പയ്യന്നൂര്‍: പയ്യന്നൂരിലെ സിപിഎം തേര്‍വാഴ്ചയില്‍ സര്‍വ്വവും നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങള്‍. കഴിഞ്ഞ വര്‍ഷം ആക്രമിക്കപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ തന്നെയാണ് ഇത്തവണയും ആക്രമിക്കപ്പെട്ടത്. കോടികളുടെ നഷ്ടവും ഒരു പ്രദേശത്തിന്റെ മനഃസമാധാനഭംഗവുമാണ് സൃഷ്ടിച്ചുകൊണ്ടാണ് സിപിഎം കഴിഞ്ഞദിവസം തങ്ങളുടെ ഒരു രക്തസാക്ഷിയുടെ ഓര്‍മ്മദിനം ആചരിച്ചത്.
പയ്യന്നൂരില്‍ സിപിഎം അഴിച്ചുവിട്ട ആക്രമണത്തില്‍ എല്ലാം നഷ്ടപ്പെട്ട് വിലപിക്കുകയാണ് നിരവധി കുടുംബങ്ങള്‍. പന്ത്രണ്ടോളം വീടുകളാണ് പൂര്‍ണമായും തീവച്ച് നശിപ്പിക്കുകയും അടിച്ചുതകര്‍ക്കുകയും ചെയ്തത്. ഒരു കടയും തകര്‍ത്തുതരിപ്പണമാക്കി. ഇതിനു പുറമെയാണ് ആര്‍എസ്എസ് കാര്യാലയം തീവച്ച് നശിപ്പിക്കുകയും ബിജെപി ഓഫീസ് തച്ചുതകര്‍ക്കുകയും ചെയ്തത്. പത്തിലേറെ വാഹനങ്ങളും തീയിട്ട് നശിപ്പിച്ചു. തങ്ങള്‍ക്ക് ശരിയെന്ന് തോന്നിയ സംഘടനയില്‍ വിശ്വാസമര്‍പ്പിച്ചതിന്റെ പേരില്‍ വീടും വീട്ടുപകരണങ്ങളും കത്തിച്ചാമ്പലായതിന്റെ നടുവില്‍ നിസ്സാഹയതയോടെ നോക്കി നില്‍ക്കുകയാണ് ഈ കുടുംബങ്ങള്‍. ഓട്ടോറിക്ഷാ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ ഉണ്ണി വീടും വീട്ടുപകരണങ്ങളും മാത്രമല്ല, ഇവരുടെ മക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും സിപിഎം അക്രമികള്‍ കത്തിച്ചു. ആരാധിക്കുന്ന ഇഷ്ടദൈവങ്ങളുടെ ചിത്രങ്ങള്‍ പോലും അവര്‍ ഒഴിവാക്കിയില്ല. മാരകായുധങ്ങളുമായെത്തിയ ആയിരത്തോളം സിപിഎം അക്രമികളാണ് പയ്യന്നൂരിന്റെ വിവിധ മേഖലകളില്‍ അഴിഞ്ഞാടിയത്. അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഈ പ്രദേശത്തെ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ വീട്വിട്ട് പലായനം ചെയ്യുകയായിരുന്നു.
ബിജെപി ജില്ലാ കമ്മറ്റിയംഗം ഗംഗന് തായിനേരിയുടെ വീട് തീയിട്ട് നശിപ്പിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി.രാജേഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് മിനി ബസ്സുകളും അഗ്നിക്കിരയാക്കിയ സംഘം മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പും ഓട്ടോറിക്ഷയും നശിപ്പിച്ച് മറിച്ചിടുകയും ചെയ്തു. കൂടാതെ സോഫകളും കിടക്കകളും ഉള്‍പ്പെടെ വീട്ടുപകരണങ്ങള്‍ മുഴുവന്‍ അഗ്നിക്കിരയാക്കി. ബിജെപി മുന്‍ സെക്രട്ടറി കുമാരന്റെ അന്നൂരിലെ വീടിന് നേരെയുണ്ടായ ബോംബേറില്‍ ജനലുകളും വാതിലുകളും പൂര്‍ണമായും തകര്‍ന്നു. ബിഎംഎസ് മുനിസിപ്പല്‍ ജോയന്റ് സെക്രട്ടറി ഗണേശന്റെ ഓട്ടോറിക്ഷ തകര്‍ത്ത അക്രമിസംഘം ജനല്‍ ഗ്ലാസുകള്‍ മുഴുവന്‍ തകര്‍ക്കുകയും വീട്ടുപറമ്പിലെ കൃഷി പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തു. ബിഎംഎസ് ഓട്ടോറിക്ഷാ സംഘ് മേഖലാ കമ്മറ്റിയംഗം ഉണ്ണി കാറമേലിന്റെ വീട്ടിലെ കമ്പ്യൂട്ടര്‍ മുതല്‍ കക്കൂസിന്റെ ക്ലോസറ്റ് വരെ അടിച്ചുതകര്‍ത്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ കുമാറിന്റെ അന്നൂരിലെ വീട് പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ.രമേശന് മാസ്റ്ററുടെ വീടിന് നേരെയുണ്ടായ കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ബിജെപി സംസ്ഥാന സമിതിയംഗം എ.കെ.രാജഗോപാലിന്റെ വീടിന് നേരെ ബോംബാക്രമണമുണ്ടായി. വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടരി പനക്കില്‍ ബാലകൃഷ്ണന്റെ കോറോത്തെ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയും സ്കൂട്ടറും അഗ്നിക്കിരയാക്കി. രണ്ട് നില വീട് പൂര്‍ണമായും കത്തിനശിച്ചു. കിണറുകളില്‍ മാലിന്യങ്ങളും മറ്റും നിക്ഷേപിച്ച് ഉപയോഗശൂന്യമാക്കി. മുതിയലം കോറോത്തെ എന്‍.വി.സുരേഷിന്റെ വീട് ഇന്നലെ രാവിലെയാണ് തകര്‍ക്കപ്പെട്ടത്. പോലീസ് നോക്കിനില്‍ക്കേ ഒരു സംഘം സിപിഎം അക്രമികള്‍ വീടിനകത്ത് കയറി സര്‍വ്വവും നശിപ്പിക്കുകയായിരുന്നു. സിപിഎമ്മിന്റെ കാട്ടാളത്തിത്തിനെതിരെ മേഖലയില്‍ പാര്‍ട്ടി കുടുംബങ്ങള്‍ക്കും അണികള്‍ക്കും ഇടയില്‍പ്പോലും വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: