കണ്ണൂര്‍: കഴിഞ്ഞ പതിനഞ്ച് ദിവസമായി നടന്നുവരുന്ന നഴ്സുമാരുടെ സമരം മൂലം മലബാറിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. ഇത് ആരോഗ്യമേഖലയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ജനങ്ങള്‍ ജീവന് രക്ഷിക്കാന്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ഈ സാഹചര്യം പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രികള്‍.
വിവിധ ആവശ്യങ്ങളുന്നയിച്ച് നഴ്സുമാരുടെ സംഘടനകളുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയിട്ട് 15 ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാറിന് കഴിയാത്തത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. മലബാറില്‍ നിരവധി രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നുണ്ട്. ഇവരാണ് ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ ആശങ്കയിലായിരിക്കുന്നത്. കണ്ണൂരിലെ പ്രമുഖ ആശുപത്രികളുടെയെല്ലാം പ്രവര്‍ത്തനം നിലച്ച മട്ടാണുള്ളത്. കൊയിലി, ധനലക്ഷ്മി, സ്പെഷ്യാലിറ്റി, ആശീര്‍വാദ്, തളിപ്പറമ്പിലെ ലൂര്‍ദ്ദ് എന്നിവിടങ്ങളിലായിരുന്നു നേരത്തെ സമരം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് ഒമ്പത് ആശുപത്രികളിലേക്ക് വ്യാപിച്ചു. അടുത്ത ദിവസം മുതല്‍ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്കും സമരം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് നഴ്സുമാരുടെ സംഘടന.
കോഴിക്കോട് ബേബി മെമ്മോറിയല്‍, മിംസ് തുടങ്ങിയ ആശുപത്രികളിലും കാസര്‍കോട്, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിലും സമരം നടക്കുന്നുണ്ട്. ഇതുവഴി അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കാനുള്ള ഐസിയു സൗകര്യങ്ങള്‍ മലബാറില്‍ എവിടെയുമില്ലാത്ത അവസ്ഥയിലേക്കെത്തിച്ചിരിക്കുകയാണ്.
തലശ്ശേരിയിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഐസിയു ഒഴിവില്ലാത്ത സ്ഥിതിയാണുള്ളത്. ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍ ഐസിയു ഒഴിവില്ലാത്തതിനാല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതുകാരണം അത്യാസന്നരായ രോഗികളെ മംഗലാപുരത്തെ ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നത്. മലബാറിന്റെ പല ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് രോഗികളാണ് മംഗലാപുരത്ത് ദിവംപ്രതി ചികിത്സക്കായി എത്തുന്നത്. മിതമായ ചെലവില്‍ ചികിത്സ ലഭ്യമാക്കുന്ന കെഎസ് ഹെഗ്ഡേ, യേനപ്പോയ, മുള്ളേഴ്സ് തുടങ്ങിയ ആശുപത്രികളില്‍ വന്‍ തിരക്കാണുള്ളത്. മികച്ച സൗകര്യങ്ങളുള്ള കെഎംസി പോലുള്ള ആശുപത്രികളില്‍ ഐസിയുകളില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കണ്ണൂരില്‍ അടക്കം പല ജില്ലകളിലും പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കാരണം നിരവധി പേരാണ് മരണപ്പെട്ടത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ബോര്‍ഡില്‍ ഡോക്ടര്‍മാരുണ്ടെങ്കിലും രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായത്ര ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണ്. ഒട്ടുമിക്കവരും അവധിയിലോ അല്ലെങ്കില്‍ സ്വകാര്യ ചികിത്സയിലോ ആണ്. ഇതുകാരണം ഡ്യൂട്ടിയിലുണ്ടാകുന്ന ഡോക്ടര്‍മാര്‍ക്ക് ജോലിഭാരം ഏറെയാണ്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാക്കുമെന്ന് വീമ്പിളക്കിയ ഇടതുസര്‍ക്കാര്‍ ജനങ്ങളുടെ ജീവന് പന്താടുകയാണിപ്പോള്.
വേതന വര്‍ദ്ധവന് ആവശ്യപ്പെട്ട് നഴ്സുമാര്‍ 15 ദിവസമായി നടത്തുന്ന സമരത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയാത്ത കഴിവുകെട്ട ആരോഗ്യമന്ത്രി നാടിന് തന്നെ ശാപമായി മാറിയിരിക്കുകയാണ്. മന്ത്രിയുടെ സ്വന്തം നാട്ടിലാണ് ഡങ്കപ്പനി ആദ്യമായി കണ്ടെത്തിയത്. എന്നിട്ടുപോലും പ്രതിരോധ നടപടികള്‍ വിജയിപ്പിക്കാന്‍ ഇവര്‍ക്കായിട്ടില്ല. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെ സഹായിക്കാനും തങ്ങളുടെ ഭരണത്തിലുള്ള സഹകരണ ആശുപത്രികളെ സംരക്ഷിക്കാനുമാണ് സര്‍ക്കാരും മന്ത്രിയും ശ്രമിക്കുന്നത്. സമരം നീണ്ടുപോയാല്‍ ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധിയുളവാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: