പിണറായി വിജയന് നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ വഞ്ചനയും കാപട്യവും ഒരിക്കല്‍ക്കൂടി പുറത്തായിരിക്കുന്നു. ദേവികുളം മേഖലയിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ പ്രത്യേകം നിയമിച്ച ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലംമാറ്റിക്കൊണ്ട് കയ്യേറ്റമാഫിയയ്ക്കൊപ്പമാണ് തങ്ങളെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുന്നു. സര്‍ക്കാരിന്റെയും കൈയേറ്റക്കാരുടെയും ഭീഷണികള്‍ക്ക് വഴങ്ങാതെ കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടുപോയ ദേവികളും സബ്കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. സബ് കളക്ടര്‍ പദവിയില്‍ നാല് വര്‍ഷത്തെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞായിരുന്നു ഇത്. എന്നാലിപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം നല്‍കിയതിന്റെ കാരണമെന്തെന്ന് ഒരു വിശദീകരണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ പിന്‍ബലത്തിലും മതവിശ്വാസത്തിന്റെ മറപിടിച്ചും സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ സബ്കളക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമന് നിയോഗിച്ച ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. സര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. കൈയേറ്റക്കാര്‍ക്ക് വിടുപണി ചെയ്യാത്ത ഒരൊറ്റയാളെപ്പോലും തങ്ങള്‍ തങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എംപ്ലോയ്മെന്റ് ട്രെയിനിങ് ഡയറക്ടറായി ശ്രീറാമിനെ മാറ്റി നിയമിച്ചതിനൊപ്പം അദ്ദേഹം കൊണ്ടുവന്ന രണ്ട് ഉദ്യോഗസ്ഥര്‍ പഴയ ലാവണങ്ങളിലേക്ക് തിരിച്ചുപോയിരുന്നു. ഇവര്‍ക്കുപുറമെയാണ് നാലുപേരെക്കൂടി ഒഴിപ്പിച്ചിരിക്കുന്നത്. ഇതോടെ കൈയേറ്റം ഒഴിപ്പിക്കുന്ന സംഘത്തില്‍പ്പെട്ട ഒരാള്‍ മാത്രമാണ് ഓഫീസില്‍ അവശേഷിക്കുന്നത്. ഈ നടപടിയോടെ ഓഫീസിന്റെ പ്രവര്‍ത്തനം ഫലത്തില്‍ നിലച്ചിരിക്കുകയാണ്.
കര്‍മരംഗത്ത് അസാമാന്യധീരതയോടെ ഉറച്ചുനിന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ അത്യന്തം ഹീനമായ വിദ്വേഷ പ്രചാരണമാണ് ഭരണത്തിന്റെ ഒത്താശയില്‍ സിപിഎം നടത്തിയത്. വൈദ്യുതി മന്ത്രിയായ എം.എം. മണിയും അദ്ദേഹത്തിന്റെ അനുജനും എംഎല്‍എയുമായ രാജേന്ദ്രനുമാണ് ഇതിന് നേതൃത്വം നല്‍കിയത്. ഒരു ക്രൈസ്തവ മത സംഘടന ഏക്കറുകണക്കിന് ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനെതിരെ ഭരണത്തിന് നേതൃത്വം നല്കുന്ന പിണറായി തന്നെ രംഗത്തുവന്നത് പിണറായിയുടെ ജെസിബിയായി പ്രവര്‍ത്തിക്കുന്ന മണിക്കും കൂട്ടര്‍ക്കും നല്കിയ ആവേശം ചില്ലറയായിരുന്നില്ല. ജനരോഷം ഭയന്ന് കുറെക്കാലം അടങ്ങിയിരുന്നെങ്കിലും കിട്ടിയ ആദ്യ അവസരം ഉപയോഗിച്ച്, കൈയേറ്റക്കാരുടെ മുഖ്യശത്രുവായി മാറിയ ശ്രീറാമിനെ സ്ഥലംമാറ്റി കൂറ് തെളിയിക്കുകയായിരുന്നു ഇടതുസര്‍ക്കാര്‍. ജനവികാരത്തിന് തരിമ്പും വില കല്‍പ്പിക്കാതെ സംസ്ഥാനത്തിന്റെ താല്പര്യത്തെ ബലികഴിക്കുന്ന തീരുമാനമായിരുന്നു ഇത്. ഇക്കാര്യത്തില്‍ ഇനിയും പിന്നോട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഇടതുഭരണത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് കുപ്രസിദ്ധമാണ്. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കാന്‍ വി.എസ്. അച്യുതാനന്ദന്റെ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് മലകയറ്റിവിട്ട മൂന്നു കരിമ്പൂച്ചകള്‍ അപമാനിതരായി. ജെസിബി ഉപയോഗിച്ച് ചില കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ ടിവി ദൃശ്യങ്ങളിലൊതുങ്ങി വിഎസിന്റെ കയ്യേറ്റം ഒഴിപ്പിക്കല്‍. ഇവര്‍ക്ക് ചെയ്യാനായതിനെക്കാള് കാര്യങ്ങള്‍ ഒറ്റയാള്‍ പട്ടാളത്തെപ്പോലെ ശ്രീറാമിന് ചെയ്യാന്‍ കഴിഞ്ഞുവെന്നത് സിവില്‍ സര്‍വീസിന്റെ അന്തസ്സ് ഉയര്‍ത്തുകയുണ്ടായി. വിഎസ് അയച്ച പരിചയ സമ്പന്നരായ കരിമ്പൂച്ചകളെ അപേക്ഷിച്ച് തുടക്കക്കാരനായിരുന്നു ശ്രീറാം. എന്നിട്ടും എതിര്‍പ്പുകളെ അവഗണിച്ച് ചുമതലകള്‍ നിര്‍വഹിച്ച ഈ ഉദ്യോഗസ്ഥന് പിണറായി സര്‍ക്കാരിന്റെ കണ്ണിലെ കരടായത് സ്വാഭാവികം. വിഎസില്‍നിന്ന് പിണറായിയിലെത്തുമ്പോഴും സ്വജനപക്ഷപാതത്തിനും ജനവിരുദ്ധതയ്ക്കും യാതൊരു മാറ്റവും വരുന്നില്ല.
നാല് ഉദ്യോഗസ്ഥരെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് മരവിപ്പിച്ചിരിക്കുകയാണ്. ഇത്തരമൊരു തിരക്കിട്ട നടപടി ആവശ്യമില്ലെന്ന നിലപാടാണത്രെ മന്ത്രിക്ക്. ഇതില്‍നിന്നുതന്നെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ കളക്ടറുടെ നടപടി ഏകപക്ഷീയവും സിപിഎമ്മിന്റെ സ്ഥാപിതതാല്‍പ്പര്യം സംരക്ഷിക്കാനുള്ളതുമാണന്ന് വ്യക്തമാവുന്നു. സിപിഐയുടെ ഇക്കാര്യത്തിലെ ആത്മാര്‍ത്ഥതയില്ലായ്മയും ഇരട്ടത്താപ്പും പലവട്ടം തെളിഞ്ഞതാണ്. വിഎസിന്റെ ഭരണകാലത്തെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയായിരുന്നു സിപിഐ. ഈ പ്രതിച്ഛായ നഷ്ടം നികത്തുന്നതിനായാണ് കാനത്തിന്റെ പാര്‍ട്ടി ചില എതിര്‍പ്പൊക്കെ പ്രകടിപ്പിക്കുന്നത്. ശ്രീറാമിനെ സബ് കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിനെ സിപിഐ അനുസരണയോടെ പിന്തുണയ്ക്കുകയായിരുന്നല്ലോ. ഇതുകൊണ്ടുതന്നെ നാല് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മരവിപ്പിച്ചത് എത്രനാളത്തേക്കാണെന്ന് കണ്ടറിയണം. എന്നും വല്യേട്ടനുമുന്നില് തലകുനിച്ച പാരമ്പര്യമേ കാനത്തിന്റെ പാര്‍ട്ടിക്കുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: