നടിയെ ആക്രമിച്ച സംഭവത്തില്‍ ജയിലിലായ ദിലീപിനെ അമ്മയില്‍നിന്നും മറ്റു സംഘടനകളില്‍നിന്നും ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കുകയാണോ അതോ അമ്മയെ മലയാളസിനിമയില്‍നിന്ന് പുറത്താക്കുകയാണോ വേണ്ടതെന്ന് ഇനിയെങ്കിലും ചിന്തിക്കണം. ചില താരങ്ങള്‍ അമ്മയുടെ മറവില്‍ മലയാള സിനിമയില്‍ ഉണ്ടാക്കിയെടുത്ത ആധിപത്യങ്ങളും താന്‍പോരിമയും മലയാളസിനിമയ്ക്ക് തന്നെ തിരിച്ചടിയാവുകയാണ്.
ചലച്ചിത്രതാരങ്ങള്‍ക്ക് ഒരു സംഘടന എന്ന ആശയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രേംനസീര്‍, സത്യന്, മധു, തിക്കുറുശ്ശി, കൊട്ടാരക്കര എന്നിവരുടെ കാലഘട്ടത്തിലാണ് ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒരു സംഘടന എന്ന ആശയം ഉണ്ടായത്. എന്നാല്‍ പ്രേംനസീര്‍ ഈ ആശയത്തെ ശക്തിയായി എതിര്‍ത്തു. കലാകാരന്മാരുടെ ഇടയിലുള്ള ഈഗോയും അഭിപ്രായവ്യത്യാസങ്ങളും സംഘടനയ്ക്കുള്ളില്‍ പ്രതിഫലിക്കുമെന്നും അത് സിനിമാമേഖലയ്ക്കുതന്നെ തിരിച്ചടിയാകുമെന്നും നസീര്‍ ചൂണ്ടിക്കാട്ടി.
എങ്കിലും ചെന്നൈ കേന്ദ്രീകരിച്ച് ചലച്ചിത്ര പരിഷത്ത് എന്ന ഒരു സൗഹൃദ കൂട്ടായ്മ രൂപംകൊണ്ടു. ആ സൗഹൃദ കൂട്ടായ്മ ഒരിക്കല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തി. മധുവും ജയഭാരതിയുമൊക്കെ പങ്കാളികളായപ്പോള്‍ താരങ്ങളെ കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ആവേശം ലാത്തിച്ചാര്‍ജിലാണ് കലാശിച്ചത്. അന്ന് നസീറിന്റെ ചോദ്യം ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്നായിരുന്നു.
കാലാന്തരത്തില്‍ മലയാളസിനിമ കേരളത്തിലേക്ക് പറിച്ചുനട്ടു. ആദ്യം സിനിമാ ടെക്നീഷ്യന്മാര്ക്കുവേണ്ടി മാക്ട എന്ന സംഘടന രൂപപ്പെട്ടു. അതിനുമുമ്പ് തന്നെ റൈറ്റേഴ്സ് ഫോറം എന്നപേരില്‍ കലൂര്‍ ഡെന്നീസും ജോണ്‍പോളുമൊക്കെ ചേര്‍ന്ന് ഒരു കൂട്ടായ്മയുണ്ടായിരുന്നു. അതാണ് ‘മാക്ട’യായി പരിണാമപ്പെട്ടത്. താരങ്ങളൊഴിച്ച് എല്ലാവരും അതിലെ അംഗങ്ങളായിരുന്നു.
അപ്പോഴാണ് എന്തുകൊണ്ട് നടീനടന്മാര്ക്ക് ഒരു സംഘടന ആയിക്കൂടാ എന്ന ആശയം വീണ്ടും സജീവമായത്. അങ്ങനെയാണ് അമ്മ എന്ന സംഘടന രൂപീകരിക്കപ്പെട്ടത്. അമ്മയുടെ ആദ്യകാല സെക്രട്ടറി ടി.പി. മാധവനായിരുന്നു. 600 ഓളം സിനിമകളില്‍ അഭിനയിച്ച, ‘അമ്മ’യ്ക്ക് രൂപംനല്കുന്നതില് നിര്‍ണായക പങ്ക് വഹിച്ച ടി.പി. മാധവന് ഇന്ന് ആരോരും തിരിഞ്ഞുനോക്കാനില്ലാതെ പത്തനാപുരം ഗാന്ധിഭവനില്‍ അന്തേവാസിയാണ് എന്നറിയുമ്പോഴാണ് ‘അമ്മ’ ആരുടെ കൈകളിലാണെന്നും എവിടെയെത്തിയെന്നും തിരിച്ചറിയേണ്ടത്.
ഗള്‍ഫ് നാടുകളിലും മറ്റും സ്റ്റേജ് ഷോകളിലൂടെ ഫണ്ട് ഉണ്ടാക്കിയായിരുന്നു ‘അമ്മ’ ആദ്യകാലത്ത് പ്രവര്‍ത്തിച്ചത്. ‘അമ്മ’യുടെ സ്റ്റേജ് ഷോകള്‍ സംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ മത്സരിച്ചു. അവധിദിവസങ്ങളിലും ഉത്സവദിവസങ്ങളിലും സ്റ്റേജ് ഷോകള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെ പ്രേക്ഷകര്‍ തീയേറ്ററുകളില്‍നിന്ന് അകന്നു. ഇതിനെതിരെ പ്രതിഷേധവുമായി തീയേറ്റര്‍ അസോസിയേഷന് രംഗത്തെത്തി.
നിര്‍മ്മാതാക്കളും വിഷയം ഏറ്റെടുത്തതോടെ നിര്‍മ്മാതാക്കളുടെയും തീയേറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും പിന്തുണയോടെ കേരളാ ഫിലിം ചേമ്പേഴ്സ് അമ്മയ്ക്കെതിരെ രംഗത്തെത്തി. ചലച്ചിത്രതാരങ്ങള്‍ സ്റ്റേജ് ഷോകളില്‍ പങ്കെടുക്കുന്നതിനെതിരെ രംഗത്തെത്തിയ സംഘടന താരങ്ങളുടെ പരിപാടികള്‍ ചാനലുകള്‍ വഴി കാണിക്കാന്‍ പാടില്ലയെന്ന നിര്‍ദ്ദേശവും വച്ചു. എന്നാല്‍ വിലക്കിനെ മറികടന്ന് മുന്നോട്ടുപോകാനായിരുന്നു അമ്മയുടെ തീരുമാനം. വിലക്കിയവരെ വിലക്കാനും അമ്മ തീരുമാനിച്ചു.
മാക്ടയടക്കം അമ്മയ്ക്കെതിരെ രംഗത്തുവന്നു. ചാനലുകളുമായി നിര്‍മ്മാതാക്കളുടെ സംഘടന പ്രശ്നപരിഹാരത്തിന് ഇതിനിടെ കരാറുണ്ടാക്കി. സിനിമകളുടെ പാട്ടുകള്‍, 15 മിനിട്ടിന്റെ ദൃശ്യങ്ങള്‍ എന്നിവ ചാനലുകള്‍ക്ക് സൗജന്യമായി നല്‍കാമെന്നും പകരം രണ്ട് മിനിട്ട് പരസ്യം നല്‍കണമെന്നുമായിരുന്നു ആ കരാര്‍.
അമ്മയ്ക്കെതിരെ രംഗത്തുവന്ന ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്സിനെ തകര്‍ക്കാനും ശ്രമം നടന്നു. മലയാളം ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്സ് എന്ന സംഘടനയിലൂടെയായിരുന്നു ഇത്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തി. ഇതിനിടെ അമ്മയുടെ നിലപാടുകളെ ചോദ്യം ചെയ്ത പൃഥ്വിരാജ്, സുരേഷ്കൃഷ്ണ, ലാലുഅലക്സ്, ഭീമന് രഘു, ക്യാപ്റ്റന്‍ രാജു, മീരാ ജാസ്മിന് എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നേരിടേണ്ടിവന്നു. അമ്മയുടെ സംഘടിത ശക്തിക്കുമുമ്പില്‍ നിര്‍മ്മാതാക്കളും തീയേറ്റര്‍ ഉടമകളും വിതരണക്കാരും മുട്ടുമടക്കുന്ന കാഴ്ചയാണ് ഉണ്ടായത്.
പൃഥ്വിരാജ് അടക്കമുള്ളവര്‍ക്ക് നിരുപാധികം മാപ്പു പറയേണ്ടിയും വന്നു.
അമ്മയുടെ തലപ്പത്ത് ദിലീപ് പിടിമുറുക്കുന്ന കാലമായിരുന്നു അത്. ഇതിനിടയിലാണ് ഫണ്ട് ശേഖരണത്തിനായി അമ്മ സിനിമ നിര്‍മ്മിക്കുക എന്ന ആശയം വന്നത്. എന്നാല്‍ എല്ലാ താരങ്ങളെയും ഉള്‍പ്പെടുത്തി ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ റിസ്ക് ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. അവിടെയായിരുന്നു ദിലീപിന്റെ കരുനീക്കം.
അമ്മയ്ക്ക് ഒന്നരകോടിയുടെ സഹായം വാഗ്ദാനം ചെയ്ത ദിലീപ് സിനിമാ നിര്‍മ്മാണവും ഏറ്റെടുത്തു. ട്വന്റി -20 പുറത്തുവന്നതോടെ ദിലീപ് അമ്മയുടെ അവസാന വാക്കായി മാറി. ഇതിനുശേഷമാണ് തിലകനുമായി അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത്. ഇതിനുപിന്നിലും ദിലീപിന് പങ്കുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നു. അമ്മയിലെ ചിലര്‍ക്കെതിരെ തിലകന് മുന്നോട്ടുവന്നതോടെ മുഖ്യധാരാ സിനിമകളില്‍ തിലകന് അപ്രഖ്യാപിത വിലക്കുകള്‍ വന്നു. തിലകന് പൂര്‍ണമായും ഒതുക്കപ്പെട്ടു.
ഇതിനിടെ മാക്ടയെ സാംസ്കാരിക സംഘടനയാക്കി പകരം സാങ്കേതികവിദഗ്ദ്ധര്‍ക്കുവേണ്ടി ട്രേഡ് യൂണിയന് സംവിധാനത്തില്‍ മാക്ട ഫെഡറേഷന് വിനയന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. സംഘടന ഒരുവിധം ശക്തമായി മുന്നോട്ടുപോകവെ ചില സംവിധായകരുടെ മോശം പ്രവണതകള്‍ക്കെതിരെ വിനയന് ഒരു യോഗത്തില്‍ പറഞ്ഞ വാക്കുകള്‍ ദിലീപ് ആയുധമാക്കി. യോഗത്തിന്റെ അന്നുരാത്രി മറ്റൊരു പ്രമുഖ സംവിധായകനുമൊത്ത് സംവിധായകന് ഫാസിലിന്റെ വീട്ടില്‍ എത്തിയ ദിലീപ് ആദ്യം ചെയ്തത് ഫാസിലിന് സ്വന്തം ഡേറ്റ് കൊടുക്കുകയായിരുന്നു.
പിന്നീട് നടന്നത് ഫാസിലിനെ കരുവാക്കി എല്ലാവരെയും ഞെട്ടിച്ച് വിനയന്റെ സംഘടന പൊളിക്കുകയായിരുന്നു. മാക്ട ഫെഡറേഷനില്‍ നിന്ന് പരമാവധി അംഗങ്ങളെ അടര്‍ത്തിമാറ്റിയായിരുന്നു ഫെഫ്ക ഫെഡറേഷന്റെ രൂപീകരണം. ഇതിനെല്ലാം അമ്മയിലെ സൂപ്പര്‍താരങ്ങളുടെ അനുഗ്രഹാശിസ്സുകളും ഉണ്ടായിരുന്നു. മാക്ട ഫെഫ്കയായതോടെ ആ സംഘടനയിലെ ജനാധിപത്യം അവസാനിച്ചു.
ഇന്ന് സിനിമാസംഘടനകളുടെ അവസ്ഥ പറയുകയാണെങ്കില്‍ അമ്മയിലെ ചില പ്രമുഖ താരങ്ങളുടെ താല്പര്യങ്ങള്ക്കുവേണ്ടി അവരെ രഹസ്യമായി സഹായിക്കുന്ന ചില നിര്‍മ്മാതാക്കളും, കൈയുംകാലും താങ്ങി താരങ്ങളുടെ പുറകെ നടക്കുന്ന ചില സംവിധായകരും നേതൃത്വം നല്കുന്ന ജനാധിപത്യബോധമില്ലാത്ത ഒരു ചെറിയ ആള്‍ക്കൂട്ടമായി സംഘടനകള്‍ മാറി.
അമ്മയെ മാത്രമല്ല മലയാളസിനിമയെത്തന്നെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനാണ് ദിലീപ് എന്നും ശ്രമിച്ചത്. ദിലീപിന്റെ സിനിമകള്‍ ദിലീപിന്റെ മാത്രം സിനിമകളായി. സംവിധായകനേയും തിരക്കഥാകൃത്തിനേയും ടെക്നീഷ്യനേയും ലൈറ്റ് ബോയിയേയുമെല്ലാം ദിലീപ് തീരുമാനിക്കും. സ്വതന്ത്ര വീക്ഷണമുള്ള സംവിധായകര്‍ക്ക് ദിലീപിനെവച്ച് ചിത്രമെടുക്കാനാവില്ല. അഥവാ എടുത്താല്‍ത്തന്നെ അങ്ങേയറ്റം സന്ധി ചെയ്യേണ്ടിവരും. അതിനു തയ്യാറായില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും. ഞാനും സംവിധായകന് തുളസീദാസുമൊക്കെ അതിന്റെ ഇരകളായിരുന്നു.
2007ല്‍ പ്രമുഖ ബില്‍ഡറായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബ്രാന്റ് അമ്പാസഡറായിരുന്നു ഞാന്‍. ഗ്രൂപ്പിന്റെ എംഡി റോയി എനിക്ക് രണ്ടു സിനിമകള്‍ ഓഫര്‍ ചെയ്തിരുന്നു. ഒന്ന് ഐതിഹ്യമാലയില്‍നിന്ന് അടര്‍ത്തിയെടുത്ത, ശ്രദ്ധ പിടിച്ചുപറ്റാവുന്ന ഒരു പ്രമേയമായിരുന്നു. ദിലീപിനെ നായകനാക്കിയാണ് സിനിമ ആലോചിച്ചത്. ഫോണില്‍ ദിലീപിനോട് ബന്ധപ്പെട്ടപ്പോള്‍ ഉദയ്കൃഷ്ണന്, സിബി കെ. തോമസ് എന്നിവരെയാണ് ഉദ്ദേശിച്ചത്. ജെ. പള്ളാശേരിയെപ്പോലുള്ളവര്‍ പോരെ എന്ന് താന്‍ ചോദിച്ചു. തനിക്ക് കംഫര്‍ട്ടായവര്‍ തിരക്കഥയെഴുതിയാല്‍ മതിയെന്നായിരുന്നു ദിലീപിന്റെ മറുപടി.
സിനിമയ്ക്കുവേണ്ടി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിലെത്തി ദിലീപ് പത്തുലക്ഷവും തിരക്കഥാകൃത്തുക്കള്‍ ഒന്നരലക്ഷംവീതവും അഡ്വാന്‍സ് വാങ്ങി. ആഴ്ചകള്‍ കഴിഞ്ഞു നിര്‍മ്മാതാവ് പറഞ്ഞതനുസരിച്ച് ദിലീപിനെ വിളിക്കുമ്പോള്‍ ചെയ്യാം ചേട്ടായെന്നത് സ്ഥിരം പല്ലവിയായി. പിന്നീട് തിരക്കഥാകൃത്തുക്കള്‍ ഫ്രീയല്ലായെന്നായി.
അവരെ വിളിക്കുമ്പോള്‍ ദിലീപേട്ടന് ഫ്രീയാകട്ടെ എന്നാവും മറുപടി. പിന്നീട് നടന്നത് സംവിധായകന് അറിയാതെ ദിലീപ് ബാഗ്ലൂരിലെത്തി നിര്‍മ്മാതാവിനെ കണ്ട് സംവിധായകനെ വെട്ടി പുതിയ സിനിമ മുന്നോട്ടുവച്ചതാണ്. എന്റെ ആ സിനിമാ സ്വപ്നം അവിടെ തീര്‍ന്നു.
തുളസീദാസിന് നേരിടേണ്ടിവന്നത് ഇതിനെക്കാള്‍ വലിയ ദുരന്തമാണ്. ദിലീപിനെ വച്ച് കുട്ടനാടന്‍ എക്സ്പ്രസ് എന്ന സിനിമയാണ് തുളസീദാസ് പദ്ധതിയിട്ടത്. ലിബര്‍ട്ടി ബഷീറിനെ നിര്‍മ്മാതാവായി നിര്‍ദ്ദേശിച്ചപ്പോള്‍ താല്പര്യമെടുത്തില്ല.
മറ്റുചില നിര്‍മ്മാതാക്കളെ മുന്നോട്ടുവച്ചെങ്കിലും അതിനും താല്പര്യമുണ്ടായില്ല. ഒടുവില്‍ ഉള്ളാട്ടില്‍ ശശിയെ പരിചയപ്പെട്ടു. സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. പ്രൊഡക്ഷന്‍ കണ്ട്രോളര് എ.ആര്.കണ്ണന്റെ സാന്നിധ്യത്തില്‍ അഞ്ച് ലക്ഷം അഡ്വാന്‍സും വാങ്ങി. അഡ്വാന്‍സ് വാങ്ങുമ്പോള്‍ തുളസീദാസിനോട് നിര്‍മ്മാതാവില്‍നിന്ന് ഒരു 25 ലക്ഷം കൂടി വാങ്ങിനല്‍കാമോ, ഒരു വസ്തു ഇടപാടിന്റെ രജിസ്ട്രേഷനുവേണ്ടിയാണെന്ന് ദിലീപ് പറഞ്ഞു.
നിര്‍മ്മാതാവിനോട് സംസാരിച്ചപ്പോള്‍ മൊത്തം തുകയായ 40 ലക്ഷം ഒരുമിച്ചു നല്‍കിയേക്കാമെന്ന് പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ പടം ചെയ്യണമെന്ന ധാരണയുമുണ്ടാക്കി. എന്നാല്‍ ദിലീപ് പിന്നീട് ഒഴിഞ്ഞുമാറുകയാണുണ്ടായത്. ആദ്യം നടിയെ മാറ്റി കാവ്യമാധവനെ നായികയാക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ക്യാമറാമാന് ആനന്ദക്കുട്ടനുപകരം അളഗപ്പനെ വേണമെന്ന് ആവശ്യപ്പെട്ടു. സംഗീത സംവിധായകനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു.
ഇങ്ങനെ ഓരോ ദിവസവും ഓരോരുത്തരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിനിമ നീട്ടിക്കൊണ്ടുപോയപ്പോള്‍ സഹിക്കെട്ട് തുളസീദാസ് താന്‍ ഒരു പുതുമുഖ സംവിധായകനല്ലെന്ന് ദിലീപ് മനസ്സിലാക്കണമെന്ന് പറഞ്ഞു.
സിനിമ നീണ്ടതോടെ പണം കിട്ടിയില്ലെങ്കില്‍ തുളസീദാസിനെതിരെ കേസ് കൊടുക്കുമെന്ന് നിര്‍മ്മാതാവ് പറഞ്ഞു. ഇക്കാര്യം തുളസീദാസ് ദിലീപിനെയും ദിലീപുമായി ബന്ധപ്പെട്ടവരെയും അറിയിച്ചു. പിന്നീട് തുളസീദാസ് അറിയുന്നത് ദിലീപ് നിര്‍മ്മാതാവ് ഉള്ളാട്ടില്‍ ശശിയെ കണ്ട് സംവിധായകനെ വെട്ടി പുതിയ സിനിമയായ ക്രേസി ഗോപാലനുവേണ്ടി ധാരണയുണ്ടാക്കിയെന്നാണ്. നിര്‍മ്മാതാവ് പണം നഷ്ടപ്പെടാതിരിക്കാന്‍ ദിലീപുമായി സന്ധിചെയ്തു.
ദിലീപിനെതിരെ തുളസീദാസ് മാക്ട ഫെഡറേഷനില്‍ പരാതി കൊടുത്തു. പരാതി കൊടുക്കാന്‍ ഉപദേശിച്ചവരൊന്നും പിന്നീട് ഒപ്പം ഉണ്ടായില്ല. വിനയനെയും കലൂര്‍ ഡെന്നീസിനെയും ബൈജു കൊട്ടാരക്കരയെയുംപോലുള്ള ചുരുക്കംപേര്‍ മാത്രമാണ് ഒപ്പം നിന്നത്. ദിലീപിന്റെ അപ്രമാദിത്വത്തെ മറ്റുള്ളവര്‍ അംഗീകരിച്ചു.
തുളസീദാസിന് അഡ്വാന്‍സ് നല്കിയ നിര്‍മ്മാതാക്കള്‍വരെ പിന്‍വാങ്ങി. തുളസീദാസിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ താരങ്ങള്‍ തയ്യാറായില്ല. ദിലീപിനെതിരെ സംസാരിച്ചതിന്റെ പേരില്‍ വധഭീഷണിയുണ്ടായി. മൂന്നുവര്‍ഷമാണ് സിനിമയില്ലാതെ തുളസീദാസിന് വീട്ടിലിരിക്കേണ്ടിവന്നത്. ഇന്നും തുളസീദാസിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ പലര്‍ക്കും പേടിയാണ്.
സിനിമയിലെ ഈ അടക്കിവാഴല്‍ തന്നെയായിരുന്നു അമ്മയിലും ദിലീപ് നടത്തിയിരുന്നത്. ദിലീപിന്റെ വാക്കുകള്‍ തള്ളാന്‍ ഒരിക്കലും അമ്മയുടെ ഭാരവാഹികള്‍ ധൈര്യപ്പെട്ടില്ല. അമ്മ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചിരുന്നതും ദിലീപ് തന്നെയായിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു ദിലീപിന്റെ വിഷയം വന്നപ്പോള്‍ ഇന്നസെന്റും മുകേഷും ഗണേഷ്കുമാറും ദേവനുമെല്ലാം പ്രകോപിതരായതും സൂപ്പര്‍ താരങ്ങള്‍ മൗനം പാലിച്ചതും.
ഇന്ന് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയെന്നു പറയുന്നത് ദിലീപിന്റെ സ്വന്തം തീയേറ്റര്‍ സംഘടനയില്‍നിന്ന് ദിലീപിനെ പുറത്താക്കിയെന്നു പറയുന്നതിന് തുല്യമാണ്. ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങള്ക്കുവേണ്ടി നിലകൊള്ളേണ്ടിവന്ന അമ്മയെ മലയാളസിനിമയില്‍നിന്ന് പുറത്താക്കണമെന്ന് പറയാന്‍ ശക്തിയുള്ള ഏതെങ്കിലും ചലച്ചിത്രതാരങ്ങളുടെയോ സാങ്കേതികവിദഗ്ദ്ധരുടെയോ നിര്‍മ്മാതാക്കളുടെയോ കൂട്ടായ്മ ഇന്നുണ്ടാകുമോ. ദിലീപിന്റെ പെറ്റമ്മയാണ് ‘അമ്മ’. മറ്റുള്ളവര്‍ക്ക് പോറ്റമ്മയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: