്‍ പരോക്ഷപിന്തുണ നല്കുന്നു എന്ന അപകടം കൂടിയുണ്ട് സെന്‍കുമാറിനെതിരായ ഈ എടുത്തുചാട്ടത്തില്‍ എന്ന് അല്പമെങ്കിലും ബോധം അവശേഷിക്കുന്ന മാര്ക്സിസ്റ്റുകാരനുണ്ടെങ്കില് കരുതേണ്ടതാണ്. മതഭീകരതയുടെയും രാജ്യവിരുദ്ധപ്രവര്ത്തനത്തിന്റെയും കേന്ദ്രമായി കേരളം മാറുന്നു എന്ന് പറയാന്‍ സെന്‍കുമാറിനെപ്പോലുള്ള ഒരു ഉദ്യോഗസ്ഥനുപോലും കാക്കിയൂരി പുറത്തുവരേണ്ടി വന്നു എന്നത് അകത്തളങ്ങളില്‍ ഒളിപ്പിക്കുന്ന ദുരൂഹതകളുടെ ആഴം വെളിവാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: