വാഷിംഗ്ടണ്‍ ഡിസി: ആറു മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് യുഎസില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടു പുറപ്പെടുവിച്ച ഉത്തരവിലെ ഏതാനും നിബന്ധനകള്‍ ഹവായ് കോടതി റദ്ദാക്കിയത് ട്രംപ് ഭരണകൂടത്തിനു തിരിച്ചടിയായി. സുപ്രീംകോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന യാത്രാവിലക്ക് ഉത്തരവില്‍ യുഎസില്‍ അടുത്ത ബന്ധുക്കളുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.
അടുത്ത ബന്ധുക്കളുടെ നിര്‍വചനത്തില്‍നിന്നു വല്യപ്പന്, വല്യമ്മ, അമ്മാവന്, അമ്മായി തുടങ്ങിയവരെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹവായ് കോടതി വിധി പറഞ്ഞത്.
വല്യമ്മയും വല്യപ്പനും മറ്റും അടുത്ത ബന്ധുക്കളാണെന്നു സാമാന്യബോധമുള്ളവര്‍ക്കെല്ലാം മനസിലാവുമെന്നു ജഡ്ജി വാട്സണ് ചൂണ്ടിക്കാട്ടി.
നിലവിലുള്ള ഉത്തരവിലെ അനാവശ്യ നിയന്ത്രണങ്ങള്‍ ഉടന്‍ ഒഴിവാക്കാന്‍ ജഡ്ജി ഉത്തരവിട്ടു. പുതിയ ഉത്തരവ് യുഎസില്‍ വീസയ്ക്ക് അപേക്ഷിക്കുന്ന ഒട്ടേറെപ്പേര്‍ക്കു ഗുണകരമാവും. ജസ്റ്റീസ് വാട്സന്റെ ഉത്തരവിനു രാജ്യവ്യാപകമായി പ്രാബല്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: