താരസംഘടനയായ ‘അമ്മ’യുടെ മുഖം വികൃതമാക്കപ്പട്ടത് കഴിഞ്ഞ ജനറല്‍ ബോഡിയോഗ തീരുമാനത്തിലൂടെയാണ്. എങ്ങനെ ശ്രമിച്ചാലും ഇനി അത് നേരെയാവില്ല. 13 മണിക്കൂര്‍ ചോദ്യം ചെയ്ത നടനെ അവിടെ ഇരുത്തിക്കൊണ്ട്, ഞങ്ങള്‍ക്കറിയാം ദിലീപിനെ എന്നാണ് സംഘടന പറഞ്ഞത്.
ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി ഒരു പ്രമേയം പോലും പാസാക്കിയില്ല. കേരള ജനതയുടെ മുന്നില്‍ അവര്‍ മോശക്കാരായി. പാര്‍ട്ടി വിളിച്ച് മുകേഷിനെ ശാസിച്ചു. ഇന്നസെന്റിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടന്നു. ഇത്രയൊക്കെ സംഭവമുണ്ടായിട്ടും താരസംഘടനാ നേതൃത്വത്തിന് ഒരു കൂസലുമുണ്ടായിട്ടില്ല.
ഇന്നലെ ചേര്‍ന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ യഥാര്‍ത്ഥത്തില്‍ പ്രസിഡന്റും സെക്രട്ടറിയും രാജിവയ്ക്കണമായിരുന്നു. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് അവര്‍ സമ്മതിക്കുകയും ഏറ്റുപറയുകയും ചെയ്യണമായിരുന്നു. പക്ഷേ, ഇതൊന്നുമുണ്ടായില്ല. മോശമായ അവസ്ഥയിലൂടെയാണ് അമ്മ കടന്നു പോകുന്നത്. ആക്രമണത്തിനിരയായ നടിക്കൊപ്പമുണ്ടെന്ന് ഒടുവില്‍ അവര്‍ സമ്മതിച്ചത് നല്ലകാര്യം തന്നെ.
പക്ഷേ, അതുകൊണ്ടുമാത്രമായില്ല, ചെറുപ്പക്കാരായവര്‍ക്ക് സംഘടനയുടെ ചുമതല വിട്ടുനല്‍കണം. തമിഴ്നാട്ടില്‍, താരസംഘടനയുടെ തലപ്പത്ത് യുവതാരങ്ങളാണ്. അതേ മാതൃക ഇവിടെയും നടപ്പാക്കിയില്ലെങ്കില്‍ സംഘടന ഇനിയും തരംതാഴും.
സൂപ്പര്‍ താരങ്ങളുടെയും ഒരുപറ്റം വന്‍കിട താരങ്ങളുടെയും പിടിയിലാണ് സംഘടന. അവര്‍ പറയുന്നത് കേട്ട് കൈയടിക്കുന്നവര്ക്ക് മാത്രമാണ് അവിടെ നിലനില്‍പ്പ്. കുറച്ചു കൈനീട്ടം നല്കുന്നതുകൊണ്ട് അവര്‍ ചെയ്യുന്നതിനെല്ലാം കൂട്ടുനില്ക്കണമെന്ന അടിമത്വ മനോഭാവമുള്ള സംഘടനയാണിത്. തിലകന് ചേട്ടന് പറഞ്ഞപോലെ, മാഫിയാ ഗ്രൂപ്പുകളെപ്പോലെ പെരുമാറുന്നവരും ധാര്‍ഷ്ട്യവും തന്‍പ്രമാണിത്തവും കാണിക്കുന്ന സൂപ്പര്‍ താരങ്ങളുമടങ്ങിയ സംഘടനയാണ് അമ്മ.
താരങ്ങളുടെ തന്‍പ്രമാണിത്തത്തിന്റെയും അഹങ്കാരത്തിന്റെയും പരിണതഫലമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. രാജാവിനെപ്പോലെയാണ് അതിലെ പല സൂപ്പര്‍ താരങ്ങളും. തങ്ങള്‍ക്കെതിരെ ആരും വിരല്‍ ചൂണ്ടാന്‍ പാടില്ലെന്ന നിലപാടാണ്. നടിയെ അപമാനിച്ച ദിലീപിനും ആ അഹങ്കാരമുണ്ടായിക്കാണും. താന്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ദിലീപ് ചിന്തിച്ചതും സിനിമാസംഘടനയിലെ ഈ വൃത്തികെട്ട അവസ്ഥയുടെ ഫലമാണ്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പുറത്താക്കാന്‍ എത്ര കാലതാമസമുണ്ടായെന്നോര്ക്കണം.
എന്നാല്‍, ദിലീപിനെതിരെ നിലപാട് സ്വീകരിച്ച എന്നെ എത്ര വേഗം പുറത്താക്കിയെന്ന കാര്യം മറക്കരുത്. എന്നെ പുറത്താക്കാനുള്ള സംഭവത്തിലും പ്രധാന പങ്കു വഹിച്ചത് ദിലീപായിരുന്നു. തുളസീദാസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തീയതി നല്കിയ ശേഷം അദ്ദേഹം പിന്മാറി.
തുളസീദാസ് തൊട്ടുമുമ്പ് സംവിധാനം ചെയ്ത സിനിമ സാമ്പത്തിക വിജയം നേടിയില്ലെന്ന് പറഞ്ഞായിരുന്നു ദിലീപിന്റെ പിന്മാറ്റം. ഇതിനെതിരെ ഞാന്‍ നിലപാടെടുത്തു. തീയതി നല്കിയിട്ടുണ്ടെങ്കില് പടത്തില്‍ അഭിനയിക്കണമെന്നായിരുന്നു എന്റെ നിലപാട്. എന്നാല്‍, എന്നെ സിനിമയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
പ്രതിസന്ധികള്‍ മറികടന്ന് ഞാന്‍ സിനിമ ചെയ്യാന്‍ ശ്രമിച്ചപ്പോഴും, എന്റെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് താരങ്ങളെ വിലക്കി. ഒടുവില്‍, ഞാന്‍ എടുത്ത തീരുമാനങ്ങള്‍ എല്ലാം ശരിവയ്ക്കുന്നതായിരുന്നു കോമ്പറ്റീഷന് കമ്മിഷന്റെ ഉത്തരവ്. താരസംഘടനയായ അമ്മയില്‍ നിന്ന് പിഴയീടാക്കാനായിരുന്നു കോമ്പറ്റീഷന് കമ്മിഷന്റെ ഉത്തരവ്. എന്നിട്ടും ‘അമ്മ’യും നേതൃത്വവും പാഠം പഠിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: