കോഴിക്കോട്: ആള്‍പ്പാര്‍പ്പില്ലാത്ത റെയില്‍വെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ സ്ത്രീയുടെ അഴുകിയ ജഡം കണ്ടെത്തി. കോഴിക്കോട് റെയില്‍വെസ്റ്റേഷന് സമീപത്തെ ആര്‍എംഎസ് ഓഫീസിന് എതിര്‍വശത്തായി കാടുപിടിച്ച് കിടക്കുന്ന ക്വാര്‍ട്ടേഴ്‌സിനടുത്ത മുറിയിലാണ് ജഡം കണ്ടെത്തിയത്. രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെ പരിസരത്തുള്ളവര്‍ റെയില്‍വെ പൊലിസിനെ അറിയിക്കുകയും അവര്‍ ടൗണ്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. റെയില്‍വെ ട്രാക്ക് മെഷീന്‍ സ്റ്റാഫ് റസ്റ്റ് റൂമിന്റെ പിറക് വശത്തുള്ള ഒറ്റമുറിയിലാണ് ജഡം കിടന്നിരുന്നത്.
ചാക്കുകെട്ടുകളും മറ്റ് മാലിന്യങ്ങള്‍ക്കും മീതെയാണ് ഇതുണ്ടായിരുന്നത്. ഒരു മാസം പഴക്കമുള്ള ജഡത്തിന്റെ തലയോട്ടി വേര്‍പെട്ട നിലയിലാണ്. അടുത്തു തന്നെ നീളമുള്ള മുടിയും ധരിച്ചതായി കരുതുന്ന വസ്ത്ര ശകലങ്ങളും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീയുടേതാണ് ജഡമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധന നടത്തിയശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലിസ് അറിയിച്ചു. ടൗണ്‍ എസ്‌ഐ കെ. ഷിജുവിന്റെ നേതൃത്വത്തില്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹ ഭാഗങ്ങള്‍ ഒന്നിച്ചു കൂട്ടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. ജയ്‌ദേവ്, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.പി. അബ്ദുള്‍ റസാഖ്, കസബ സിഐ പ്രമോദ്, ആര്‍പിഎഫ് ഓഫീസര്‍ നിഷാന്ത് എന്നിവര്‍ സ്ഥലത്തെത്തി. ഫോറന്‍ സിക് സയിന്റിഫിക് ഓഫീസ ര്‍ വി. വിനീത്, വിരലടയാള വിദഗ്‌ദ്ധരായ കരീം, ശ്രീജയ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
















