ചലച്ചിത്ര മേഖലയില്‍ ഉരുണ്ടുകൂടിയ പ്രശ്നങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെയായിരിക്കുന്നു. ഒരു നടിക്കു നേരെ നടന്ന പീഡന സംഭവം ആദ്യം അണിയറയില്‍ മാത്രം ഒതുങ്ങിപ്പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഒരു നടനു നേരെ ആരോപണങ്ങള്‍ ഉന്നയിച്ച് തേജോവധം ചെയ്യുകയാണെന്നുവരെ ‘അമ്മ’ സംഘടനയിലെ ചിലര്‍ മാധ്യമങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടിയിരുന്നു.
അതില്‍ ജനപ്രതിനിധികള്‍ വരെ ഉണ്ടായി എന്നത് കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു. ഇരയ്ക്കൊപ്പമല്ല ചലച്ചിത്ര മേഖലയിലെ സംഘടനയെന്നും വേട്ടക്കാരനൊപ്പം ആഹ്ലാദിക്കുകയാണെന്നുമുള്ള വികാരം പൊതുവെ ഉയര്‍ന്നുവരാന്‍ ഇതു വഴിവെച്ചു.
എന്നാല്‍ സംഭവഗതികള്‍ ഒന്നൊന്നായി മാറിമറിയുകയും പ്രിയങ്കരനായ നടന് തന്നെ അറസ്റ്റിലാവുകയും ചെയ്തു.
ദിലീപ് എന്ന നടനുവേണ്ടി ആക്രോശത്തോടെ രംഗത്തുവന്ന സകലര്‍ക്കും ഇനി ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിക്കുന്ന വിധത്തിലാണ് അന്തരീക്ഷം മാറിയിരിക്കുന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഒരു യുവനടിയെ കൊല്ലാക്കൊലയ്ക്കു സമാനമായ രീതിയില്‍ പീഡിപ്പിക്കാന്‍ ഒരു കലാകാരന് തയാറായി എന്നത് മലയാളികള്‍ക്ക് മൊത്തം അപമാനമായിരിക്കുന്നു.
ചലച്ചിത്രമേഖലയില്‍ എല്ലാം നല്ല നിലയ്ക്ക് പോവുന്നുവെന്ന വിശ്വാസം ആര്‍ക്കുമില്ല. മറ്റെല്ലാ മേഖലയിലും ഏറിയും കുറഞ്ഞും നടക്കുന്നതുപോലെയുള്ള സംഭവങ്ങള്‍ ഈ മേഖലയിലുമുണ്ട്. അത് വളരെ ശക്തമാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു എന്നു മാത്രം.
വെള്ളിവെളിച്ചത്തിലെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുള്ളതിനാല്‍ അതിലെ ഓരോ ചലനത്തിനും പൊടിപ്പും തൊങ്ങലും ചാര്‍ത്തുക സ്വാഭാവികം. എന്നാല്‍ ഒരു നടന് തികഞ്ഞ ക്രിമിനല്‍ ബുദ്ധിയോടെ പെരുമാറുന്ന സാഹചര്യം ആര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നതായിരുന്നില്ല.
നേരത്തെ സംഭവഗതികളുടെ തുടക്കത്തില്‍ മുഖ്യമന്ത്രി തന്നെ ഇതിന്റെ പിന്നില്‍ ഗൂഢാലോചനയൊന്നുമില്ല എന്ന് പറഞ്ഞത് വ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. ഒടുവില്‍ കുറ്റവാളികള്‍ ഒന്നൊന്നായി വെളിച്ചത്തു വന്നു.
ഇക്കാര്യത്തില്‍ കേരള പൊലീസ് തന്ത്രപരമായ നീക്കങ്ങള്‍ തന്നെയാണ് നടത്തിയിരിക്കുന്നത്. അതില്‍ അവര്‍ക്ക് അഭിമാനിക്കാം. വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ കിട്ടുകയാണെങ്കില്‍ ഏതാണ്ട് 20 വര്‍ഷക്കാലം നടന് ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവരും. ഐപിസി 376, 411, 120 ബി, 342, 366 വകുപ്പുകള്‍ അനുസരിച്ചാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്.
ഇപ്പോള്‍ പതിനൊന്നാം പ്രതിയാണെങ്കിലും പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ സുനിക്ക് പിന്നില്‍ രണ്ടാം പ്രതിയാവും ദിലീപ്. രണ്ടാഴ്ചത്തേക്ക് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തിട്ടുമുണ്ട്. ചലച്ചിത്ര മേഖലയില്‍ മാഫിയകള്‍ എങ്ങനെ സൈ്വരവിഹാരം ചെയ്യുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഒരാള്‍ നിയമത്തിന്റെ പിടിയില്‍ പെട്ടതോടെ ആ മേഖല പൂര്‍ണമായി കുറ്റവിമുക്തമായി എന്നു കരുതാനാവില്ല.
അതിനെക്കാള്‍ കൊടിയ ക്രിമിനലുകള്‍ അണിയറയില്‍ പൂച്ചയെപ്പോലെ ഉറങ്ങുന്നുണ്ടാവാം. ഏതായാലും ഇതൊരു നല്ല അവസരമായി ‘അമ്മ’ എടുത്താല്‍ മക്കളൊക്കെ നന്നായി വളരും. ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള വമ്പന്‍ കേസുകളുമായി മുന്നോട്ടുപോകാം. ദിലീപിനെ അമ്മയുടെ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയത് സ്വാഭാവികം. പീഡിപ്പിക്കപ്പെട്ടയാളും പീഡകനും ‘അമ്മ’യുടെ മക്കളായതിനാല്‍ രക്ഷിക്കലും ഒരു ബാധ്യത തന്നെയായി കരുതി മുന്നോട്ടുപോകില്ല എന്ന് പ്രതീക്ഷിക്കാം.
പുതിയ സംഭവഗതികള്‍ക്കു പിന്നില്‍, കണ്ണീരുവീണ ഒട്ടേറെ കലാകാരന്മാരുടെ ശാപമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. ധാര്‍ഷ്ട്യത്തിന്റെ മുള്ളുവടികൊണ്ട് തിലകന് ഉള്‍പ്പെടെയുള്ളവരെ തല്ലി ചോര തെറിപ്പിച്ചവര്‍ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തണം. എന്തിനും പോന്ന അവകാശമല്ല ചലച്ചിത്രമേഖലയിലെ സാന്നിധ്യമെന്ന് അതിലെ ഓരോ കലാകാരനും മനസ്സിലാക്കണം.
ആ മേഖലയിലാകെ പടര്‍ന്നു പിടിച്ചിരിക്കുന്ന ക്യാന്‍സറിനുള്ള റേഡിയേഷന് ചികിത്സയായി ഈ കേസിനെ കണ്ടാല്‍ നന്മയുടെ വഴിയിലൂടെ യാത്ര ചെയ്യാം. അതല്ലെങ്കില്‍ ”വെല്‍കം ടു സെന്‍ട്രല്‍ ജയില്‍” എന്ന ചലച്ചിത്രത്തിന്റെ പേര് അന്വര്‍ത്ഥമാവും. ദിലീപിന് അറം പറ്റാനിടയായതും ആ പേര് തന്നെ. ചലച്ചിത്ര മേഖലയിലെ കള്ളനാണയങ്ങളെയും ക്രിമിനലുകളെയും തുടച്ചു നീക്കി അവിടെ യഥാര്‍ഥ വെള്ളിവെളിച്ചം പരക്കാന്‍ ഈ കേസും തുടര്‍ നടപടികളും ഇടവരുത്തട്ടെ എന്നാണ് കേരളത്തിന്റെ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: