ബീജിങ്: കഴിഞ്ഞ ദിവസം അന്തരിച്ച നൊബേല്‍ സമ്മാന ജേതാവും വിമത നേതാവുമായ ലിയു സിയോബോയ്ക്ക് അനുശോചനം അര്‍പ്പിക്കാനും ചൈനയില്‍ വിലക്ക്. ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച ലിയു കരളിലെ കാന്‍സര്‍ ബാധയെത്തുടര്‍ന്നാണ് അന്തരിച്ചത്. ഷെന്യാങ് നഗരത്തിലെ ആശുപത്രിയിലായിരുന്നു 63കാരന്റെ അന്ത്യം.
സര്‍ക്കാരിനെ അമ്പരപ്പിച്ച് വിമത നേതാവിന്റെ മരണത്തില്‍ അനുശോചന പ്രവാഹമുണ്ടായപ്പോഴാണ് വിലക്കു നീക്കവുമായി അധികൃതര്‍ രംഗത്തിറങ്ങിയത്. ലിയുവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ത്തന്നെ ആശുപത്രിക്കു ചുറ്റും വന്‍തോതില്‍ പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു.
ഗൂഗിളിനു പകരമുള്ള ചൈനയിലെ ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ബൈന്ദു, ട്വിറ്ററിന്റെ ചൈനീസ് പതിപ്പായ വീബോയിലും എല്എക്സ്ബി എന്നീ വാക്കുകള്‍ തിരഞ്ഞാല്‍ ഫലമൊന്നും കിട്ടില്ല. ലിയുവിന്റെ പേര് സെര്‍ച്ച് ചെയ്താല്‍ ഫലമൊന്നും കിട്ടാതിരിക്കാനാണിത്.
വീബോയില്‍ പലരും ലിയുവിന് അനുശോചനം അര്‍പ്പിച്ച് രംഗത്തെത്തിയപ്പോള്‍ ഇവ ഡിലീറ്റ് ചെയ്യാനുള്ള നീക്കവുമായി അധികൃതരും സജീവമായി. വൈകാതെ ചൈനയിലെ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ആര്‍ഐപി എന്ന വാക്കും ബ്ലോക് ചെയ്തു.
ലിയുവിന്റെ ചിത്രത്തിനു മുന്നില്‍ ഒരു മെഴുകിതിരിയുടെ ചിത്രം കൂടി ചേര്‍ത്തുവെച്ച് അനുശോചനം അര്‍പ്പിക്കാമെന്നു വെച്ചാല്‍ അതും തടഞ്ഞു. കാന്‍ഡില്‍ എന്നു സെര്‍ച്ച് ചെയ്താല്‍ മെഴുകുതിരിയുടെ ചിത്രം കിട്ടും, എന്നാല്‍ അത് പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ നിയമവിരുദ്ധം എന്ന സന്ദേശമാണ് ലഭിക്കുക. ചൈനീസ് ട്വിറ്ററില്‍ വന്ന നിരവധി സന്ദേശങ്ങള്‍ പിന്നീട് ഒഴിവാക്കി.
1998ല്‍ ടിയാനമെന്‍ ചത്വരത്തിലെ കൂട്ടക്കൊലയില്‍ കലാശിച്ച ജനാധിപത്യവാദികളുടെ സമരത്തിനു നേതൃത്വം നല്കിയ ലിയുവിന് 2010ലാണ് നൊബേല്‍ പുരസ്കാരം കിട്ടിയത്. ലിയുവിനെ തടങ്കലില്‍ നിന്നു മോചിപ്പിക്കണമെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പലപ്പോഴും ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: