കണ്ണൂര്‍ : നെഹ്റു കോളേജ് ചെയര്മാന് കൃഷ്ണദാസിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനോട് കെപിപിസിസി വിശദീകരണം തേടി. സുധാകരന്റെ സന്ദര്‍ശനം വിവാദമായതിനെ തുടര്‍ന്നാണ് പ്രസിഡണ്ട് എം.എം.ഹസ്സന് നേരിട്ട് ഫോണില്‍ വിളിച്ച് സുധാകരനോട് വിശദീകരണം തേടിയത്. പാര്ട്ടിയോടാലോചിക്കാതെയും പാര്‍ട്ടി അറിയാതെയുമാണ് സുധാകരന് കൃഷണദാസുമായി ചര്‍ച്ച നടത്തിയത്. ജിഷ്ണു പ്രണോയിയുടെ മരണം വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിക്കുനേരെയുണ്ടായ മര്‍ദ്ദനം എന്നീ വിഷയങ്ങളില്‍ വിവാദത്തില്‍പ്പെട്ട വ്യക്തിയാണ് നെഹ്റു കോളേജ് ചെയര്മാന് കൃഷ്ണദാസ്.
ആഗസ്ത് 5ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ സുധാകരന്റെ വിശദീകരണം ചര്‍ച്ചക്ക് വരും. കൃഷ്ണദാസുമായുള്ള സുധാകരന്റെ കൂടിക്കാഴ്ച പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പ്രസിഡണ്ട് വിശദീകരണം തേടിയത്. ജിഷ്ണു കേസില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള പരാമര്‍ശം വാസ്തവവിരുദ്ധമാണെന്നുമായിരുന്നു സുധാകരന്റെ നിലപാട്. ഷഹീര്‍ ഷൗക്കത്തലി കേസുമായി ബന്ധപ്പെട്ട് വാദിഭാഗവും പ്രതിഭാഗവും ആവശ്യപ്പെട്ടതിനാലാണ് താന്‍ മധ്യസ്ഥത വഹിച്ച് സംസാരിച്ചതെന്നും കൃഷ്ണദാസിന്റെ കുടുംബവുമായി തനിക്ക് ദീര്‍ഘകാലത്തെ രാഷ്ട്രീയ ബന്ധം ഉണ്ടായിരുന്നുവെന്നുമാണ് നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന് വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: