പയ്യന്നൂര്‍: കമ്മ്യൂണിസ്റ്റ് ഭീകരതയില്‍ സര്‍വ്വവും നഷ്ടപ്പെട്ട അമ്മമാരും കുഞ്ഞുങ്ങളും നിറകണ്ണുകളുമായി അഭയാര്‍ത്ഥി ക്യാമ്പില്‍. അന്നന്നത്തെ ജീവിതച്ചെലവിനായി കൂലിപ്പണിയെടുത്ത് ജീവിക്കുന്നതിനിടയില്‍ സമ്പാദിച്ച തുച്ഛമായ പണം കൊണ്ടും ബാങ്കില്‍ നിന്നും മറ്റുമെടുത്ത വായ്പ ഉപയോഗിച്ചും വെയിലും മഴയും കൊള്ളാതെ കിടന്നുറങ്ങാന്‍ കെട്ടിയുര്‍ത്തിയ വീടും വീട്ടുപകരണങ്ങളും സ്വന്തം കണ്മുന്നില്വെച്ച് അക്രമികള്‍ അഗ്നിക്കിരയാക്കിയതും അടിച്ചുതകര്ത്തതുമായ രംഗങ്ങളും അക്രമികളെക്കണ്ട് ഭയന്ന് കൈക്കുഞ്ഞുങ്ങളെയെടുത്ത് ജീവനുംകൊണ്ട് ഓടിയതും വൃദ്ധരായ കുടുംബാംഗങ്ങളെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ നടത്തിയ ത്യാഗങ്ങളും നിറഞ്ഞ കണ്ണുകളോടെ ഗത്ഗത കണ്ഠരായി പരസ്പരം കൈമാറിയപ്പോള്‍ ക്യാമ്പിലെത്തിയ നേതാക്കളുടേയും സംഘപരിവാര്‍ പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും കണ്ണൂകള്‍ ഈറനണിഞ്ഞു. അമ്മമാരേയും പ്രായമായ സ്ത്രീകളേയും പുരുഷന്മാരേയും കൈക്കുഞ്ഞുങ്ങളെയും സമാശ്വസിപ്പിക്കാന്‍ ക്യാമ്പിലെത്തിയ നേതാക്കളും മറ്റ് പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടു.
തങ്ങള്‍ക്ക് ശരിയെന്ന് തോന്നിയ സംഘടനയില്‍ വിശ്വാസമര്‍പ്പിച്ചതിന്റെ പേരില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട വീടും വീട്ടുപകരണങ്ങളും ഇനിയെങ്ങനെ വീണ്ടെടുക്കുമെന്ന നിസ്സാഹയത ക്യാമ്പില്‍ പങ്കെടുന്ന കുടുംബങ്ങളുടെയെല്ലാം മുഖത്ത് പതിഞ്ഞു കാണാമായിരുന്നു.
പന്ത്രണ്ടോളം വീടുകളാണ് അക്രമികള്‍ പൂര്‍ണമായും തീവച്ച് നശിപ്പിക്കുകയും അടിച്ചുതകര്‍ക്കുകയും ചെയ്തത്. വിവിധ വീട്ടുമുറ്റങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന പത്തിലേറെ വാഹനങ്ങളും തീയിട്ട് നശിപ്പിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ ഉണ്ണിയുടെ വീടും വീട്ടുപകരണങ്ങളും നശിപ്പിച്ച അക്രമിസംഘം മകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അഗ്നിക്കിരയാക്കിയ രംഗം വിവരിക്കാനാവാതെ ബുദ്ധിമുട്ടുന്നത് ക്യാമ്പിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തവരെ ഏറെ വേദനിപ്പിച്ചു. ആരാധിക്കുന്ന ഇഷ്ടദൈവങ്ങളുടെ ചിത്രങ്ങളും നിലവിളക്കുകളും പൂര്‍വ്വികരുടെ ഫോട്ടോകളും ചവിട്ടിയും കീറിയും വലിച്ചെറിയുകയും ആയുങ്ങളുപയോഗിച്ച് നശിപ്പിക്കുകയും ചെയ്ത രംഗങ്ങളും പലരും ഞെട്ടലോടെ ഓര്ത്തെടുത്തമ്പോള് ക്യാമ്പിന്റെ ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കാനെത്തിയവര്‍ അതിശയത്തോടെ ശ്രവിച്ചു. മാരകായുധങ്ങളുമായി നൂറോളം പേരടങ്ങന്ന സിപിഎം അക്രമിസംഘങ്ങളാണ് തങ്ങളുടെ വീടുകളില്‍ അഴിഞ്ഞാടിയതെന്ന് ക്യാമ്പംഗങ്ങള്‍ പറഞ്ഞു. അക്രമം നടന്ന ദിവസം വീടുകളില്‍ നിന്നും പാലായനം ചെയ്ത് പല ബന്ധുവീടുകളിലും അഭയതേടിയ പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരും കുടുംബങ്ങളുമെല്ലാം ക്യാമ്പിലെത്തി. സകലവും നഷ്ടപ്പെട്ടവര്‍ പാചകം ചെയ്യാനും പ്രാഥമിക കര്‍മ്മങ്ങള്‍ നടത്താനും കുട്ടികളെ സ്കൂളില്‍ പറഞ്ഞയക്കാനും ജോലിക്കു പോകാനും ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിലാണ് സംഘപരിവാര്‍ സംഘടനകള്‍ നേരിട്ട് അഭയാര്‍ത്ഥി ക്യാമ്പ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ക്യാമ്പില്‍ ഭക്ഷണം ഉള്‍പ്പെടെ അത്യാവശ്യ സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളുടെ പുനര്‍ നിര്‍മ്മാണം നടത്തി വാസയോഗ്യമാക്കുന്നതുവരെ ക്യാമ്പ് തുടരാനാണ് സംഘഫരിവാര് സംഘടനകളുടെ തീരുമാനം. മാര്‍ക്സിസ്റ്റ് അക്രമത്തിന്റെ നേര്‍ചിത്രം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാനും ക്യാമ്പ് സഹായകമായി മാറി. കണ്ണൂരിലെ സിപിഎം പാര്‍ട്ടിഗ്രാമങ്ങളില്‍ ഇതര രാഷ്ട്രീയ പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും നേതാക്കളും അനുഭവിക്കുന്ന ദുരിതങ്ങള്‍ തുറന്നുകാട്ടുന്നതായി കൂടി ക്യാമ്പ് മാറിയിരിക്കുകയാണ്.
വീട് തീയിട്ട് നശിപ്പിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ത്ത് തന്റെ ഉപജീവന മാര്‍ഗ്ഗമായ കടയടക്കം അക്രമികള്‍ തകര്‍ത്തത് എന്തിന്റെ പേരിലാണെന്ന് സ്വയം ചോദിക്കുകയാണ് ബിജെപി ജില്ലാ കമ്മറ്റിയംഗം ഗംഗന് തായിനേരി. മൂന്നാം തവണയാണ് ഗംഗന്റെ കട സിപിഎമ്മുകാര്‍ തകര്‍ക്കുന്നത്. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി.രാജേഷാവട്ടെ തന്റെ വീടും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് മിനി ബസ്സുകളും അഗ്നിക്കിരയാക്കിയതോടെ ഇനിയെന്ത് ചെയ്യുമെന്ന വിഷമത്തിലാണ്. കൂടാതെ സോഫകളും കിടക്കകളും ഉള്‍പ്പെടെ വീട്ടുപകരണങ്ങള്‍ മുഴുവന്‍ അഗ്നിക്കിരയാക്കി. ബിജെപി മുന്‍സിപ്പല്‍ മുന്‍ സെക്രട്ടറി അന്നൂരിലെ കുമാരനും കുടുംബവും ഓട്ടോറിക്ഷയും വീടും വീട്ടുപറമ്പിലെ കൃഷിയും പൂര്‍ണമായും നഷ്ടപ്പെട്ട ബിഎംഎസ് മുനിസിപ്പല്‍ ജോയന്റ് സെക്രട്ടറി ഗണേശന്, ബിഎംഎസ് ഓട്ടോറിക്ഷാ സംഘ് മേഖലാ കമ്മറ്റിയംഗം ഉണ്ണി കാറമേല്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അന്നൂരിലെ കെ.പി.അരുണ്‍ കുമാര്‍, ബോംബേറില്‍ വീട് തകര്‍ന്ന ബിജെപി സംസ്ഥാന സമിതിയംഗം എ.കെ.രാജഗോപാല്‍, ഉപജീവനമാര്‍ഗ്ഗമായ ഓട്ടോറിക്ഷയും വീടും നഷ്ടപ്പെട്ട ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പനക്കില്‍ ബാലകൃഷ്ണന്, വീട് നഷ്ടപ്പെട്ട മുതിയലം കോറോത്തെ എന്‍.വി.സുരേഷ് തുടങ്ങിയവരെല്ലാം ക്യാമ്പിലെത്തി. ആര്‍എസ്എസ് കാര്യാലയവും ബിജെപി മണ്ഡലം കമ്മറ്റി ഓഫീസും തീവച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: